തിയേറ്ററില്‍ മിസ് ചെയ്ത സിനിമകളുണ്ടോ? അല്ലെങ്കില്‍ തിയേറ്ററില്‍ കണ്ട് വീണ്ടും കാണാനാഗ്രഹിക്കുന്ന സിനിമകളുണ്ടോ? വിഷമിക്കണ്ട, ഒരുകൂട്ടം മലയാളം സിനിമകളാണ് ഈ ആഴ്ച ഒടിടിയില്‍ റിലീസ് ചെയ്യുന്നത്. പ്രേക്ഷകര്‍ വീണ്ടും കാണാനാഗ്രഹിക്കുന്ന ഈ ആഴ്ചത്തെ ഒടിടി റിലീസുകള്‍ ഏതൊക്കെ എന്ന് നോക്കാം.
സര്‍ക്കീട്ട്
ആസിഫ് അലി നായകനായെത്തി തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രമാണ് സർക്കീട്ട്. കുട്ടികളിലെ എഡിഎച്ച്ഡിയെ പറ്റി സംസാരിച്ച ചിത്രത്തിലെ ബാലതാരം ഒര്‍ഹാന്‍റെ പ്രകടനവും ഗംഭീര പ്രതികരണം നേടിയിരുന്നു. താമര്‍ സംവിധാനം ചെയ്ത സര്‍ക്കീട്ട് സെപ്റ്റംബർ 26 മുതൽ ഒടിടി റിലീസിനൊരുങ്ങുകയാണ്. മനോരമ മാക്സിലൂടെയാണ് ചിത്രമെത്തുക.
ഹൃദയപൂര്‍വ്വം
ഒരു ഇടവേളയ്ക്ക് ശേഷം മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലെത്തിയ ചിത്രമാണ് ഹൃദയപൂർവ്വം. തിയറ്ററുകളിൽ മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവച്ചത്. 50 കോടിയിലധികം തിയറ്ററുകളിൽ കളക്ട് ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലാണ് ഹൃദയപൂര്‍വ്വം സ്ട്രീം ചെയ്യുക. സെപ്റ്റംബർ 26 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുമതി വളവ്
അർജുൻ അശോകൻ നായകനായെത്തിയ ചിത്രമാണ് സുമതി വളവ്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഹൊറര്‍ കോമഡിയായി എത്തിയ ചിത്രത്തില്‍ ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, ശിവദ എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ഈ മാസം 26 മുതൽ ചിത്രം സീ 5 ലൂടെ സ്ട്രീമിങ് ആരംഭിക്കും.
ഓടും കുതിര ചാടും കുതിര
ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ റൊമാന്‍റിക് കോമഡി ചിത്രമാണ് ഓടും കുതിര ചാടും കുതിര. അൽത്താഫ് സലിം സംവിധാനം ചെയ്ത ചിത്രം ഓണം റിലീസ് ആയാണ് തിയേറ്ററുകളിലെത്തിയത്. ഈ മാസം 26 മുതല്‍ ചിത്രം നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിങ് ആരംഭിക്കും.