തമിഴ് സിനിമയില്‍ അനിരുദ്ധിന്‍റെ കംപ്ലീറ്റ് ഡോമിനന്‍സായിരുന്നു ഇക്കാലമത്രയും. തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങളെല്ലാം കയ്യില്‍. ഇറക്കുന്ന ഓരോ ആല്‍ബവും ഹിറ്റ്, ട്രെന്‍ഡിങ് ചാര്‍ട്ടില്‍ ഒന്നാമത്. 'ബീസ്റ്റ്', 'വിക്രം', 'ജയിലര്‍', 'ലിയോ', 'ദേവര', 'കൂലി' എന്നീ ചിത്രങ്ങളിറങ്ങിയ 2022, 2023 വര്‍ഷങ്ങളില്‍ അനിരുദ്ധ് തെന്നിന്ത്യന്‍ സംഗീത ലോകത്തിന്‍റെ കൊടുമുടി കയറി. എതിര്‍ക്കാന്‍ ആരുമില്ല.
ഏകദേശം ഈ സമയത്ത് തന്നെയാണ് ഒരു സ്വതന്ത്ര മ്യൂസിക് വിഡിയോ തിങ്ക് മ്യൂസിക് ഇന്ത്യ പുറത്തുവിടുന്നത്. കേവലം 20 വയസ് മാത്രം പ്രായമുള്ള ഒരു പയ്യന്‍ സംഗീതം നല്‍കി അഭിനയിച്ച കാച്ചി സേറ. ഫോക്കും ജാസും കലർന്ന പെപ്പി മ്യൂസിക് വളരെ വേഗം യൂട്യൂബിലും റീല്‍സിലും തരംഗമായി. 20 വയസ്സുകാരന്റെ പാട്ടിന് ലോകം ചുവടുവയ്ക്കുന്നു! 2024ല്‍ ലോകത്ത് ഏറ്റവുമധികം തിരഞ്ഞ മ്യൂസിക് വിഡിയോകളുടെ പട്ടികയില്‍ കച്ചി സേറ പത്താം സ്ഥാനത്തെത്തി.
അതോടെ ചോദ്യങ്ങളുയര്‍ന്നു, ആരാണ് ആ 20 കാരന്‍? എങ്ങനെയാണ് റഹ്മാന്റെ പകരക്കാരനായി എത്തിയത്? അനിരുദ്ധിന്റെ ആധിപത്യത്തിന് വെല്ലുവിളിയാകാൻ മാത്രം എന്താണ് ഇയാളുടെ കയ്യിയിലുള്ളത്? ഇത് ഒരു സംഗീതസംവിധായകന്റെ വളർച്ചയുടെ കഥ മാത്രമല്ല. ഒരു പുതിയ സംഗീത സാമ്രാജ്യം പിറക്കുന്നതിന്റെ കഥ കൂടിയാണ്.
സോഷ്യലിടം തിരഞ്ഞ സായി
സായ് അഭ്യങ്കര്‍, പ്രശസ്ത പിന്നണി ഗായകരായ ടിപ്പുവിന്റെയും ഹരിണിയുടെയും മകന്‍. വീട്ടിൽ എപ്പോഴും സംഗീതം. നാലാം വയസ്സിൽ തന്നെ സംഗീതപഠനം തുടങ്ങി. സംഗീതത്തിൽ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി പത്താം ക്ലാസിന് ശേഷം റെഗുലർ പഠനം നിർത്തി. സ്വതന്ത്രമായി പാട്ടുകൾ ചെയ്യുന്നതിന് മുൻപ് തന്നെ അനിരുദ്ധ് രവിചന്ദർ, എ.ആർ. റഹ്മാൻ തുടങ്ങിയ പ്രമുഖ സംഗീതസംവിധായകരുടെ സിനിമകൾക്ക് വേണ്ടി കീബോർഡ് പ്രോഗ്രാമറായി സായ് പ്രവർത്തിച്ചിട്ടുണ്ട്.
കോവിഡ് ലോക്ക്ഡൗൺ സമയത്ത് വീട്ടിലിരുന്നപ്പോൾ ദിവസവും പുതിയ മ്യൂസിക് ഗ്രൂവുകളും ബീറ്റുകളും നിർമ്മിക്കുന്നത് സായിയുടെ ഒരു ശീലമായിരുന്നു. അങ്ങനെ ഒരു സാധാരണ കമ്പോസിങ് സെഷനിലാണ് 'കച്ചി സേറ'യുടെ ഈണം പിറക്കുന്നത്. ആ ഈണത്തില്‍ 8 ദിവസത്തിനുള്ളിൽ സായ് എട്ടോളം പാട്ടുകൾ ചെയ്തിരുന്നു.
ഈണം തയ്യാറായപ്പോൾ സായ് തന്റെ സുഹൃത്തായ ആദേശ് കൃഷ്ണയെ വരികൾ എഴുതാൻ ഏൽപ്പിച്ചു. പൂർത്തിയായ ശേഷം 2023 മാർച്ചിൽ സായ് 'Think Indie' യെ സമീപിച്ചു. അവർക്ക് പാട്ട് ഇഷ്ടപ്പെട്ട് ഉടനടി നിർമ്മിക്കാൻ സമ്മതിക്കുകയും ചെയ്തു. പിന്നെ നടന്നത് ചരിത്രം. കച്ചി സേറക്ക് ആദ്യ സ്വതന്ത്ര ആല്‍ബം ഇറങ്ങി ആറ് മാസത്തിനുള്ളില്‍ അടുത്ത പാട്ട്, 'ആസ കൂട'. ആറു മാസത്തിനുള്ളില്‍ തന്നെ അടുത്ത പാട്ട്, 'സിത്തിര പുത്തിരി', എല്ലാ പാട്ടിനും മില്യണ്‍ കണക്കിന് വ്യൂസ്. സായ് ഒരു വൺ ഹിറ്റ് വണ്ടർ അല്ലെന്ന് തെളിയിക്കാൻ അധികം സമയമെടുത്തില്ല.
സായി ജാലം സിനിമയിലേക്ക്
സായിയുടെ ഡിമാന്‍റ് കുത്തനെ കൂടി. അധികം വൈകാതെ മലയാളത്തിലൂടെ സിനിമാ എന്‍ട്രിയും. മലയാളത്തിലും തമിഴിലും ഒരുമിച്ച് റിലീസ് ചെയ് 'ബാള്‍ട്ടി'യിലെ 'ജാലക്കാരി' റീലുകളില്‍ വൈറലായി. ആദ്യ സിനിമയിൽ സംഗീത സംവിധാനം ചെയ്യാൻ സായിയുടെ പ്രതിഫലം രണ്ട് കോടിയായിരുന്നു. മലയാള സിനിമയിൽ ഒരു സംഗീത സംവിധായകന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫലം.
'ബാള്‍ട്ടി' ഇറങ്ങി തൊട്ടടുത്ത മാസം 'ഡ്യൂഡ്' റിലീസ് ചെയ്തു. 'ഊറും ബ്ലഡ്' സെന്‍സേഷണല്‍ ഹിറ്റായി. സായ് തരംഗം ആരംഭിച്ച സമയത്ത് തന്നെ വിമര്‍ശനവും ഉയര്‍ന്നു, ആവര്‍ത്തിക്കപ്പെടുന്ന ട്യൂണുകളും ഡ്യൂഡിലെ ഊറും ബ്ലഡ് ആവശ്യത്തിലധികം ഉപയോഗിക്കപ്പെട്ടതും വിമര്‍ശനമായി. പക്ഷേ, സായ് നിർത്തിയില്ല. 'വിഴി വീക്കുറ', 'പവഴ മല്ലി', 'രധിമ' തുടങ്ങിയ ആൽബങ്ങൾ കൂടി എത്തിയതോടെ ഇൻഡിപെൻഡന്റ് മ്യൂസിക്കിലെ സായിയുടെ സ്വാധീനം കൂടുതൽ ശക്തമായി.
ഇതിനിടയ്ക്ക് സൂര്യ നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം 'കറുപ്പി'ല്‍ സാക്ഷാന്‍ എ.ആര്‍.റഹ്മാന് പകരം സായ് അഭ്യങ്കറിനെ പ്രഖ്യാപിച്ചത് വലിയ വാര്‍ത്താശ്രദ്ധ നേടി. സൂര്യ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചതിന് പിന്നാലെയാണ് റഹ്മാൻ ചിത്രത്തിൽനിന്ന് പിന്മാറിയതെന്ന വിവരം പുറത്തുവന്നത്. സംഗീതത്തിന്റെ കാര്യത്തിൽ റഹ്മാനെപ്പോലൊരു ഇതിഹാസം സൃഷ്ടിച്ചുവച്ച ബെഞ്ച്മാർക്കിന് പകരം നിൽക്കുക എന്നത് സായിയെ സംബന്ധിച്ച് ചെറിയ വെല്ലുവിളിയായിരുന്നില്ല. താരതമ്യേന പുതുമുഖമായ ഒരു സംഗീതസംവിധായകന് ആ സമ്മർദം അതിജീവിക്കാനാകുമോ എന്ന ചോദ്യവും ഉയർന്നു.
എന്നാൽ ആ ചോദ്യങ്ങൾക്കുള്ള മറുപടി സായ് സംഗീതത്തിലൂടെ തന്നെ നൽകി. റഹ്മാന്റെ നിഴലിൽ നിൽക്കാനല്ല, തന്റേതായൊരു സംഗീതലോകം തീർക്കാനാണ് സായ് ശ്രമിച്ചത്. ചിത്രത്തിന്റെ ദൈവിക സങ്കൽപ്പവും മാസ് സ്വഭാവവും കൃത്യമായി ഉൾക്കൊണ്ട സംഗീതം പ്രേക്ഷകർക്കിടയിൽ തരംഗമായി. 'ഗോഡ് മോഡ്', 'വെറപ്പ', 'രാത്തു രാസൻ', 'കറുപ്പാ കൂട വാ' തുടങ്ങി ഓരോ ഗാനവും ശ്രദ്ധ നേടി.
കറുപ്പ് ഓഡിയോ ലോഞ്ചിൽ മഹാലിംഗത്തിനൊപ്പം സായ് അവതരിപ്പിച്ച 'കറുപ്പാ കൂട വാ' പെർഫോമൻസും സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി. റാപ്പിന്റെയും ഫോക്ക് സംഗീതത്തിന്റെയും ഊർജം ദൈവികമായൊരു ഓറയിലേക്ക് സന്നിവേശിപ്പിച്ച ആ പ്രകടനം പാട്ടിന്റെ ജനപ്രീതി വീണ്ടും ഉയർത്തി. കറുപ്പിന് ലഭിച്ച ഈ ബൂസ്റ്റ് ചിത്രത്തിന്റെ ഹൈപ്പ് മറ്റൊരു തലത്തിലേക്ക് ഉയർത്തി.
സായി v/s അനിരുദ്ധ്
'കറുപ്പി'ലെ പാട്ടുകൾ തരംഗം സൃഷ്ടിക്കുന്നതിനിടെയാണ് അനിരുദ്ധിന്റെ 'ഡിസി' ആൽബവും എത്തുന്നത്. 'രാഗാ ഓഫ് റിവഞ്ചും' 'ഹാങ്കോവറും' സോഷ്യൽ മീഡിയയിൽ തീപടർത്തി. ഒരു വശത്ത് സായിയുടെ 'കറുപ്പ്', മറുവശത്ത് അനിരുദ്ധിന്റെ 'ഡിസി'. ആരാധകർക്ക് ഇത് ഒരു പോരാട്ടമായി.
പിന്നാലെ 'ജയിലർ 2'വിലെ പാട്ടുകൾ പുറത്തുവന്നതോടെ അനിരുദ്ധിന്റെ ആധിപത്യം വീണ്ടും ചർച്ചയായി. എന്നാൽ സായ് വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. 'ഓം ചാപ്റ്റർ വൺ' എന്ന ചിത്രത്തിലെ 'ഫസ്റ്റ് സ്ട്രൈക്ക്' പുറത്തുവന്നതോടെ മത്സരം വീണ്ടും സജീവമായി. 'ജയിലർ 2'വും 'ഓ'മും ഒരേ ദിവസം തിയറ്ററുകളിലെത്തുമെന്ന വാർത്ത കൂടി വന്നതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി. പിന്നീട് 'ഓം' റിലീസ് മാറ്റിയെങ്കിലും സായ്–അനിരുദ്ധ് പോര് സോഷ്യൽ മീഡിയയിൽ തുടർന്നു.
അതിനിടെയാണ് 'സിയാ എൻട്രി'യിലെ സായിയുടെ സംഗീതത്തിൽ 'ബർമൻ കാർത്തികേയൻ' എന്ന കഥാപാത്രം എത്തുന്നത്. ആ വരവോടെ 'ഓമി'നെ ചുറ്റിപ്പറ്റിയുള്ള ഹൈപ്പിനും പുതിയൊരു മാനം കൈവന്നു. അനിരുദ്ധിന്റെ കോട്ടയിലേക്ക് സായ് നടത്തുന്ന കടന്നുകയറ്റം തമിഴ് സംഗീതലോകം ഉറ്റുനോക്കുന്ന പുതിയ മത്സരമായി മാറുകയായിരുന്നു. ഇനി സായിയുടെ കൈകളിലുള്ളത് ചെറിയ പ്രോജക്ടുകളല്ല. അല്ലു അർജുൻ–അറ്റ്ലി ചിത്രം 'റാക്ക', കാർത്തി–കല്യാണി ചിത്രം 'മാർഷൽ', എൽസിയുവിലെ 'ബെൻസ്', പ്രദീപ്–മമിത ചിത്രം തുടങ്ങി വമ്പൻ പ്രോജക്ടുകൾ. സൂപ്പർതാരങ്ങൾക്കും വമ്പൻ സംവിധായകർക്കും സായ് വേണം!
വര്‍ക്ക് മാത്രമല്ല, ലുക്കും വേണം
സായിയെ ശ്രദ്ധേയനാക്കുന്നത് സംഗീതം മാത്രമല്ല. ഓരോ പാട്ടിന്റെയും അവതരണത്തിലും ദൃശ്യഭംഗിയിലും അദ്ദേഹം പുലർത്തുന്ന സൂക്ഷ്മത കൂടിയാണ്. സ്വതന്ത്ര മ്യൂസിക് ആല്‍ബങ്ങളെല്ലാം കേള്‍ക്കാന്‍ മാത്രമല്ല, കാണാനുള്ള ഭംഗി കൂടി സായി ഉറപ്പുവരുത്തുന്നുണ്ട്. സ്കില്‍ഡ് മോഡലുകളും ഡാന്‍സേഴ്സും മുതല്‍ ഓരോ സമയത്തും സെന്‍സേഷണലായ നായികമാരാണ് സായിയുടെ ആല്‍ബങ്ങളിലെ സുന്ദരിമാര്‍. പാട്ടിന്‍റെ സ്വഭാവത്തിനനുസരിച്ച് ഏറ്റവും മനോഹരമായ ഫ്രെയിമുകളും ആര്‍ട്ട് വര്‍ക്കുകളും സെറ്റുകളും. ഷൈജു ഖാലിദ്, അജയൻ ചാലിശ്ശേരി തുടങ്ങിയ പ്രമുഖ മലയാളി സാങ്കേതികപ്രവർത്തകരുടെ സാന്നിധ്യവും സായിയുടെ ആൽബങ്ങൾക്ക് ദൃശ്യഭംഗി നൽകി. ഓരോ പാട്ടിന്റെയും മൂഡിനനുസരിച്ച് സായിയുടെ വസ്ത്രധാരണവും സ്റ്റൈലിംഗും നിശ്ചയിക്കാൻ പ്രത്യേക ടീം പ്രവർത്തിക്കുന്നു.
ഇൻസ്റ്റാഗ്രാമിൽ തരംഗമായ 'കാച്ചി സേറ'യിലെ നൃത്തച്ചുവട് വേണമെന്ന ആശയം മുന്നോട്ട് വെച്ചത് സായ് തന്നെയാണ്. 'കാച്ചി സേറ'യിലും 'ആസ കൂട'യിലും ഡാന്‍സ് കളിക്കാന്‍ ബുദ്ധിമുട്ടിയ സായി ചുവടുകള്‍ മെച്ചപ്പെടുത്തി 'പവഴമല്ലി'യിലും 'രധിമ'യിലും കിടിലന്‍ ഡാന്‍സ് കളിച്ചു. എന്തിന് ഓഡിയോ ലോഞ്ചുകളിലെ തന്‍റെ അപ്പിയറന്‍സുകള്‍ പോലും താരം ഗ്രാന്‍ഡാക്കാറുണ്ട്.
ഫാമിലി ബാക്ക്ഗ്രൗണ്ട് സിനിമയിലേക്കെത്തിച്ച നെപ്പോ പ്രൊഡക്ട് അല്ല സായി. സായിയുടെ സ്കില്ലും കഠിനാധ്വാനവും നെപ്പോട്ടിസത്തെ എപ്പോഴേ അപ്രസക്തമാക്കി കഴിഞ്ഞു. ദിവസവും ഏകദേശം 19 മണിക്കൂറോളം അദ്ദേഹം സംഗീതത്തിനായി മാറ്റിവെക്കാറുണ്ട്. സമയം പാഴാകുമെന്ന കാരണത്താല്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കാറില്ല. തന്റെ അറുപത് വയസ്സുകഴിയുമ്പോൾ, പുതിയ സംഗീതം ഒരുക്കിയെടുക്കാൻ കഴിയാതെ വന്നാൽ, അന്നെടുത്ത് ഉപയോഗിക്കാൻ ഇപ്പോഴേ ആയിരത്തോളം പാട്ടുകൾ ചെയ്തുവച്ചിട്ടുണ്ട് സായ്. ഭാവിയെക്കുറിച്ച് ഇത്രയും നേരത്തേ ചിന്തിക്കുന്ന ഒരു 22-കാരൻ തെന്നിന്ത്യൻ സംഗീതത്തിന്റെ അടുത്ത അധ്യായത്തിൽ നിർണായക സാന്നിധ്യമാകാൻ ഒരുങ്ങുകയാണ്. ഇനി ചോദ്യം ഒന്നേയുള്ളൂ... വരാനിരിക്കുന്നത് സായ് യുഗമോ?