Image Credit: Twitter
തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി രാജ്മോഹൻ അറുമുഖനുമായുളള റാപ്പര്‍ വേടന്‍റെ കൂടിക്കാഴ്ചയെ രൂക്ഷമായി വിമര്‍ശിച്ച് ഗായിക ചിന്മയി ശ്രീപദ. ഗുരുതര പീഡനാനോപണങ്ങള്‍ നേരിടുന്ന വേടനെപ്പോലുളളവരോട് മുൻ സർക്കാരുകൾ കാണിച്ച സമീപനം വിജയ് സർക്കാർ കാണിക്കരുതെന്ന് ചിന്മയി എക്സില്‍ കുറിച്ചു. വേടനും തമിഴ്നാട് വിദ്യാഭ്യാസ മന്ത്രിയും ഒന്നിച്ച് നില്‍ക്കുന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് തന്‍റെ നിലപാട് വ്യക്തമാക്കി ചിന്മയി രംഗത്തെത്തിയത്.
ചിന്മയി പങ്കുവച്ച കുറിപ്പ്
'ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങൾ നേരിടുന്ന പുരുഷന്മാരോട് മുൻകാല ഭരണകൂടങ്ങള്‍ കാണിച്ച സമീപനം വിജയ് സർക്കാര്‍ കാണിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. കോവിഡ് സമയത്ത്, ഗോവിന്ദ് വസന്ത, മുഹ്‌സിൻ പരാരി, വേടൻ എന്നിവരും ഞാനും ചേർന്ന് ഒരു ഗാനം പ്രഖ്യാപിച്ചിരുന്നു. മലയാളം അടിസ്ഥാനമാക്കിയുള്ള ഒരു ക്ലബ്ഹൗസ് പരിപാടിയിൽ പങ്കെടുത്തപ്പോൾ, വേടനോടൊപ്പം എനിക്ക് എങ്ങനെ പ്രവർത്തിക്കാൻ കഴിയുമെന്ന് ഒരു സ്ത്രീ എന്നോട് ചോദിച്ചു. അന്ന് വേടനെതിരെ വന്ന വാര്‍ത്തകളെല്ലാം മലയാളത്തിലായിരുന്നു. അതുകൊണ്ടുതന്നെ ആ വിഷയത്തെക്കുറിച്ചും എനിക്ക് അറിവില്ലായിരുന്നു. പിന്നീട് അദ്ദേഹം തനിക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ച് ക്ഷമാപണം നടത്തി. ആ പ്രോജക്ട് ഉപേക്ഷിച്ചു'.
'അതിനുശേഷം മറ്റുപലരും വേടന്റെ പേര് പരാമർശിച്ച് രംഗത്തുവന്നിട്ടുണ്ട്. എന്റെ ജോലിക്കും അവസരങ്ങൾക്കും വലിയ നഷ്ടമുണ്ടായിട്ടും അദ്ദേഹം ഭാഗമായ സംഗീതപരിപാടികൾ ഞാൻ നിരന്തരം നിരസിച്ചു. സാമൂഹിക പ്രവർത്തനം സ്ത്രീകളുടെ കൺസെന്റിനെ ലംഘിക്കാനുള്ള ഒരു മുഖംമൂടിയായി പുരുഷന്മാർ ഉപയോഗിക്കുന്നത് എനിക്കൊരിക്കലും സ്വീകാര്യമല്ല. പ്രശ്നം അങ്ങനെ തന്നെ നിലനില്‍ക്കുകയാണ്. സമാനമായ സാമൂഹിക ചുറ്റുപാടുകളിലെ സ്ത്രീകൾ വേടനെപ്പോലുള്ള പുരുഷന്മാർക്കെതിരെ സംസാരിക്കുമ്പോള്‍ അവർക്ക് ഒരു പിന്തുണയും ലഭിക്കുന്നില്ല. മാത്രമല്ല അവര്‍ സമൂഹത്തില്‍ ഒറ്റപ്പെടുകയാണ് ചെയ്യുന്നത്'.
'പുരുഷനെ ഒരു ‘ഹീറോ’ ആയും ‘നേതാവ്’ ആയും കണക്കാക്കുന്ന സമൂഹത്തിൽ സ്ത്രീകള്‍ തികച്ചും ഒറ്റപ്പെടുകയാണ്. സ്ത്രീകൾ അവരുടെ ‘നല്ല സ്ത്രീ’ പട്ടത്തിനുവേണ്ടി എല്ലാ അതിക്രമങ്ങളും സഹിക്കണം. ശബ്ദമില്ലാത്തവരുടെ ശബ്ദമായി സ്വയം ചിത്രീകരിക്കുന്ന ഈ പുരുഷന്മാരിൽ ചിലർ, ആക്രമണകാരികളായി തുടരുകയാണ്, ഇതൊക്കെ മതിയായി' എന്നാണ് ചിന്മയി എക്സില്‍ കുറിച്ചത്.