ഇന്‍സ്റ്റഗ്രാം റീല്‍സുകളുടെ കാലത്ത് ഒരു പാട്ട് വൈറലാകാന്‍ വലിയ സമയം വേണ്ട. ഒരു ചെറിയ ഹുക്കോ, ഒരു ഹമ്മിങ്ങോ മതി — സോഷ്യല്‍ മീഡിയ ആ പാട്ടിനെ ഏറ്റെടുക്കും. പുതിയ പാട്ടുകള്‍ക്കൊപ്പം പഴയ ഗാനങ്ങളും ഇത്തരത്തില്‍ വീണ്ടും ട്രെന്‍ഡിങ്ങാകുന്നത് ഇന്ന് പതിവാണ്. അതോടൊപ്പം ഫ്യൂഷന്‍ ട്രാക്കുകളും സോഷ്യല്‍ മീഡിയയിലെ പുതിയ ട്രെന്‍ഡായി മാറിയിരിക്കുകയാണ്.
സ്പാനിഷ് ഹിപ്പ് ഹോപ്പ് ആര്‍ട്ടിസ്റ്റ് ഗട്സിന്‍റെ ‘കം ക്ലോസറും’ ഇളയരാജ ഈണം നല്‍കിയ ‘കിളിയേ കിളിയേ’യും ചേര്‍ന്ന ഫ്യൂഷന്‍, ദി വീക്കെന്‍ഡിന്‍റെ ‘സ്റ്റാര്‍ ബോയ്’ക്കും ‘പ്രായം തമ്മില്‍’ പാട്ടിനും ഇടയിലുണ്ടാക്കിയ മാഷ് അപ്പും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായിരുന്നു. ‘കിളിയേ കിളിയേ - കം ക്ലോസര്‍’ ഫ്യൂഷന്‍ പിന്നീട് ’ലോക; ചാപ്റ്റര്‍ വണ്‍ ചന്ദ്ര’യിലും ഉപയോഗിക്കപ്പെട്ടു.
ഇപ്പോഴിതാ റീലുകളില്‍ വീണ്ടും വൈറലാകുന്നത് മറ്റൊരു ഫ്യൂഷനാണ്. ‘ഗജിനി'യിലെ സൂപ്പര്‍ഹിറ്റ് പാട്ട് ‘ഒരു മാലൈ’യും ഇറ്റാലിയന്‍ റോക്ക് ബാന്‍ഡ് മാനെസ്കിന്‍റെ ‘ബെഗിനും’ ചേര്‍ന്ന ‘ഒരു മാലൈ ബെഗിന്‍’ ഫ്യൂഷനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുന്നത്. റീലുകളില്‍ നിരന്തരം റീഷെയര്‍ ചെയ്യപ്പെടുന്ന ഈ ട്രാക്ക് പുറത്തിറക്കിയത് ‘സിംഫണി’ എന്ന യൂ ട്യൂബ് ചാനലാണ്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ കണ്ടത്.
പക്ഷേ ഈ ഫ്യൂഷന്‍റെ യഥാര്‍ഥ ഹൈലൈറ്റ് മറ്റൊന്നാണ്. പാട്ടിനിടയില്‍ അപ്രതീക്ഷിതമായി എത്തുന്ന കെ.എസ്.ചിത്രയുടെ മധുരമായ ഹമ്മിങ്. അതുവരെ ഹൈ-എനര്‍ജി ബീറ്റില്‍ പോയിരുന്ന ട്രാക്ക്, ചിത്രയുടെ ശബ്ദം എത്തുന്നതോടെ പെട്ടെന്ന് ഒരു മെലഡി ഫീലിലേക്ക് മാറുന്നു. ആ ചെറിയ ഹമ്മിങ്ങാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ മുഴുവന്‍ കൗതുകത്തിലാക്കിയത്. ’ഈ ഹമ്മിങ് ഏത് പാട്ടിലേതാണ്?’ — എന്ന ചോദ്യമാണ് റീലുകളുടെ കമന്റ് ബോക്സുകളില്‍ നിറയുന്നത്.
അതിനുള്ള ഉത്തരവും ഇപ്പോള്‍ വൈറലാകുകയാണ്. ’കറുത്തമ്മ’ എന്ന ചിത്രത്തിനായി എ.ആര്‍. റഹ്മാന്‍ സംഗീതം നല്‍കിയ ‘തെന്‍മാര്‍ക്ക് പരുവ കാട്ര്’ എന്ന ഗാനത്തിന്‍റെ ഒടുവില്‍ വരുന്ന ചിത്രയുടെ ഹമ്മിങ്ങാണ് ഈ ഫ്യൂഷനില്‍ ഉപയോഗിച്ചിരിക്കുന്നത്. ഹമ്മിങ് തിരിച്ചറിഞ്ഞ സംഗീതാസ്വാദകര്‍ ഇപ്പോള്‍ കമന്‍റ് സെക്ഷനില്‍ അത് പങ്കുവച്ചും ചര്‍ച്ചയാക്കിയും രംഗത്തുണ്ട്.