'ഹൗസ് ഓഫ് ദി ഡ്രാഗണ്‍ സീരിസി'ലെ പുതിയ എപ്പിസോഡില്‍ ഏറ്റവും വൈറലായ സീനുകളില്‍ ഒന്നാണിത്. ലേഡി ജെയ്ന്‍ ആരിനെ കണ്ട് മടങ്ങുന്ന ഡേമന്‍ ടാര്‍ഗേറിയനും അയാളുടെ ഡ്രാഗണായ കറാക്സസും തമ്മിലുള്ള ഇന്‍ററാക്ഷന്‍ ആതീവഹൃദ്യമയാണ് ഈ എപ്പിസോഡില്‍ കാണിച്ചിരിക്കുന്നത്. അനുസരണയില്ലാതെ കറാക്സസ് കുതറുന്നതും ഡേമന്‍ വഴക്ക് പറയുന്നതിലുമെല്ലാം കാണുമ്പോള്‍ അവര്‍ തമ്മിലുള്ള ബോണ്ട് മനസിലാവും. അപ്പോള്‍ സീരിസ് കാണുമ്പോള്‍ ആര്‍ക്കും തോന്നാവുന്ന സംശയമാണിത്, ഇത്ര വലിയ ഡ്രാഗണുകള്‍ എങ്ങനെയാണ് ഇത്രയും ചെറിയ മനുഷ്യനെ അനുസരിക്കുന്നത്. എന്തുകൊണ്ട് അവര്‍ ടാര്‍ഗേറിയന്‍സിനെ മാത്രം അനുസരിക്കുന്നു. ഡ്രാഗണുകള്‍ ശരിക്കും ടാര്‍ഗേറിയന്‍സിനെ അനുസരിക്കുന്നുണ്ടോ? ഒരു ഗ്രാമം മുഴുവന്‍ നിമിഷങ്ങള്‍ക്കകം ചാരമാക്കാന്‍ കഴിയുന്ന ഇത്രയും ശക്തിയുള്ള ജീവി, എങ്ങനെയാണ് ഒരു മനുഷ്യന്റെ വാക്ക് കേള്‍ക്കുന്നത്?
ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തണമെങ്കില്‍ ആദ്യം ഡ്രാഗണുകളെ മനസ്സിലാക്കണം. അവയുടെ ഉത്ഭവത്തിലേക്ക് പോകണം. ജോര്‍ജ് ആര്‍.ആര്‍.മാര്‍ട്ടിന്‍റെ 'സോങ് ഓഫ് ഐസ് ആന്‍ഡ് ഫയറിലെ' ഡ്രാഗണുകളുടെ ജനനം വൈരുദ്ധ്യങ്ങളും ഐതിഹ്യങ്ങളും നിറഞ്ഞ ഒരു രഹസ്യമാണ്. അതില്‍ ഏറ്റവും പ്രശസ്തമായ ഒരു സിദ്ധാന്തം പറയുന്നത്, പുരാതന വാലേരിയയിലെ മന്ത്രവാദികള്‍ രണ്ട് വ്യത്യസ്ത ജീവിവര്‍ഗ്ഗങ്ങളെ മന്ത്രവിദ്യയിലൂടെ കൂട്ടിച്ചേര്‍ത്താണ് ആദ്യത്തെ ഡ്രാഗണെ സൃഷ്ടിച്ചതെന്നാണ്. ഒന്ന്, വാലേരിയയിലെ അഗ്നിപര്‍വ്വതങ്ങളുടെ അടിയിലെ തുരങ്കങ്ങളില്‍ ജീവിച്ചിരുന്ന, തീ തുപ്പാന്‍ കഴിയുന്ന ഫയര്‍വേംസ്. മറ്റൊന്ന്, പറക്കാന്‍ കഴിയുന്ന വൈവര്‍ണുകള്‍. ഈ രണ്ട് ജീവികളേയും ബ്ലഡ് മാജിക്കിലൂടെ സംയോജിപ്പിച്ചാണ് ഡ്രാഗണുകള്‍ ഉണ്ടായതെന്നാണ് ആ വാദം.
വലേരിയൻ പെനിൻസുലയിലെ സജീവ അഗ്നിപർവ്വതങ്ങളില്‍ നിന്നും പ്രകൃതിദത്തമായി ഉണ്ടായവയാണ് ഡ്രാഗണുകൾ എന്നതാണ് മറ്റൊരു വിശ്വാസം. ആട്ടിടയന്മാരായിരുന്ന വലേരിയക്കാർ ഈ ഡ്രാഗണുകളുടെ താവളങ്ങൾ കണ്ടെത്തി മെരുക്കിയതാണെന്നും പറയപ്പെടുന്നു. ഇതിലേത് വാദമാണെങ്കിലും എങ്ങനെയോ ടാര്‍ഗേറിയന്‍ രക്തത്തെ തിരിച്ചറിയാന്‍ ഡ്രാഗണുകള്‍ക്ക് കഴിയുന്നുണ്ട്. തന്‍റെ മനുഷ്യനെ ഡ്രാഗണ്‍ തന്നെ ചൂസ് ചെയ്യുകയാണ്, ആ മനുഷ്യനുമായി നിഗൂഢമായ ഒരടുപ്പം അവര്‍ സ്ഥാപിക്കുന്നുണ്ട്. അതുകൊണ്ടാണ് റെയ്നിസ് ടാര്‍ഗേറിയന് ഒരിക്കലും ശബ്ദമുയര്‍ത്താതെ തന്നെ മേലിസിന് നിര്‍ദേശം കൊടുക്കാന്‍ കഴിഞ്ഞത്. റെനേരയുടെ പ്രസവസമയത്ത് സിറാക്സും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഡേമന് വേണ്ട സമയത്തൊക്കെ ഒരു ഭീഷണി പോലെ പിന്നില്‍ കറാക്സസ് വരാറുണ്ട്.
അതുകൊണ്ട് ഡ്രാഗണുകള്‍ പൂര്‍ണമായും നിയന്ത്രണത്തിലാണെന്ന് കരുതരുത്. ഉത്തരവുകള്‍ക്കായി കാത്തിരിക്കുന്ന അടിമകളോ പെറ്റ് ആനിമല്‍സോ അല്ല ഡ്രാഗണുകള്‍. റെയ്ന ടാര്‍ഗേറിയനുമായി ഷീപ്പ്സ്റ്റീലര്‍ ബോണ്ട് സ്ഥാപിച്ചത് അവളിലെ ടാര്‍ഗേറിയന്‍ ബ്ലഡ് തിരിച്ചറിഞ്ഞതുകൊണ്ടാണ്. പക്ഷേ, ജീവിതത്തില്‍ ഒരിക്കലും റൈഡറില്ലാതിരുന്ന ഒരു വൈല്‍ഡ് ഡ്രാഗണായതിനാല്‍ ഹൈ വലേരിയന്‍ കമാന്‍ഡുകള്‍ അതിന് മനസ്സിലായിരുന്നില്ല.
അറാക്സിനേയും ലുസേരിസ് വലേറിയനേയും ചവച്ചരച്ച് തുപ്പുമ്പോള്‍ ഏമണ്ട് പറഞ്ഞതൊന്നും വേഗാര്‍ അനുസരിച്ചിരുന്നില്ല. ഗെയിം ഓഫ് ത്രോണ്‍സിലെ ഡ്രോഗണും തന്നിഷ്ടക്കാരനായിരുന്നു. ഡ്രാഗണ്‍ ഒരു റൈഡറിനെ സ്വീകരിച്ചേക്കാം, അയാളുമായി ബോണ്ട് സ്ഥാപിച്ചേക്കാം, എന്നാല്‍ അവ പൂര്‍ണമായും ഒരിക്കലും നിയന്ത്രണത്തിലാവില്ല. അതിനാലാണ് വിസേരിസ് ടാര്‍ഗേറിയന്‍ പറഞ്ഞത്, “THE IDEA THAT WE CONTROL DRAGONS IS AN ILLUSION”, നാം ഡ്രാഗണുകളെ നിയന്ത്രിക്കുന്നു എന്ന ആശയം ഒരു മിഥ്യ മാത്രമാണ്.