ചാട്ടുളിപോലുള്ള പാട്ടുകള്‍ കൊണ്ട് തമിഴ് തിരൈ ഉലകത്തിന് തീപിടിപ്പിച്ച റാപ്പര്‍ അറിവ് മലയാള സിനിമയില്‍ ആദ്യമായി പാടുന്നു. രാജ്യാന്തര പ്രശസ്തനായ മ്യൂസിക് പ്രൊഡ്യൂസര്‍ വിക്ടര്‍ വാന്‍ വുഗട്ട് ആണ് അറിവിന്‍റെ പാട്ട് ഉള്‍പ്പെടുന്ന സിനിമയുടെ സൗണ്ട് സൂപ്പര്‍വൈസര്‍ എന്ന പ്രത്യേകതയുമുണ്ട്. സാമൂഹിക വിവേചനങ്ങളും അനീതികളും പ്രമേയമാകുന്ന സിനിമകള്‍ മലയാളത്തില്‍ കൂടുതലുണ്ടാകേണ്ടതുണ്ടെന്ന് അറിവ്.

ജാതിയും നിറവും പണവുമെല്ലാം തീര്‍ത്ത മതിലുകളെ പാട്ടുകൊണ്ട് പൊളിച്ചടുക്കിയ അറിവ്. പരഞ്ജിത്താണ് അടിച്ചമര്‍ത്തപ്പെട്ടവന്‍റെ റാപ്പില്‍പ്പൊതിഞ്ഞ പ്രതിരോധ ശബ്ദത്തെ സിനിമലോകത്തേയ്ക്ക് കൊണ്ടുവന്നത്. ദേശീയ ചലച്ചിത്ര പുരസ്ക്കാര ജേതാവായ സജിന്‍ ബാബു സംവിധാനം ചെയ്യുന്ന തര്‍ക്കം എന്ന സിനിമയിലൂടെയാണ് അറിവ് മലയാളത്തിലേയ്ക്ക് അതിര്‍ത്തി കടന്ന് വരുന്നത്. 

മനുഷ്യര്‍ക്കിടയിലെ വിവേചനവും വേര്‍‌തിരിവുമെല്ലാം പ്രമേയമാകുന്നതാണ് തര്‍ക്കം. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ ഭരണിയുടെ പശ്ചാതലത്തിലാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. ബെര്‍ലിനില്‍ നിന്നുള്ള വിഖ്യാത മ്യൂസിക് പ്രൊഡ്യൂസര്‍ വിക്ടര്‍ വാന്‍ വുഗട്ട് തര്‍ക്കത്തിലൂടെ ആദ്യമായി ഇന്ത്യന്‍ സിനിമലോകത്ത് തന്‍റെ പ്രതിഭയുടെ കൈയ്യൊപ്പ് ചാര്‍ത്തുന്നു. സിനിമയുടെ പ്രമേയവും ഭരണയുല്‍സവത്തിന്‍റെ തനത് ആഘോഷക്കാഴ്ച്ചയുമാണ് വിക്ടറിനെ സ്വാധീനിച്ചത്. ഡിസംബറില്‍ തര്‍ക്കം തിയറ്ററുകളിലെത്തും.

ENGLISH SUMMARY:

Rapper Arivu, known for his impactful Tamil songs, makes his Malayalam film debut in Sajin Babu's 'Tharkkam'. The film, which addresses social discrimination and injustice, also features music supervision by internationally renowned producer Victor Van Vugt.