നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'ത്തിലെ ആദ്യഗാനം പുറത്ത്. വിനായക ചതുർത്ഥി ദിനത്തിൽ ചിത്രത്തിന്റെ പുതിയ പോസ്റ്ററിന് പിന്നാലെ ആദ്യ ഗാനമായ ‘ജയ് ജയ് റാം’ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ശ്രീരാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും എത്തുന്ന ചിത്രത്തിലെ മനോഹരമായ രംഗങ്ങളാണ് പാട്ടിലുള്ളത്. രാമന്റെയും സീതയുടെയും വിവാഹരംഗങ്ങളും അയോധ്യയിലെ സ്വീകരണവും ഉൾപ്പെടെയുള്ള പുതിയ ദൃശ്യങ്ങൾ പാട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എ.ആർ. റഹ്മാൻ സംഗീതം പകർന്ന് ഡോ. കുമാർ വിശ്വാസ് വരികളെഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാലും അരിജിത് സിംഗുമാണ്. പാട്ടിനൊപ്പം തന്നെ വിഡിയോയിലെ വിഷ്വലുകളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. മുമ്പ് പുറത്തുവന്ന ടീസറുകളിലെയും ട്രെയിലറുകളിലെയും രംഗങ്ങളെക്കാൾ മികച്ച വിഷ്വൽ എഫക്ട്സും കളർ ഗ്രേഡിങ്ങുമാണ് പുതിയ ഗാനത്തിലുള്ളതെന്ന് ആരാധകർ ചൂണ്ടിക്കാണിക്കുന്നു.
മുൻപ് ലഭിച്ച വിമർശനങ്ങൾ ഉൾക്കൊണ്ട് വിഎഫ്എക്സ് രംഗങ്ങളിൽ അണിയറപ്രവർത്തകർ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. പ്രേക്ഷകരുടെ പ്രതികരണങ്ങൾ കൃത്യമായി നിരീക്ഷിച്ച് ദൃശ്യങ്ങൾ കൂടുതൽ മനോഹരമാക്കാൻ പരിശ്രമിക്കുന്നുണ്ടെന്ന് നിർമ്മാതാവ് നമിത് മൽഹോത്ര മുൻപ് വ്യക്തമാക്കിയിരുന്നു.
രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ഈ ഇതിഹാസ കാവ്യത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. രൺബീർ കപൂർ, സായ് പല്ലവി, യഷ്, സണ്ണി ഡിയോൾ, രവി ദുബെ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളാവുന്നത്. ചിത്രത്തിന്റെ ആദ്യഭാഗം 2026 ദീപാവലി റിലീസായി തിയറ്ററുകളിലെത്തും.