അമേരിക്കൻ സിനിമാ നിർമാണ കമ്പനിയായ വാർണർ ബ്രദേഴ്‌സ് ഡിസ്കവറിയുടെ ടിവി, ഫിലിം സ്റ്റുഡിയോകളും സ്ട്രീമിങ് വിഭാഗവും ഏറ്റെടുക്കാന്‍ ഒടിടി– സ്ട്രീമിങ് ഭീമനായ നെറ്റ്ഫ്ലിക്സ്. 72 ബില്യൺ ഡോളറിനാണ് (ഏകദേശം 5.9 ലക്ഷം കോടി രൂപ) വാർണർ ബ്രോസിനെ നെറ്റ്ഫ്ലിക്സ് ഏറ്റെടുക്കുന്നത്. വെള്ളിയാഴ്ച പ്രഖ്യാപിച്ച കരാറോടെ ഹോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ളതും പഴക്കമുള്ളതുമായ ആസ്തികളിലൊന്നിന്റെ നിയന്ത്രണം ഭീമനായ നെറ്റ്ഫ്ലിക്സിന്റെ കൈകളിലെത്തും.
ആഴ്ചകൾ നീണ്ടുനിന്ന ലേല യുദ്ധത്തിന് ശേഷമാണ് നെറ്റ്ഫ്ലിക്സ് ചരിത്രപരമായ വിജയം നേടിയത്. ഒരു ഓഹരിക്ക് ഏകദേശം 28 ഡോളര്‍ എന്ന നിരക്കിൽ ഓഫർ നൽകിയാണ് നെറ്റ്ഫ്ലിക്സ് വാർണർ ബ്രദേഴ്‌സിനെ സ്വന്തമാക്കുന്നത്. വാർണർ ബ്രദേഴ്സ് ഡിസ്കവറിക്ക് വേണ്ടി പാരാമൗണ്ട് സ്കൈഡാൻസും രംഗത്തെത്തിയിരുന്നു. എന്നാല്‍ പാരാമൗണ്ടിന്‍റെ ഓഹരിയൊന്നിന് 24 ഡോളര്‍ എന്ന ബിഡ്ഡിനെ മറികടന്നാണ് നെറ്റ്ഫ്ലിക്സ് വാർണർ ബ്രദേഴ്‌സിനെ സ്വന്തമാക്കുന്നത്. വ്യാഴാഴ്ച വാർണർ ബ്രോസ് ഡിസ്കവറിയുടെ ഓഹരികൾ 24.5 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ കമ്പനിയുടെ ഓഹരികളുടെ വിപണി മൂല്യം 61 ബില്യൺ ഡോളറായി.
ഗെയിം ഓഫ് ത്രോൺസ്, ഡിസി കോമിക്സ്, ഹാരി പോട്ടർ തുടങ്ങി വമ്പൻ ഫ്രാഞ്ചൈസികളാണ് ഇതിലൂടെ നെറ്റ്ഫ്ലിക്സിന് സ്വന്തമാകുക. സ്ട്രീമിങ് സേവനമായ എച്ച്ബിഒ മാക്സും നെറ്റ്ഫ്ലിക്സിന്‍റെ കൈകളിലെത്തും. ഇത് ഹോളിവുഡിലെ അധികാര സമവാക്യങ്ങളെ നെറ്റ്ഫ്ലിക്സിന് കൂടുതൽ അനുകൂലമാക്കും. വലിയ ഏറ്റെടുക്കലുകളോ വിപുലമായ കണ്ടന്‍റുകളോ ഇല്ലാതെയാണ് സ്ട്രീമിങ് ഭീമനായ നെറ്റ്ഫ്ലിക്സ് ലോകത്ത് ആധിപത്യം സ്ഥാപിക്കുന്നത്. ഈ ഏറ്റെടുക്കലിലൂടെ വാൾട്ട് ഡിസ്നിയുടെയും പാരാമൗണ്ടിന്റെയും വെല്ലുവിളികളെ പ്രതിരോധിക്കാന്‍ നെറ്റ്ഫ്ലിക്സ് കൂടുതല്‍ സജ്ജരാകുകയാണ്. ദീർഘകാലത്തേക്ക് ജനപ്രിയ ഷോകളുടെയും സിനിമകളുടെയും അവകാശം സ്വന്തമാക്കാനും മറ്റ് സ്റ്റുഡിയോകളെ ആശ്രയിക്കുന്നത് കുറയ്ക്കാനുമുള്ള നെറ്റ്ഫ്ലിക്സിന്റെ താൽപ്പര്യമാണ് ഈ കരാറിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോകത്തെ രസിപ്പിക്കുക എന്നതായിരുന്നു എല്ലായ്പ്പോഴും തങ്ങളുടെ ദൗത്യമെന്നും കാസബ്ലാങ്ക, സിറ്റിസൺ കെയ്ൻ പോലുള്ള ക്ലാസിക്കുകൾ മുതൽ ഹാരി പോട്ടർ, ഫ്രണ്ട്സ് തുടങ്ങിയ ആധുനിക ഹിറ്റുകൾ വരെയുള്ള വാർണർ ബ്രോസിന്റെ സിനിമകളുടെയും ഷോകളുടെയും ശേഖരം തങ്ങളുടെ ജനപ്രിയ ടൈറ്റിലുകളുമായി സംയോജിപ്പിക്കുമ്പോൾ, ആ ദൗത്യം കൂടുതൽ മികച്ച രീതിയിൽ നിറവേറ്റാൻ കഴിയുമെന്നും നെറ്റ്ഫ്ലിക്സ് കോ-സിഇഒ ടെഡ് സരൻഡോസ് പറഞ്ഞു. പ്രേക്ഷകർക്ക് അവർ ഇഷ്ടപ്പെടുന്ന കൂടുതൽ ഷോകള്‍ ഒരിടത്ത് നല്‍കാനും സ്റ്റോറി ടെല്ലിങിനെ മറ്റൊരു തലത്തിലേക്കെത്തിക്കാനും ഇത് സഹായിക്കുമെന്ന് നെറ്റ്ഫ്ലിക്സ് കോ-സിഇഒ ഗ്രെഗ് പീറ്റേഴ്‌സ് കൂട്ടിച്ചേർത്തു. സേവനങ്ങളെയും ബിസിനസിനെയും ഒരുപോലെ ഈ ഏറ്റെടുക്കല്‍ മെച്ചപ്പെടുത്തുമെന്ന് ഇരുവരും വ്യക്തമാക്കി.
അതേസമയം, കരാറിന് റെഗുലേറ്ററി അംഗീകാരം ലഭിക്കേണ്ടതുണ്ട്. കുറഞ്ഞ ചെലവിൽ എച്ച്.ബി.ഒ മാക്സ്, നെറ്റ്ഫ്ലിക്സ് സേവനങ്ങൾ ഒരുമിച്ചു നൽകാനാണ് പദ്ധതിയെന്നും നെറ്റ്ഫ്ലിക്സ് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. വാർണർ ബ്രദേഴ്‌സ് ഏറ്റെടുത്താലും സിനിമകൾ ബിഗ് സ്ക്രീനില്‍ റിലീസ് ചെയ്യുന്നത് തുടരുമെന്നും നെറ്റ്ഫ്ലിക്സ് ഹോളിവുഡിന് വാഗ്ദാനം നല്‍കിയിട്ടുണ്ട്.