സംശയം ഒരു രോഗമാണെന്നൊക്കെ പറയാറുണ്ട്. പക്ഷേ രോഗമൊന്നുമല്ലാത്ത, നമുക്കൊക്കെ എപ്പോഴും സംഭവിക്കാറുള്ള ഒരു സാധാരണ സംശയത്തിന് എത്ര പവറുണ്ട്? ഒരുനിമിഷം തോന്നിയ അത്തരമൊരു സംശയം ഒരു കുടുംബത്തിന്‍റെ അടിത്തറ തന്നെ ഇളക്കിമറിക്കുന്ന കഥയാണ് രാജേഷ് രവി സംവിധാനം ചെയ്ത ‘സംശയം’ എന്ന ചിത്രത്തിന്‍റേത്. ക്രൈം ത്രില്ലറുകളുടെ തള്ളിക്കയറ്റത്തില്‍ നഷ്ടപ്പെട്ടുപോയെന്ന് കരുതിയ സ്വാഭാവിക ഹാസ്യത്തിന്‍റെ തിരിച്ചുവരവ് കൂടിയാണ് മനോരമ മാക്സില്‍ ഇപ്പോള്‍ സ്ട്രീം ചെയ്യുന്ന ‘സംശയം’. വിനയ് ഫോര്‍ട്ട്, ലിജോമോള്‍ ജോസ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മനോജൻ (വിനയ് ഫോർട്ട്) എന്ന സാധാരണക്കാരനായ കോഫി ഹൗസ് ജീവനക്കാരന്റെയും ഭാര്യ വിമലയുടെയും (ലിജോമോൾ ജോസ്) സന്തോഷകരമായ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് വരുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. എന്നാൽ, കുഞ്ഞിന് ഒന്നര വയസ്സായപ്പോൾ വിമലയുടെ മനസിൽ ഒരു സംശയം ഉടലെടുക്കുന്നു. ഈ സംശയം മനോജനെ വല്ലാതെ അസ്വസ്ഥനാക്കുന്നു. അതിന്റെ സത്യാവസ്ഥ കണ്ടെത്താനുള്ള അയാളുടെ യാത്ര പല അപ്രതീക്ഷിത വഴികളിലൂടെയും നീങ്ങുന്നു.
ഈ യാത്രയിൽ, ഹാരിസ് (ഷറഫുദ്ദീൻ), ഫൈസ (പ്രിയംവദ കൃഷ്ണൻ) ദമ്പതികളുടെ ജീവിതത്തിലേക്കും മനോജന്റെ അന്വേഷണം കടന്നുചെല്ലുന്നു. വിനയ് ഫോർട്ടിന്റെ അസാധാരണമായ പ്രകടനം ഈ സിനിമയുടെ പ്രധാന ആകർഷണമാണ്. ഒരു സാധാരണക്കാരന്റെ സംശയവും അത് അയാളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളും വിനയ് ഫോർട്ട് വളരെ സ്വാഭാവികമായി അവതരിപ്പിച്ചിരിക്കുന്നു. സിദ്ദിഖ്, കുഞ്ഞികൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.
സാമൂഹിക പ്രസക്തിയുള്ള വിഷയത്തെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കാനുള്ള സംവിധായകൻ രാജേഷ് രവിയും ശ്രമം ഏറെ പ്രശംസ പിടിച്ചുപറ്റി. രാജേഷ് രവിയും സനു മജീദും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. 1895 സ്റ്റുഡിയോസിന്റെ ബാനറിൽ സുരാജ് പി.എസ്, ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്നാണ് നിർമ്മാണം. ക്യാമറ – മനീഷ് മാധവന്‍. ലിജോ പോൾ എഡിറ്റിംഗും ഹിഷാം അബ്ദുൽ വഹാബ് സംഗീതവും കൈകാര്യം ചെയ്തിരിക്കുന്നു. ദിലീപ് നാഥ് ആണ് കലാസംവിധായകന്‍. ജയദേവൻ ചക്കാടത്ത് സൗണ്ട് ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നു. 'സംശയം' എന്ന തലക്കെട്ട് എല്ലാത്തരത്തിലും അന്വർത്ഥമാക്കുന്നതാണ് സിനിമയുടെ ഗതി. മനോരമ മാക്സിലൂടെ ഇപ്പോൾ ഈ ചിത്രം പ്രേക്ഷകർക്ക് കാണാം.