തിയേറ്ററുകളിലും സോഷ്യലിടങ്ങളിലുമായി മികച്ച അഭിപ്രായങ്ങള്‍ നേടി ഒട്ടേറെ ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടി റിലീസിന് ഒരുങ്ങുന്നത്. മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍, മൂണ്‍വാക്ക്, നരിവേട്ട അങ്ങനെ ഒട്ടേറെ മലയാളം ചിത്രങ്ങളും ഒടിടിയിലേക്ക് എത്തുന്നു. ഈ ആഴ്ച ഒടിടിയിലെത്തുന്ന മലയാളം ചിത്രങ്ങളേതൊക്കെ? നോക്കാം.
മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്ലര്
ഇന്ദ്രജിത്ത്, അനശ്വര രാജന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി ചിത്രമാണ് മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്ലര്. ദീപു കരുണാകരന്‍ സംവിധാനം ചെയ്ത ചിത്രം മെയ് 23നാണ് തിയേറ്ററുകളിലെത്തിയത്. ഡയാന ഹമീദ്, റോസിന്‍ ജോളി, ബിജു പപ്പന്‍, രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം ജൂലൈ 11 മുതല്‍ മനോരമ മാക്സില്‍ സ്ട്രീം ചെയ്തുതുടങ്ങും.
മൂണ്‍വാക്ക്
അടുത്തിടെ മൗത്ത് പബ്ലിസിറ്റിയിലൂടെ മികച്ച അഭിപ്രായം നേടിയ ചിത്രമാണ് മൂണ്‍വാക്ക്. എന്നാല്‍ തിയേറ്ററുകളില്‍ ചിത്രത്തിന് അധികനാള്‍ തുടരാനായിരുന്നില്ല. ബ്രേക്ക് ഡാന്‍സിന്‍റെ പശ്ചാത്തലത്തില്‍ പുതുമുഖങ്ങള്‍ അണിനിരന്ന ചിത്രമാണ് മൂണ്‍വാക്ക്. ജൂണ്‍ എട്ട് മുതല്‍ ജിയോ ഹോട്ട് സ്റ്റാറില്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
നരിവേട്ട
മുത്തങ്ങ സമരത്തിന്‍റെ പശ്ചാത്തലത്തില്‍ അനുരാജ് മോഹന്‍ സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായ ചിത്രമാണ് നരിവേട്ട. മികച്ച അഭിപ്രായം നേടിയ ചിത്രം തിയേറ്ററുകളിലും വിജയിച്ചിരുന്നു. പ്രിയംവദ, സുരാജ് വെഞ്ഞാറമൂട്, തമിഴ്നടന്‍ ചേരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു. ജൂലൈ 11 മുതല്‍ സോണി ലിവിലൂടെ നരിവേട്ട സ്ട്രീമിങ് ആരംഭിക്കും.
ഡിറ്റക്ടീവ് ഉജ്ജ്വലന്‍
വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമായി പുറത്തുവന്ന ചിത്രമാണ് ഡിറ്റക്ടീവ് ഉജ്ജ്വലന്‍. ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടിയിരുന്നു. ചിത്രം ഉടന്‍ ഒടിടി റിലീസ് ചെയ്യുമെന്നും നെറ്റ്ഫ്ളിക്സിലാവും സ്ട്രീമിങ് ആരംഭിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അതേസമയം ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.