തിയേറ്റര്‍ റിലീസ് സമയത്ത് തന്നെ പരിഹാസങ്ങളും ട്രോളുകളും വാരിക്കൂട്ടിയ ചിത്രമാണ് പരംസുന്ദരി. കേരളത്തേയും മലയാളികളെയും വികലമാക്കി ചിത്രീകരിച്ചതിന്‍റെ പേരിലാണ് പരംസുന്ദരി എയറിലായത്. ജാന്‍വി കപൂര്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയത്.
ചിത്രം ഇപ്പോള്‍ ഒടിടി റിലീസായി ആമസോണ്‍ പ്രൈമിലും എത്തിയിരിക്കുകയാണ്. ഒപ്പം ട്രോളും വ്യാപകം. മലയാളിയായ 'തേക്കപ്പെട്ട സുന്ദരി'യുടെ മലയാളം മനസിലാക്കാന്‍ ട്രാന്‍സിലേറ്റര്‍ വേണമെന്നാണ് പ്രേക്ഷകരുടെ ആവശ്യം. ജാന്‍വിയുടെ ചില ഡയലോഗുകള്‍ രണ്‍ജി പണിക്കര്‍ ആവര്‍ത്തിക്കുന്നതുകൊണ്ട് അത് മനസിലായി എന്നും ചിത്രം കണ്ടവര്‍ പറയുന്നു. സുന്ദരിയെക്കാള്‍ ഭേദം ശാലിനി ഉണ്ണികൃഷ്ണനാണെന്നും സോഷ്യല്‍ മീഡിയ കമന്‍റുകള്‍.
ആലപ്പുഴയിലാണ് കഥ നടക്കുന്നതെങ്കിലും കേരളത്തിലെ പ്രധാനടൂറിസം കേന്ദ്രങ്ങളെല്ലാം പരംസുന്ദരി കവര്‍ ചെയ്തിട്ടുണ്ട്. മിനിട്ടുകള്‍ കൊണ്ടാണ് നായികയും നായകനും ആലപ്പുഴയില്‍ നിന്നും അതിരപ്പള്ളിയിലേക്കും മൂന്നാറിലേക്ക് പോകുന്നത്. ചിത്രം കൊണ്ട് കേരളത്തിന് ആകെയുണ്ടായ ഗുണം ഒരു സൗജന്യ ടൂറിസം പ്രൊമോഷന്‍ കിട്ടി എന്നതാണ്. അതിരപ്പള്ളി, മൂന്നാര്‍, ഫോര്‍ട്ട് കൊച്ചി, ആന, കഥകളി, മോഹിനിയാട്ടം അങ്ങനെ കേരളത്തിനായുള്ള ടൂറിസം പരസ്യത്തിലെ എല്ലാ ഘടകങ്ങളും പരംസുന്ദരിയിലുണ്ട്.
റേഞ്ച് കിട്ടാത്ത, ഹൈവേയില്‍ പോലും വണ്ടി കിട്ടാന്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ട സ്ഥലമായാണ് കേരളത്തെ പരംസുന്ദരി ചിത്രീകരിച്ചിരിക്കുന്നത്. കേരളത്തിലെ ഏത് ഗ്രാമീണ പാതയിലും വണ്ടി കിട്ടുമെന്ന് കേരളത്തില്‍ വന്ന് ഷൂട്ട് ചെയ്പ്പോള്‍ പോലും സിനിമയുടെ സംവിധായകന് മനസിലായില്ലേ. ഇവിടേയും ഷോര്‍ട്സ് ഇട്ട് നടക്കുന്നവരുണ്ടെന്നും സംസ്കാരം പറഞ്ഞ് വഴിയിലൂടെ പോകുന്നവരുടെ വസത്രം നിര്‍ബന്ധിച്ച് മാറ്റില്ലെന്നും ട്രോളന്മാര്‍ പറയുന്നു. ഏത് ആഘോഷവേളകളിലും ചെത്ത് കള്ള് കുടിക്കുന്നവരല്ല മലയാളികള്‍, ഇവിടുത്തെ സ്ത്രീകള്‍ ദിവസവും മുല്ലപ്പൂവും ചൂടില്ല, ദിവസവും തെങ്ങില്‍ കയറാറുമില്ല.
ഇതെല്ലാം സഹിക്കാം, എന്നാല്‍ വള്ളം തുഴയുമ്പോള്‍ ആവേശം കൂടാന്‍ പാട്ട് പാടണമെന്ന് മലയാളികളെ പഠിപ്പിക്കാന്‍ ഹിന്ദിക്കാരന്‍ നായകന്‍ വേണ്ടിവന്നു എന്ന് കാണിച്ചത് മലയാളികള്‍ക്ക് ക്ഷമിക്കാന്‍ പറ്റില്ല, അതും ഹിന്ദിപ്പാട്ട്. നമുക്ക് വഞ്ചിപ്പാട്ട് എന്നൊരു ഗാനശാഖ ഉണ്ടെന്ന് പരംസുന്ദരി അണിയറക്കാരെ ഓര്‍മിപ്പിക്കുന്നു.