ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നാല്‍ മുസ്ലിം ലീഗ് മാവോയിസ്റ്റ് കോണ്‍ഗ്രസാണെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടി, ഫെയ്സ്ബുക്ക് പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. കുടുംബക്കാർ എല്ലാവരും കൂടെ കേരളം പിടിക്കാൻ ഇറങ്ങിയേക്കുവാ എന്ന ക്യാപ്ഷനോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര ആർലേക്കറും ഒന്നിച്ച് നില്‍ക്കുന്ന ചിത്രവും അബിന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു. 

കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന്‍റെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കടുത്ത വാക്കുകളുമായെത്തിയിരുന്നു.  വിഭജന രാഷ്ട്രീയവും വര്‍ഗീയ വിഷപ്രചാരണവും വിലപ്പോവില്ലെന്നാണ് സതീശന്‍ പ്രതികരിച്ചത്. വര്‍ഗീയ ശക്തികളെ കുഴിച്ചുമൂടാന്‍ യുഡിഎഫ് ഏതറ്റം വരെയും പോകുമെന്നും യുഡിഎഫിന്‍റെ മതേതര കാഴ്ചപ്പാടിന് മോദിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. 

'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തില്‍ വരാനും ഔദോഗിക പരിപാടികളിലും പാര്‍ട്ടി പരിപാടികളിലും പങ്കെടാക്കാനുമുള്ള എല്ലാ അവകാശവുമുണ്ട്. എന്നാല്‍ മഹാരഥന്മാര്‍ ഇരുന്ന പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്ന് പച്ചയ്ക്ക് വര്‍ഗീയത വിളിച്ചു പറയുന്നത് ആപത്കരമാണ്. അത് ഇന്ത്യയെന്ന മഹനീയമായ ആശയത്തെയും രാജ്യത്തിന്റെ മൂല്യങ്ങളെയും വികലമാക്കുന്നതിന് തുല്യമാണ്. 

രാജ്യത്തിന്‍റെ വികസന നേട്ടങ്ങള്‍ ഒന്നും മോദിക്ക് പറയാനില്ല. രാജ്യത്തിന്റെ ഭാവിയെ കുറിച്ചോ കേരളത്തിന്റെ മുന്‍ഗണനാ ക്രമങ്ങളെ കുറിച്ചോ പറയാന്‍ നാവനക്കിയില്ല. പകരം പറയുന്നത് വര്‍ഗീയത മാത്രം. കേരളത്തില്‍ ബി.ജെ.പിയുടേയും സംഘപരിവാറിന്റെയും തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായി. പക്ഷെ ഇത് മതേതര കേരളമാണെന്ന് മോദിക്കും ബിജെപിക്കും ഉടന്‍ ബോധ്യമാകും. പല സംസ്ഥാനങ്ങളിലും പയറ്റുന്ന വിഭജന രാഷ്ട്രീയവും വര്‍ഗീയ വിഷ പ്രചരണവും കേരളത്തിന്റെ മണ്ണില്‍ വിലപ്പോകില്ല.കോണ്‍ഗ്രസിന്റേയും ലീഗിന്റെയും യുഡിഎഫിന്റെയും മുന്‍ഗണനാ പട്ടികയില്‍ ആദ്യത്തേത് മതേതരത്വം സംരക്ഷിക്കുക എന്നതാണ്. വര്‍ഗീയ ശക്തികളെ ഈ മണ്ണില്‍ കുഴിച്ചു മൂടാനും മതേതരത്വം സംരക്ഷിക്കാനും ഏതറ്റം വരെയും പോകും. നാല് വോട്ടിന് വേണ്ടിയോ ഒരു തിരഞ്ഞെടുപ്പ് ജയിക്കാനോ വര്‍ഗീയതയെ താലോലിക്കുന്ന നെറികെട്ട നയം കോണ്‍ഗ്രസിനോ യുഡിഎഫിനോ ഇല്ല'-  പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

Kerala politics are currently tense following allegations of communal division. The statements made by political leaders have sparked controversy and debate regarding secularism and political strategies in Kerala.