alla-bolelo-arunraj

കഴിഞ്ഞ ദിവസമാണ് ജയിലര്‍ 2വിലെ ആദ്യഗാനം പുറത്തിറങ്ങിയത്. ‍അനിരുദ്ധ് രവിചന്ദർ ഈണം നൽകി ആലപിച്ച 'അല്ല ബോലെലോ' എന്ന ഗാനത്തിന് വരികൾ കുറിച്ചിരിക്കുന്നത് അരുൺരാജ് കാമരാജാണ്. ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ പാട്ടിലെ മലയാളം വാക്കുകളുടെ ഉച്ചാരണത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായിരുന്നു. പ്രൊമോയിൽ കേൾക്കുന്ന മലയാളം വരികളുടെ ഉച്ചാരണം തെറ്റാണെന്നും അത് കേൾക്കാൻ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നുമാണ് പ്രേക്ഷകരുടെ പ്രധാന പരാതി. 

വിമര്‍ശനങ്ങളില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗാനരചയിതാവ് അരുണ്‍രാജ്. 'അല്ല ബോലെലോ' ഗാനത്തിലെ വരികൾ നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും ഉച്ചരിക്കാമെന്നും അതിന് അർഥമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതൊരു ജിബ്രിഷ് പാട്ട്(അര്‍ഥമില്ലാത്തതോ മനസിലാക്കാന്‍ പറ്റാത്തതോ ആയ ഭാഷ) ആണെന്നും സിനി ഉലകത്തിന് നല്‍കിയ അഭിമുഖത്തില്‍ അരുണ്‍രാജ് പറഞ്ഞു. 

'പാട്ട് ജിബ്രിഷ് ആയിരിക്കണമെന്നും സൗണ്ടിങ് നന്നായാൽ മതിയെന്നുമാണ് സംവിധായകൻ നെൽസൺ എന്നോട് പറഞ്ഞത്. എനിക്ക് മലയാളം അറിയില്ല. പാട്ടിന്‍റെ വലിയൊരു ഭാഗവും ജിബ്രിഷ് തന്നെയാണ്. ‘കൊലമാവ് കോകില’ എന്ന സിനിമയിൽ ‘കബിഷ്കബാ’ എന്നൊരു പാട്ടുണ്ട്. അതിന്‍റെ വരികൾ ശ്രദ്ധിച്ചാൽ മനസിലാകും, അത് ജിബ്രിഷ് ആണ്. ആ പാട്ടും ‘ജയിലറി’ലെ ‘കാവാല’ എന്ന പാട്ടും ചേർത്താൽ കിട്ടുന്ന ഫീൽ ആണ് ‘അല്ല ബോലെലോ’യ്ക്ക് ഞാൻ ഉദ്ദേശിച്ചത്.

പാട്ടിനൊരു താളമുണ്ടായിരിക്കണം. പാടുന്നവർക്ക് അതിന്‍റെ അർഥമൊന്നും ആലോചിക്കാതെ ഏറ്റുപാടാൻ കഴിയണം. ആ മീറ്ററിലാണ് ‘അല്ല ബൊലെലോ’ എഴുതിയത്. ഇതൊരു ഭാഷയാണ് എന്ന് വിചാരിച്ചാണ് പലർക്കും എതിർപ്പ് തോന്നിയത്. ഒരു ഭാഷയാണെങ്കിൽ അതിലെ ഗ്രാമർ തെറ്റുകൾ ചൂണ്ടിക്കാണിക്കാം. എന്നാലിത് ഒരു ഭാഷയല്ലല്ലോ. കേൾക്കുന്നവർക്ക് ആ വൈബ് കിട്ടണം എന്നുമാത്രമേ ഉദ്ദേശിച്ചുള്ളൂ. ആരെയും നിന്ദിക്കാനോ അധിക്ഷേപിക്കാനോ ഉദ്ദേശിച്ചിട്ടില്ല. കേരളത്തിന്റെ ഒരു ഭാഗത്ത് നടക്കുന്ന കഥാസന്ദർഭമായതിനാൽ സൗണ്ടിങ് ആ രീതിയിലാണ് ചെയ്തത്. സൗണ്ടിങ് കേട്ടായിരിക്കണം അത് മലയാളമാണെന്ന് പലരും തെറ്റിദ്ധരിച്ചത്. ‘എട മോനെ’ തുടങ്ങിയ ചുരുക്കം ചില വാക്കുകൾ മാത്രമേ ശരിയായതുള്ളൂ. ബാക്കിയൊക്കെയും ജിബ്രിഷ് തന്നെയാണ്,’ അരുണ്‍രാജ് പറഞ്ഞു. 

ENGLISH SUMMARY:

Lyricist Arunraj Kamaraj has responded to the severe social media criticism surrounding the Malayalam pronunciation in the song 'Alla Bolelo' from the upcoming movie Jailer 2. Many listeners and fans on social media had expressed displeasure, complaining that the Malayalam words in the promotional track were mispronounced and hard to understand. Addressing the controversy in an interview, Arunraj clarified that the song is entirely a gibberish track with no intended literal meaning or strict linguistic grammar. He revealed that director Nelson specifically instructed him to focus purely on the rhythmic sound and the overall musical vibe rather than correct linguistic structures. The lyricist frankly admitted that he does not know Malayalam, noting that phrases like 'Edha Mone' were occasional additions while the rest was meant to capture a specific regional sonic feel. He concluded by assuring audiences that there was never any intention to insult or offend anyone through the track's playful phrasing.