യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ വിമര്‍ശനത്തിന് മറുപടിയുമായി നടന്‍ പ്രവീണ്‍ ടിജെ. പുതിയ ചിത്രം 'ഡിസ്‌കോ'യുടെ റിവ്യുവിൽ തനിക്കെതിരെ അശ്വന്ത് കോക്ക് നടത്തിയ പരാമര്‍ശങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രവീണ്‍ പ്രതികരിച്ചത്. റാപ്പര്‍ വേടനുമായി തന്നെ ഉപമിച്ചുകൊണ്ട് അശ്വന്ത് കോക്ക് നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് പ്രവീണ്‍ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ചുട്ട മറുപടി നല്‍കിയിരിക്കുന്നത്.

അശ്വന്ത് താരതമ്യം ചെയ്ത വേടനേക്കാളും മുമ്പ് തന്നെ താൻ ഗിറ്റാറുമായി ഇറങ്ങിയതാണെന്ന് പ്രവീണ്‍ പറയുന്നത്. 'അഞ്ചക്കള്ളകോക്കാന്‍' എന്ന ചിത്രത്തിലെ ചെറിയ കോക്കാന്‍, വേടനെ പോലെയാകാന്‍ നോക്കുന്നയാള്‍ എന്നിങ്ങനെയായിരുന്നു പ്രവീണിനെക്കുറിച്ച് അശ്വന്ത് നടത്തിയ പരാമര്‍ശം. ഒറ്റക്ക് തനിയെ, സ്വന്തമായി വെട്ടി ഉണ്ടാക്കിയ വഴിയിലൂടെയാണ് താൻ വന്നതും പൊക്കൊണ്ടിരിക്കുന്നത്തുമെന്നും പ്രവീൺ കുറിച്ചു. 

'മിസ്റ്റര്‍ അശ്വന്ത് അറിയാന്‍, പ്രവീണ്‍ ടിജെ കൈയ്യില്‍ കറുത്ത പെയിന്റും അടിച്ചു റെന്റിന് ഗിറ്റാറും എടുത്ത് ഇറങ്ങിയത് അങ്ങ് 2016ല്‍. ഞാന്‍ 'ആവാന്‍' നടക്കുന്നു എന്ന് നീ പറഞ്ഞ വേടന്‍, എന്റെ അറിവില്‍ വോയ്‌സ് ഓഫ് ദി വോയ്‌ലെസ് ആദ്യമായി പാടുന്നത് 2019 ൽ ഫോര്‍ട്ട് കൊച്ചി സിഎഎ പ്രതിഷേധത്തിലാണ്. നിനക്ക് അതൊക്കെ അറിയാന്‍ പാടില്ലായിരിക്കും. കാരണം നിന്നെ പോലെ അല്ല. ഒറ്റക്ക് തനിയെ, സ്വന്തമായി വെട്ടി ഉണ്ടാക്കിയ വഴിയിലൂടെയാ ഞാന്‍ വന്നതും പൊക്കൊണ്ടിരിക്കുന്നതും. പിന്നെ എന്റെ പേരും ഞാന്‍ ആരാന്നും നിന്റെ വാ കൊണ്ട് ഞാന്‍ 2024 ല്‍ പറയിപ്പിച്ചിട്ടുണ്ട്. അത് നീ മറന്ന് പോയതുകൊണ്ടാ' എന്നായിരുന്നു പ്രവീണിന്റെ കുറിപ്പ്.

പിന്നാലെ പ്രവീണിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരുമെത്തുന്നുണ്ട്. വിമര്‍ശനങ്ങള്‍ക്ക് പ്രവീണ്‍ തന്നെ മറുപടിയും നല്‍കുന്നുണ്ട്. 'നിന്നെ കുറിച്ച് നല്ലതു പറഞ്ഞല്ലോ, അപ്പൊ അതേപോലെ മോശം പറയാനും അയാൾക്ക് സ്വാതന്ത്ര്യം ഇല്ലേ ??..' എന്ന ചോദ്യത്തിന് 'മോശം പറയണ്ടവൻ മോശം തന്നെ പറയണം അല്ലാണ്ട് വായിൽ തോന്നിയത് അല്ല പറയണ്ടത്' എന്ന മറുപടിയും പ്രവീൺ നൽകി. 

ചെമ്പൻ വിനോദിന്റെ രചനയിൽ ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ സിനിമ എന്ന നിലയിലാണ് ‘ഡിസ്കോ’ തിയേറ്ററുകളിൽ എത്തിയത്. ആന്റണി വർഗീസ് പെപ്പെ, അർജുൻ അശോകൻ, ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ്, ഗായത്രി സുരേഷ്, ഫെമിന ജോർജ് തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. വലിയ പ്രതീക്ഷയോടെ തിയറ്ററുകളിൽ എത്തിയ ചിത്രത്തിൽ സ്റ്റൈലും സംഘട്ടനങ്ങളും വയലൻസുമൊക്കെയുണ്ടെങ്കിലും ഒരു കഥ കണ്ടെത്താൻ കഴിഞ്ഞില്ല എന്നതായിരുന്നു പ്രധാന വിമർശനം. 

ENGLISH SUMMARY:

actor Praveen TJ giving a sharp reply to YouTuber Ashwanth Kok's critical review of the movie Disco. The actor strongly responded on Instagram against the comparisons made with rapper Vedan regarding his career and appearance.