2024ല്‍ ബോളിവുഡില്‍ നിന്നും ഇന്ത്യയില്‍ തരംഗമായ നെറ്റ്ഫ്ളിക്സ് സീരിസാണ് 'മിസ്മാച്ച്ഡ്. റോം കോം ജോണറിലെത്തിയ സീരിസും അതിലെ നായികാനായകന്മാരായ ഡിംപിളിനേയും ഋഷിയേയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. എന്നാല്‍ ഇരുവരുടേയും ബ്രേക്കപ്പില്‍ അവസാനിച്ച മൂന്നാം സീസണ്‍ പ്രേക്ഷകരെ നിരാശരാക്കിയിരുന്നു. തുടര്‍ സീസണുണ്ടാവമോയെന്നും വ്യക്തതയില്ലായിരുന്നു. പിന്നാലെ നാലാം സീസണ്‍ വരുമോ എന്ന് ചോദിച്ചും ഋഷിയേും ഡിംപളിനേയും ഒന്നിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും സോഷ്യല്‍ മീഡിയയില്‍ പല പ്രതികരണങ്ങളും വന്നിരുന്നു.
എന്നാലിനി 'മിസ്മാച്ച്ഡ്' ആരാധകര്‍ നിരാശപ്പെടേണ്ട, പ്രതീക്ഷക്ക് വകയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മിസ്മാച്ച്ഡ് നാലാം സീസണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്. സീരിസിന്‍റെ അവസാന സീസണായിരിക്കും അത്. ഫൈനല്‍ സീസണ്‍ അനൗണ്‍സ്മെന്‍റ് വിഡിയോ പുറത്തുവിട്ടിരിക്കുയാണ് നെറ്റ്ഫ്ളിക്സ്. ഡിംപിളും ഋഷിയും ബ്രേക്കപ്പായ മുംബൈയിലെ മറൈൻ ഡ്രൈവിൽ നിന്നാണ് പുതിയ സീസൺ ആരംഭിക്കുന്നത്.
ഗസൽ ധലിവാൾ രചന നിർവഹിക്കുന്ന ഈ സീസൺ സംവിധാനം ചെയ്യുന്നത് ദിവ്യാംഗ് തക്കറാണ്. പ്രാജക്ത കോലി, രോഹിത് സറഫ്, രൺവിജയ് സിംഗ, വിദ്യ മാൽവാഡെ, താരൂക്ക് റെയ്ന, ദേവയാനി ഷോറെ, മുസ്ക്കാൻ ജാഫേരി, അഭിനവ് ശർമ്മ എന്നിവരാണ് മുന്‍ സീസണുകളില്‍ അഭിനയിച്ചിരുന്നത്. ഇവരില്‍ ആരൊക്കെ ഫൈനല്‍ സീസണില്‍ എത്തുമെന്ന് കാത്തിരുന്ന് കാണണം.