'ഗായകൻ അനിരുദ്ധ് വിവാഹിതനായി, വധു കാവ്യ മാരൻ' – അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരായെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലും വാർത്തകളിലും നിറഞ്ഞ വാചകങ്ങളിലൊന്നാണിത്. തെന്നിന്ത്യൻ സംഗീതലോകത്തെ സൂപ്പർഹിറ്റ് സംഗീതസംവിധായകൻ അനിരുദ്ധിന്റെ വിവാഹം സ്വാഭാവികമായും വലിയ വാർത്തയായി. എന്നാൽ ഈ വാർത്തയ്ക്കിടയിൽ ഉയരേണ്ട മറ്റൊരു ചോദ്യം കൂടിയില്ലേ. അനിരുദ്ധിന്റെ ഭാര്യ എന്ന വിശേഷണത്തിൽ മാത്രം ഒതുക്കേണ്ട വ്യക്തിയാണോ കാവ്യ മാരൻ?
ഐപിഎൽ താരലേല വേദിയിൽ ക്യാമറക്കണ്ണുകൾ നിരന്തരം തേടിയെത്തുന്ന മുഖമാണ് കാവ്യ മാരന്റേത്. സൺറൈസേഴ്സ് ഹൈദരാബാദിന്റെ മത്സരങ്ങൾക്കിടെ ഗാലറിയിൽ ആവേശത്തോടെ ടീമിനെ പിന്തുണയ്ക്കുന്ന കാവ്യയുടെ ദൃശ്യങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഒരു താരം ടീമിലെത്തുമ്പോഴുള്ള സന്തോഷവും ലേലത്തിൽ പരാജയപ്പെടുമ്പോഴുള്ള നിരാശയുമെല്ലാം ക്രിക്കറ്റ് ആരാധകർ ഏറ്റെടുക്കാറുണ്ട്. മീമുകളും ട്രോളുകളുമായിരിക്കും നമ്മള് കണ്ടുശീലിച്ച കാവ്യയുടെ മുഖം. എന്നാല്‍ യഥാര്‍ത്ഥ കാവ്യ മാരന് ആരാണ്...?
സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ സിഇഒ, സണ്‍ ടിവി നെറ്റ്വര്‍ക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍, ലേലം വിളികള്‍ നിറയുന്ന പുരുഷശബ്ദങ്ങള്‍ക്കിടയില്‍ മുഴുങ്ങുന്ന പെണ്‍ശബ്ദം, കോടികള്‍ മറയുന്ന തീരുമാനങ്ങളുടെ അന്തിമ വാക്ക് അതാണ് കാവ്യ മാരന്.
'Now She's marrying Anirudh'എന്നൊരു ഹെഡിലൈന് ആകാമായിരുന്നില്ല... എന്നാണ് ഇന്ത്യയിലെ ശ്രദ്ധേയയായ വനിതാ സംരംഭകയും ഫാഷൻ ബിസിനസ് രംഗത്തെ പ്രമുഖയുമായ ശിവാനി പൊഡ്ഡാർ ചോദിക്കുന്നത്.
ഇന്ത്യയിലെ പ്രമുഖ മാധ്യമ വ്യവസായികളിലൊരാളായ കലാനിധി മാരന്റെയും കാവേരി മാരന്റെയും മകളാണ് കാവ്യ. സൺ ഗ്രൂപ്പിന്റെ ബിസിനസ് പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചെങ്കിലും സ്വന്തം നിലയിൽ കോർപ്പറേറ്റ് രംഗത്ത് സജീവമായ വ്യക്തിത്വമാണ് കാവ്യയുടേത്.
2024-ലെ ഐപിഎൽ താരലേലത്തിൽ ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിനെ 20.50 കോടി രൂപയ്ക്ക് സ്വന്തമാക്കിയത് സൺറൈസേഴ്സ് ഹൈദരാബാദിന്റെ ശ്രദ്ധേയമായ നീക്കമായിരുന്നു. അന്ന് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലേലത്തുകയായിരുന്നു ഇത്. മികച്ചൊരു പേസ് ബൗളറെ സ്വന്തമാക്കുക എന്നതിലുപരി, അന്താരാഷ്ട്ര ക്രിക്കറ്റിൽ അനുഭവസമ്പത്തുള്ള നായകനെ ടീമിലെത്തിക്കുക എന്ന ലക്ഷ്യവും ആ നീക്കത്തിലുണ്ടായിരുന്നു.
കമ്മിൻസിന്റെ നേതൃത്വത്തിൽ 2024 സീസണിൽ സൺറൈസേഴ്സ് ഫൈനലിലെത്തി. കിരീടം നേടാനായില്ലെങ്കിലും ടീമിന്റെ പ്രകടനം വലിയ ചർച്ചയായി. ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഹെൻറിച്ച് ക്ലാസൻ തുടങ്ങിയ താരങ്ങൾ അണിനിരന്ന ബാറ്റിങ് നിര ഐപിഎല്ലിലെ ഏറ്റവും പേടിസ്വപ്നമായിമാറി. 287 റൺസ് എന്ന റെക്കോർഡ് സ്കോറും ആ സീസണിൽ സൺറൈസേഴ്സ് സ്വന്തമാക്കി.
ഇതെല്ലാം ഒരു വ്യക്തിയുടെ മാത്രം തീരുമാനങ്ങളുടെ ഫലമാണെന്ന് പറയാനാവില്ല. പരിശീലകസംഘം, സ്കൗട്ടിങ് വിഭാഗം, ടീം മാനേജ്മെന്റ്, ഫ്രാഞ്ചൈസി നേതൃത്വം എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് ഒരു ടീമിനെ വിജയത്തിലേക്ക് നയിക്കുന്നത്. എന്നാൽ 'തീരുമാനം' ആ തീരുമാനത്തിന് പിന്നിലൂടെ ആയിരുന്നു നീക്കങ്ങളത്രയും. അതില്‍ കാവ്യയുടെ പേര് പറയാതെ പോകാനാവില്ല.
ക്രിക്കറ്റില്‍ പുരുഷന്മാർക്ക് വലിയ ആധിപത്യമുള്ള സാഹചര്യത്തിൽ ഒരു സ്ത്രി ഇത്രയധികം ശ്രദ്ധ നേടുന്നത് ചെറിയ കാര്യമല്ല. ലേലവേദിയിൽ താരങ്ങളെ സ്വന്തമാക്കുന്നതിനുള്ള തന്ത്രപരമായ നീക്കങ്ങളിലും ടീമിന്റെ ദീർഘകാല ലക്ഷ്യങ്ങളിലും കാവ്യയുടെ സാന്നിധ്യമുണ്ട്. ഐപിഎൽ ഫ്രാഞ്ചൈസികളുടെ താൽപര്യങ്ങൾ സംബന്ധിച്ച ചർച്ചകളിലും അവർ അഭിപ്രായങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്.
കാവ്യയുടെ മറ്റൊരു പ്രത്യേകത ടീമിന്റെ ബ്രാൻഡ് മൂല്യത്തിലും ജനപ്രീതിയിലും അവർ വഹിക്കുന്ന പങ്കാണ്. ക്രിക്കറ്റ് ആരാധകർക്കിടയിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ മുഖമാണ് കാവ്യ. മത്സരങ്ങൾക്കിടയിലെ അവരുടെ പ്രതികരണങ്ങൾ വൈറലാകുന്നത് ഇതിന്റെ ഒരു വശം മാത്രമാണ്.
തെന്നിന്ത്യൻ സംഗീതലോകത്ത് ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ് അനിരുദ്ധ് രവിചന്ദർ. ആ വിവാഹം വാർത്തയാകുന്നതും സ്വാഭാവികമാണ്. അതുപോലെതന്നെ കാവ്യ മാരന്റെ വ്യക്തിജീവിതവും വാർത്താപ്രാധാന്യമുള്ളതല്ലേ... എന്നാണ് അവര്‍ പറഞ്ഞുവയ്ക്കുന്നത്.
ആരാണ് ശിവാനി പൊഡ്ഡാർ
FabAlley, Indya എന്നീ പ്രശസ്ത ഫാഷൻ ബ്രാൻഡുകളുടെ സഹസ്ഥാപകയാണ് ശിവാനി. 2012-ൽ തൻവി മാലിക്കിനൊപ്പം ചേർന്നാണ് ഹൈ സ്റ്റ്രീറ്റ് എസ്സന്‍ഷ്യല്‍സ് High Street Essentials (HSE) എന്ന കമ്പനിക്ക് തുടക്കമിട്ടത്. സ്ത്രീകൾക്കായുള്ള വെസ്റ്റേൺ വസ്ത്ര ബ്രാൻഡായ FabAlleyയും ഇന്ത്യൻ പാരമ്പര്യ വസ്ത്രധാരണ രീതികൾക്ക് ആധുനികതയുടെ മുഖം നൽകുന്ന Indyaയും ഈ കമ്പനിയുടെ ഭാഗമാണ്.
ഡൽഹി സർവകലാശാലയിലെ ഹിന്ദു കോളജിൽ പഠിച്ച ശിവാനി, തുടർന്ന് ഫാക്വല്‍റ്റി ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ നിന്ന് MBA നേടി. സംരംഭകത്വത്തിലേക്ക് കടക്കുന്നതിന് മുൻപ് Hindustan Unilever, Avendus Capital എന്നീ സ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. കോർപ്പറേറ്റ് മേഖലയിൽ നേടിയ അനുഭവങ്ങൾ പ്രയോജനപ്പെടുത്തി ഇന്ത്യൻ ഫാഷൻ വിപണിയിൽ സ്വന്തമായ ഇടം കണ്ടെത്തിയ ശിവാനി, വനിതാ സംരംഭകത്വത്തിന്റെ ശ്രദ്ധേയമായ ഉദാഹരണങ്ങളിലൊരാളാണ്.