ouseppachan-rahman

TOPICS COVERED

സമൂഹമാധ്യമങ്ങളിൽ എഐ ശബ്ദത്തിലും റീലുകളിലും തരംഗമായ 'അന്തിമാലൈ കോയിൽ വന്തേൻ' എന്ന തമിഴ് ഗാനത്തിന്റെ അവകാശവാദം ചർച്ചയാവുകയാണ്. ഗാനം എ.ആർ.റഹ്മാന്റേതാണെന്നാണ് പ്രചരിക്കുന്നത്. എന്നാൽ യഥാർഥ അവകാശിയാകട്ടെ സംഗീത സംവിധായകൻ ഔസേപ്പച്ചനാണ്. താനാണ് ഈ ഗാനത്തിന്റെ യഥാർഥ സംഗീത സംവിധായകൻ എന്നും എ.ആർ.റഹ്മാൻ ആ ഗാനത്തിൽ കീബോർഡ് വായിക്കുക മാത്രമാണ് ചെയ്തതെന്നും മനോരമ ന്യൂസിനോട് ഔസേപ്പച്ചൻ പറഞ്ഞു. 

1989-ൽ പുറത്തിറങ്ങിയ മലയാള ആൽബത്തിന്റെ തമിഴ് പതിപ്പാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും ഇതിന് പിന്നിൽ വർഷങ്ങൾ പഴക്കമുള്ള കഥയുണ്ടെന്നും ഔസേപ്പച്ചൻ പറയുന്നു. ‘89-ലാണ് ഈ പാട്ട് റെക്കോർഡ് ചെയ്തത്. സെപ്റ്റ്യൂൺ എന്ന കമ്പനിക്ക് വേണ്ടി മഹേഷ് ജോർജ് എന്ന വ്യക്തിയാണ് എന്നെ സമീപിക്കുന്നത്. 'വെൽക്കം 1990' എന്ന ആൽബമായിരുന്നു അത്. എനിക്ക് എപ്പോഴും എന്തെങ്കിലും പുതിയ പരീക്ഷണങ്ങൾ നടത്തണമെന്ന ആഗ്രഹമുണ്ടായിരുന്നു. ലൈവ് പ്ലേയിങ് ഇല്ലാതെ, കമ്പ്യൂട്ടർ സീക്വൻസ് ഉപയോഗിച്ച് ആദ്യമായി മലയാളത്തിൽ ഒരു പാട്ട് റെക്കോർഡ് ചെയ്യുകയായിരുന്നു ലക്ഷ്യം’– ഔസേപ്പച്ചൻ പറയുന്നു. 

‘അന്ന് ദിലീപിനെ എല്ലാവർക്കും അറിയില്ല. അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ ആർ.കെ.ശേഖറിന്റെ മകനാണ്. ആ ദിലീപ് ആണ് പിന്നീട് എ.ആർ.റഹ്മാൻ ആകുന്നത്. ദിലീപിന്റെ സ്റ്റുഡിയോയിൽ വെച്ചാണ് റെക്കോർഡിങ്. ഒരൊറ്റ കീബോർഡും കമ്പ്യൂട്ടർ സീക്വൻസും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഓരോ കോർഡ്സും നോട്ടേഷനും ഗിറ്റാറുമെല്ലാം ഞാൻ പറഞ്ഞുകൊടുത്തു. ടൈപ്പ്‌റൈറ്റിങിന്റെ വേഗതയിലായിരുന്നു ദിലീപ് അത് ചെയ്തുതീർത്തത്’– ഔസേപ്പച്ചൻ പറഞ്ഞു.

ഈ പാട്ട് തമിഴിൽ ഇറക്കുമ്പോൾ റഹ്മാന്റെ പേരിൽ വിറ്റഴിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും ഔസേപ്പച്ചൻ തുറന്നടിച്ചു. ‘ഇത് തനി കളവാണ്. പക്ഷേ റഹ്മാന്റെ ഒരു സിഗ്നേച്ചർ അതിലുണ്ട്, കാരണം അദ്ദേഹം അതിൽ കീബോർഡ് വായിച്ചിട്ടുണ്ട്. എന്റെ പേരിൽ ഇറക്കിയാൽ ചിലപ്പോൾ ശ്രദ്ധിക്കപ്പെടില്ല, റഹ്മാന്റെ പേരാകുമ്പോൾ പെട്ടെന്ന് ശ്രദ്ധ കിട്ടും. അതിനുവേണ്ടിയാണ് റഹ്മാന്റെ പേര് ഉപയോഗിക്കുന്നത്. ഇക്കാര്യം റഹ്മാന് പോലും അറിയണമെന്നില്ല’– അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

Veteran composer Ouseppachan has clarified the true ownership of the viral Tamil song 'Anthimalai Koyil Vanthen,' which is circulating widely on social media under A.R. Rahman's name. Speaking to Manorama News, Ouseppachan revealed that he composed the track originally for a 1989 Malayalam album titled 'Welcome 1990,' produced by Mahesh George for Septune.