house-of-the-dragon

TOPICS COVERED

'ഹൗസ് ഓഫ് ദി ഡ്രാഗണ്‍' വെബ് സീരിസ് മൂന്നാം സീസണ്‍ അവസാനിക്കുമ്പോള്‍ ഏറ്റവും ഫാന്‍ബേസുള്ള കഥാപാത്രം ഏതെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ, വെസ്റ്ററോസ് ചരിത്രത്തില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ടാര്‍ഗേറിയന്‍ കഥാപാത്രം എന്ന് ജോര്‍ജ് ആര്‍ആര്‍ മാര്‍ട്ടിന്‍ വിശേഷിപ്പിച്ച 'ഡേമന്‍ ടാര്‍ഗേറിയന്‍'. എപ്പോള്‍ എന്ത് ചെയ്യും എന്ന് ഒട്ടും പ്രവചിക്കാന്‍ പറ്റാത്ത വെസ്റ്റോറോസിലെ തന്നിഷ്ടക്കാരനായ രാജകുമാരന്‍. ആദ്യഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കഥാപാത്രം, ആരേയും കൊല്ലാന്‍ മടിയില്ലാത്ത കഥാപാത്രം, പക്ഷേ അയാള്‍ സ്കീനിലേക്ക് വരുമ്പോള്‍ പ്രേക്ഷകര്‍ ആകാംക്ഷാഭരിതരാവുന്നു. 

ഡേമന്‍ ഇത്രയും ജനപ്രീതി ആകര്‍ഷിക്കാനുള്ള ഒരു പ്രധാനകാരണം മാറ്റ് സ്മിത്ത് കൂടിയാണ്. ഹൗസ് ഓഫ് ദി ഡ്രാഗണ്‍ സീരിസിനായി കാസ്റ്റിങ് ആരംഭിച്ചപ്പോള്‍ തന്നെ മാറ്റ് സ്മിത്തിന്‍റെ വൈബുള്ള ഓരാളാവണം ഡേമന്‍ ടാര്‍ഗേറിയനാവേണ്ടതെന്ന് ഷോ റണ്ണര്‍മാര്‍ തീരുമാനിച്ചിരുന്നു. എങ്കില്‍ മാറ്റ് സ്മിത്തിനെ പോലൊരാള്‍ എന്തിനാണ്, മാറ്റ് സ്മിത്തിനെ തന്നെ കാസ്റ്റ് ചെയ്യാം എന്ന് തീരുമാനിക്കുന്നു. എന്നാല്‍ ആദ്യം ഈ ഓഫര്‍ മാറ്റ് നിരസിക്കുകയാണുണ്ടായത്. 'ഗെയിം ഓഫ് ത്രോണ്‍സ്' പോലെ വലിയ ലെഗസിയുള്ള ഫ്രാഞ്ചെസിന്‍റെ ഭാഗമാവുമ്പോഴുള്ള സ്വാഭാവികമായ ഉത്കണ്ഠ മാറ്റ് സ്മിത്തിനുമുണ്ടായിരുന്നു. എന്നാല്‍ നിര്‍മാതാക്കള്‍ക്ക് വിടാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല. അവര്‍ വീണ്ടും മാറ്റിനെ തേടിയെത്തി. 

'വിസേരിസ് രാജാവായി' പാഡി കോണ്‍സിഡൈന്‍ അഭിനയിക്കുന്നു എന്നത് മാറ്റിനെ ഷോയിലേക്ക് ആകര്‍ഷിച്ചു. പാഡിയുടെ വലിയ ആരാധകനായിരുന്ന മാറ്റിന് അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹമായിരുന്നു. 'ഗെയിം ഓഫ് ത്രോണ്‍സില്‍' 'ഡിനേരിസ് ടാര്‍ഗേറിയനാ'യി അഭിനയിച്ച എമിലിയ ക്ലാര്‍ക്കിന്‍റെ ഉപദേശവും മാറ്റ് തേടി. എമിലിയയും പച്ച കൊടി വീശി. ഇതോടെ ഷോയുടെ ഭാഗമാവാന്‍ മാറ്റ് സ്മിത്ത് തീരുമാനിച്ചു. 

ക്രൂവില്‍ ഏറ്റവും സ്റ്റാര്‍ വാല്യു ഉള്ള ആക്ടറാണെങ്കിലും മാറ്റിനും ഒഡിഷനുണ്ടായിരുന്നു. ഒഡിഷന്‍ കൂടി കഴിഞ്ഞപ്പോള്‍ നിര്‍മാതാക്കളുടെ തീരുമാനം ശരിയായി. ഇതാണ് ഞങ്ങൾ തേടിയ 'ഡേമൻ ടാർഗേറിയൻ'. പക്ഷേ അപ്പോഴും ഒരുവിഭാഗം പ്രേക്ഷകര്‍ക്ക് മാറ്റ് സ്മിത്തിന്‍റെ കാസ്റ്റിങ്ങില്‍ സംശയമുണ്ടായിരുന്നു. 'ഡോക്ടര്‍ ഹൂ'വിലെ 'ഇലവന്‍ത് ഡോക്ടര്‍', 'ദി ക്രൗണി'ലെ 'പ്രിന്‍സ് ഫിലിപ്പ്' എന്നിങ്ങനെയുള്ള കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ മാറ്റിന് 'ഡേമന്‍ ടാര്‍ഗേറിയനാ'വാന്‍ സാധിക്കുമോ എന്നതായിരുന്നു ഇവരുടെ സംശയം. മാത്രവുമല്ല, ബുക്കിലെ 'ഡേമന്‍റെ' ശാരീരിക സൗന്ദരത്തോടും പ്രത്യേകതകളോടും മാറ്റിന് സാദ്യശ്യമില്ലെന്നും ഇവര്‍ വാദിച്ചു. ഹെൻറി കാവിലിനെപ്പോലെയുള്ള ഒരാളെയാണ് ഡേമനായി കാണാൻ ആഗ്രഹിക്കുന്നതെന്നും ചിലർ പറഞ്ഞു.

Alson Read: ടാര്‍ഗേറിയന്‍സിന് മാത്രം പറ്റുന്നത്; ഡ്രാഗണ്‍ ബോണ്ടിന് പിന്നിലെ രഹസ്യം

എന്നാല്‍ ഷോ തുടങ്ങി ആദ്യത്തെ ഏതാനും എപ്പിസോഡുകളോടുകൂടെ തന്നെ മാറ്റ് സ്മിത്ത് വിമര്‍ശകരുടെ വായടപ്പിച്ചു.  മാറ്റല്ലാതെ മറ്റൊരാളെ 'ഡേമന്‍ ടാര്‍ഗേറിയനാ'യി സങ്കല്‍പ്പിക്കാനാവാത്ത വിധം അയാള്‍ ആ വേഷത്തില്‍ പകര്‍ന്നാടി. മാറ്റിന്‍റെ ചില എക്സ്പ്രഷനുകളും ഡയലോഗ് ഡെലിവറിയും 'ഡേമന്' കൂടുതല്‍ ജീവന്‍ നല്‍കി. 'കറാക്സസ് ഡ്രാഗണു'മായുള്ള ഡേമന്‍റെ ഡൈനാമിക്സും ആ കഥാപാത്രത്തിന്‍റെ ആരാധക പിന്തുണ വര്‍ധിപ്പിച്ചു. 

'ഡേമൻ ടാർഗേറിയനായി' മാറ്റ് സ്മിത്തിനെ കാസ്റ്റ് ചെയ്തത് ഷോ റണ്ണര്‍മാരുടെ ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നായി മാറി. ആ കഥാപാത്രത്തിന്റെ അപകടകരമായ സ്വഭാവവും അപ്രവചനീയതയും അധികാരമോഹവും അതിനുള്ളിലെ സങ്കീർണതകളുമെല്ലാം സ്ക്രീനിൽ മാറ്റ് സ്മിത്ത് ഗംഭീരമാക്കി. ഒടുവില്‍ 'മാറ്റ് സ്മിത്തിന് ഡേമനാകാൻ കഴിയുമോ?' എന്ന് ചോദിച്ചവര്‍ തന്നെ മാറ്റിപറഞ്ഞു, മാറ്റ് സ്മിത്തിനല്ലാതെ മറ്റൊരാൾക്ക് ഡേമനാകാൻ കഴിയുമോ?' 

ENGLISH SUMMARY:

As House of the Dragon progresses, Daemon Targaryen—hailed by George R.R. Martin as his favorite Targaryen in Westeros history—remains one of the series' most popular and unpredictable characters, brilliantly brought to life by Matt Smith. Initially, Smith hesitated to join the massive Game of Thrones franchise, but he was eventually persuaded by the opportunity to work alongside Paddy Considine (King Viserys)—whom he deeply admired—and following encouraging advice from Emilia Clarke. Despite early skepticism from fans who felt his physical appearance did not match the book's description and preferred actors like Henry Cavill, Smith quickly silenced critics with his stellar performance from the very first episodes. His distinct expressions, dialogue delivery, and dynamic bond with his dragon Caraxes cemented his portrayal, transforming initial doubts into a unanimous consensus that no one else could play Daemon Targaryen.