ar-rahman-son-accident-amine-rahman

പ്രശസ്ത സംഗീതസംവിധായകൻ എ.ആർ റഹ്മാന്റെ മകനും ഗായകനുമായ അമീന്‍ റഹ്മാന് അപകടം. ചെന്നൈ ഗിണ്ടിയിലെ കത്തിപാര ഫ്ലൈഓവറിന് സമീപം തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം. സുഹൃത്തിനൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടെ അമീന്‍ സഞ്ചരിച്ചിരുന്ന പോർഷെ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

പുലർച്ചെ 3.30ഓടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. കൊയമ്പേടിൽ നിന്ന് ചെന്നൈ ഭാഗത്തേയ്ക്ക് പോകുന്നതിനിടെ ഒളിമ്പിയ ടെക് പാർക്ക് സിഗ്നലിന് സമീപമാണ് അപകടം സംഭവിച്ചത്. സൈഡ് റോഡിൽ നിന്ന് പ്രധാന റോഡിലേയ്ക്ക് പ്രവേശിച്ച വാഗൺ ആർ കാറുമായി അമീന്റെ പോർഷെ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

അപകടത്തിന് പിന്നാലെ അമീനെയും സുഹൃത്തിനെയും ഇടിച്ച വാഹനത്തിലുണ്ടായിരുന്നവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമീനെയും വാഗൺ ആർ ഡ്രൈവറെയും കാവേരി ആശുപത്രിയിലാണ് ചികിത്സയ്ക്കായി എത്തിച്ചത്. ഇരുവർക്കും നേരിയ പരിക്കുകളാണ് ഉണ്ടായിരുന്നത്. ചികിത്സയ്ക്ക് ശേഷം ഇരുകൂട്ടരേയും ഡിസ്ചാർജ് ചെയ്തു.

വാഗൺ ആറിലുണ്ടായിരുന്ന പരിക്കേറ്റ മറ്റൊരാളെ കലൈഞ്ജർ സെന്റിനറി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തെയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

അപകടവുമായി ബന്ധപ്പെട്ട് ആദയർ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിങ് അന്വേഷണം ആരംഭിച്ചു. അപകടത്തിൽപ്പെട്ട രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനുള്ള പരിശോധനകൾ തുടരുകയാണ്.

ആരാണ് അമീന്‍ റഹ്മാൻ?

എ.ആർ. റഹ്മാന്റെയും സൈറ ബാനുവിന്റെയും മകനായ അമീന്‍ റഹ്മാൻ പിന്നണി ഗായകനെന്ന നിലയിൽ ശ്രദ്ധേയനാണ്. 2015ൽ മണിരത്നം സംവിധാനം ചെയ്ത ‘ഓ കാതൽ കൺമണി’ എന്ന ചിത്രത്തിലെ ‘മൗലാ സല്ലി വസല്ലിം’ എന്ന ഗാനത്തിലൂടെയാണ് സിനിമാ പിന്നണി ഗാനരംഗത്തേയ്ക്ക് എത്തിയത്. തുടർന്ന് വിവിധ ഭാഷകളിലും സംഗീതശൈലികളിലുമായി നിരവധി ഗാനങ്ങളിൽ അമീന്‍ പ്രവർത്തിച്ചു. പിതാവായ എ.ആർ. റഹ്മാന്റെ അന്താരാഷ്ട്ര സംഗീതപര്യടനങ്ങളിലും അമീന്‍ വേദി പങ്കിട്ടിട്ടുണ്ട്.

അടുത്തിടെ രാം ചരൺ നായകനാകുന്ന ‘പെദ്ദി’ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ ‘ചികിരി ചികിരി’ എന്ന ഗാനത്തിനും അമീന്‍ ശബ്ദം നൽകി. ഗായികയും ഗാനരചയിതാവുമായ ജസ്ലീൻ റോയലിനൊപ്പം ‘ഭീഗി ഭീഗി’ എന്ന സ്വതന്ത്ര ഗാനത്തിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ദുൽഖർ സൽമാനും മൃണാൾ താക്കൂറുമാണ് ഗാനത്തിന്റെ മ്യൂസിക് വീഡിയോയിൽ അഭിനയിച്ചത്.