ബോളിവുഡ് താരം ആയുഷ്മാൻ ഖുറാനയ്ക്ക് കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ ഭീഷണി സന്ദേശം. കോടികൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഓഡിയോ സന്ദേശമാണ് താരത്തിന് ലഭിച്ചതെന്ന് മുംബൈ പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സന്ദേശത്തിന് പിന്നിലുള്ളയാളുടെ ശബ്ദം പൊലീസ് റെക്കോർഡുകളിലുള്ള മറ്റ് കുറ്റവാളികളുടെ ശബ്ദസാമ്പിളുകളുമായി ഒത്തുനോക്കി വരികയാണ്. എന്നാൽ ഇതുവരെ ഔദ്യോഗികമായി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. ഭീഷണി ബിഷ്ണോയ് സംഘത്തിന്റേതാണോ അതോ പണം തട്ടിയെടുക്കാനായി ആരെങ്കിലും ഈ പേര് വ്യാജമായി ഉപയോഗിച്ചതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം നടന് തുഷാർ കപൂറിനും സമാനമായ രീതിയിൽ ഭീഷണി കോൾ ലഭിച്ചിരുന്നു. അഞ്ച് കോടിയായിരുന്നു തുഷാര്‍ കപൂറിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ പ്രാഥമിക അന്വേഷണത്തിൽ അത് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആയുഷ്മാൻ ഖുറാനയ്ക്കും ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്.
നടൻ ടൈഗർ ഷ്രോഫിന് നേരെ ജുഹുവിലുണ്ടായ വെടിവെപ്പിന് ശേഷം ബോളിവുഡ് താരങ്ങള്‍ക്ക് ബിഷ്ണോയ് സംഘത്തിന്റെ പേരിലുണ്ടാകുന്ന ഭീഷണികള്‍ വര്‍ധിക്കുകയാണ്.
കഴിഞ്ഞ ദിവസം അമിതാഭ് ബച്ചന്റെ വീടും ഗായകൻ ദിൽജിത് ദോസാൻജിന്റെ സംഗീത നിശയും ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തികൊണ്ട് മുംബൈ മേയറുടെ ഓഫിസിലേക്ക് ഇമെയിൽ വന്നിരുന്നു. ഒക്ടോബർ 31നും നവംബർ 27നും ഇടയിൽ ആക്രമണം നടത്തുമെന്നായിരുന്നു ഭീഷണി. ഭീഷണിയെ തുടർന്ന് പൊലീസ് അമിതാഭ് ബച്ചന്റെ മുംബൈ ജുഹുവിലുള്ള വസതിയായ ജൽസയ്ക്ക് ചുറ്റും സുരക്ഷ ശക്തമാക്കി. ഇതിന്റെ ഭാഗമായി അമിതാഭ് ബച്ചന് ആരാധകരെ കാണാൻ നാല് വശവും മൂടിയ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് പെട്ടിയിലാണ് വന്നത്.