Image: facebook.com/arrahman
കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ബോളിവുഡ് വല്ലാതെ മാറിയെന്ന് വിഖ്യാത സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാന്‍. അധികാരശ്രേണിയിലെ മാറ്റം വളരെ പ്രകടമാണ്. ‘ക്രിയേറ്റിവ്’ അല്ലാത്ത ആളുകള്‍ ആണ് ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതില്‍ വര്‍ഗീയ വികാരവും ഉണ്ടെന്നാണ് പറഞ്ഞുകേള്‍ക്കുന്നതെന്ന് റഹ്മാന്‍ ബിബിസി എഷ്യന്‍ നെറ്റ്‍വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
Image: facebook.com/arrahman
ദക്ഷിണേന്ത്യയില്‍ നിന്ന് ബോളിവുഡിലെത്തി നിലനില്‍ക്കാന്‍ കഴിഞ്ഞ ഏക സംഗീതസംവിധായകന്‍ താനാണെന്ന് എ.ആര്‍.റഹ്മാന്‍ പറഞ്ഞു. ‘ഇസൈജ്ഞാനി ഇളയരാജ ഏതാനും ഹിന്ദി സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അവ മുഖ്യധാരാ സിനിമകളായിരുന്നില്ല. അത്തരമൊരു സ്ഥലത്ത് കയറിച്ചെല്ലാന്‍ കഴിഞ്ഞതും അവര്‍ എന്നെ സ്വീകരിച്ചതും വളരെ ചാരിതാര്‍ഥ്യമുണ്ടാക്കിയ കാര്യമാണ്.’
മോശം ലക്ഷ്യങ്ങളോടെ ചെയ്യുന്ന സിനിമകളില്‍ താന്‍ സഹകരിക്കാറില്ലെന്ന് റഹ്മാന്‍ തുറന്നുപറഞ്ഞു. വിക്കി കൗശല്‍ നായകനായ ‘ഛാവ’യെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ അത് ഭിന്നതയുണ്ടാക്കുന്ന സിനിമ തന്നെയാണെന്ന് റഹ്മാന്‍ സമ്മതിച്ചു. ‘പക്ഷേ ധൈര്യവും പരാക്രമവുമാണ് ഛാവയുടെ അടിസ്ഥാന വികാരം. അതുകൊണ്ടാണ് അതിന്‍റെ സംഗീതം ഏറ്റെടുത്തത്. സിനിമ കൊണ്ട് ജനങ്ങളെ ഭിന്നിപ്പിക്കാനൊന്നും കഴിയില്ല. പ്രേക്ഷകര്‍ വളരെ സമര്‍ഥരാണ്.’ – റഹ്മാന്‍ പറഞ്ഞു.
റോജ, ബോംബെ, ദില്‍ സേ എന്നീ ചിത്രങ്ങളാണ് എ.ആര്‍.റഹ്മാനെ ബോളിവുഡിന്‍റെയും ഇഷ്ടസംഗീതജ്ഞനാക്കിയത്. എന്നാല്‍ ഉത്തരേന്ത്യയില്‍ തന്നെ ചിരപ്രതിഷ്ഠനാക്കിയത് സുഭാഷ് ഘായ് സംവിധാനം ചെയ്ത ‘താള്‍’ ആയിരുന്നുവെന്ന് റഹ്മാന്‍ പറയുന്നു. പഞ്ചാബി ഹിന്ദിയും പര്‍വതമേഖലകളിലെ സംഗീതവുമെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ ‘താളി’ലെ പാട്ടുകള്‍ ഉത്തരേന്ത്യന്‍ വീടുകളില്‍ കാലങ്ങളോളം തരംഗമായി നിലനിന്നു.
സുഭാഷ് ഘായിയുടെ സ്നേഹപൂര്‍ണമായ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഹിന്ദി പഠിക്കാന്‍ മുതിര്‍ന്നതെന്ന് എ.ആര്‍. റഹ്മാന്‍ വെളിപ്പെടുത്തി. ‘താങ്കളുടെ സംഗീതം എനിക്ക് അങ്ങേയറ്റം ഇഷ്ടമാണ്. താങ്കള്‍ ബോളിവുഡില്‍ എക്കാലവും ഉണ്ടാകണം. അതിന് ഹിന്ദി പഠിക്കണം.’ – ഇതായിരുന്നു ഘായുടെ വാക്കുകള്‍. ഞാന്‍ ഹിന്ദി മാത്രമല്ല, അറുപതുകളിലെയും എഴുപതുകളിലെയും ഹിന്ദി സിനിമാസംഗീതത്തിന്‍റെ അടിത്തറയായിരുന്ന ഉര്‍ദുവും പഠിക്കാമെന്ന് റഹ്മാന്‍ സുഭാഷ് ഘായ്ക്ക് ഉറപ്പുനല്‍കി. അതിന് നിറവേറ്റുകയും ചെയ്തു.