ലോകമെമ്പാടുമുള്ള സ്ട്രീമിങ് പ്രേമികളെ ആശങ്കയിലാഴ്ത്തിക്കൊണ്ട്, പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് തകരാറില്‍. ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ് ആപ്ലിക്കേഷനുകളിൽ പലതരം സാങ്കേതിക പ്രശ്നങ്ങളും സേവനങ്ങൾ ലഭ്യമാകാത്ത അവസ്ഥയും അനുഭവപ്പെട്ടു. സർവീസ് തടസ്സപ്പെട്ടതോടെ, ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഉപയോക്താക്കളാണ് സോഷ്യൽ മീഡിയ വഴി പരാതികളുമായി രംഗത്തെത്തിയത്. ഡൗൺ ഡിറ്റക്ടർ പോലുള്ള വെബ്‌സൈറ്റുകളിലും തകരാർ റിപ്പോർട്ട് ചെയ്തവര്‍ ഒരുപാടാണ്.
നെറ്റ്ഫ്ലിക്സിന്‍റെ ഏറ്റവും ജനപ്രിയമായ പരമ്പരകളിൽ ഒന്നായ 'സ്‌ട്രേഞ്ചർ തിങ്‌സ്' സീസൺ 5 ന്‍റെ പ്രീമിയറിന് തൊട്ടുമുമ്പായിരുന്നു പ്രശ്നം. ഏറെ ആകാംഷയോടെ കാത്തിരുന്ന ആരാധകർക്ക് പുതിയ എപ്പിസോഡുകൾ സമയത്തിന് കാണാൻ കഴിയുമോ എന്ന ആശങ്കയുമുണ്ടായി. സാധാരണയായി പുതിയ സീസണുകൾ റിലീസ് ചെയ്യുമ്പോൾ കൂടുതൽ ഉപഭോക്താക്കൾ ഒരേ സമയം പ്ലാറ്റ്‌ഫോമിൽ പ്രവേശിക്കുന്നത് നെറ്റ്ഫ്ലിക്സ് സെർവറുകളിൽ ലോഡ് കൂട്ടാറുണ്ട്. ഈ തകരാറിന് പിന്നിൽ ഇതും ഒരു കാരണമായേക്കാം എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.
അതേസമയം, പ്രശ്നം പെട്ടെന്ന് പരിഹരിക്കാൻ നെറ്റ്ഫ്ലിക്സ് ഉടൻതന്നെ ശ്രമം തുടങ്ങുകയും ചെയ്തു. പ്രശ്നം പരിഹരിക്കാൻ വേണ്ടി തങ്ങൾ പ്രവർത്തിക്കുകയാണെന്നും, ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും നെറ്റ്ഫ്ലിക്സ് അറിയിച്ചു. കുറച്ച് മണിക്കൂറുകൾക്ക് ശേഷം നെറ്റ്ഫ്ലിക്സ് വീണ്ടും സാധാരണ നിലയിലായി. എങ്കിലും, പ്രധാനപ്പെട്ട റിലീസുകൾക്ക് തൊട്ടുമുമ്പ് വരുന്നതിന് തൊട്ടുമുമ്പുണ്ടായ സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന പ്രതിസന്ധി എത്രത്തോളം വലുതായിരിക്കും എന്നതിന് ഉദാഹരണമാണ് നിലവിലുണ്ടായ തകരാര്‍.
സയന്‍സ് ഫിക്ഷന്‍ സീരീസ് ആരാധകരുടെ എക്കാലത്തെയും പ്രിയ്യപ്പെട്ട ഷോയാണ് ‘സ്ട്രേഞ്ചർ തിങ്സ്’. സീരീസിന്‍റെ അവസാന സീസണിന്‍റെ ഒന്നാംഭാഗമാണ് നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിങ് ആരംഭിച്ചത്. രണ്ടാം ഭാഗം ഡിസംബർ 25 ന് പുറത്തിറങ്ങും. 2016 ലാണ് ‘സ്ട്രേഞ്ചർ തിങ്സ്’ സംപ്രേക്ഷണം ആരംഭിക്കുന്നത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരാണ് ഫൈനലിവായി കാത്തിരിക്കുന്നത്.