സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാനെ തനിക്ക് വളരെയധികം ഇഷ്ടമായിരുന്നുവെന്ന് നടി മോഹിനി. അക്കാലത്ത് അദ്ദേഹം വിവാഹം കഴിച്ചാലോ എന്ന് വരെ താന്‍ ആലോചിച്ചിരുന്നുവെന്നും വലിയ എതിര്‍പ്പൊന്നമില്ലാതെ വീട്ടുകാര്‍ സമ്മതിക്കുമായിരുന്നുവെന്നും മോഹിനി പറഞ്ഞു. അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചപ്പോള്‍ ഹൃദയം തകര്‍ന്നുവെന്നും ദിലീപായി തന്നെ ഇരുന്നാല്‍ മതിയായിരുന്നുവെന്നും മോഹിനി പറഞ്ഞു. വൗ തമിഴാ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോഹിനിയുടെ തുറന്നുപറച്ചില്‍.
‘ഞാൻ അതിഭീകര എ.ആർ റഹ്മാൻ ഫാൻ ആയിരുന്നു. അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ച വാർത്തയറിഞ്ഞ് ഏറ്റവും കൂടുതൽ വിഷമിച്ചത് ഞാനാകും. ഞാനപ്പോൾ ഹിന്ദുവായിരുന്നു. അദ്ദേഹം ദിലീപായിത്തന്നെ തുടർന്നാൽ മതിയായിരുന്നു. എങ്കിൽ, അദ്ദേഹത്തെ ഇഷ്ടമാണെന്ന് എന്റെ വീട്ടിൽ പറയാമായിരുന്നു എന്നു വരെ ഞാൻ ആലോചിച്ചിട്ടുണ്ട്. വലിയ വഴക്കുകളൊന്നുമില്ലാതെ അവർ സമ്മതിച്ചേനേ. ഞങ്ങൾ തമ്മിൽ വലിയ പ്രായവ്യത്യാസവുമില്ല.
ലക്ഷ്മി ആന്റി (തമിഴ് നടി ലക്ഷ്മി) എന്നെ ഇടക്കിടയ്ക്ക് കളിയാക്കുമായിരുന്നു. നീ ബിരിയാണിയൊക്കെ ഉണ്ടാക്കാൻ പഠിച്ചോളൂ നിനക്കല്ലേ അദ്ദേഹത്തെ ഇഷ്ടം. വിവാഹം ചെയ്യണമെങ്കില്‍ ബിരിയാണി ഉണ്ടാക്കാനൊക്കെ പഠിക്കണം. റഹ്മാന് അതൊക്കെയാണ് ഇഷ്ടം എന്നൊക്കെ പറയുമായിരുന്നു. എ.ആർ റഹ്മാനെ ജീവിതത്തിൽ ഒരു തവണയേ കാണാൻ കഴിഞ്ഞിട്ടുള്ളൂ. അദ്ദേഹത്തിന്റെ മലേഷ്യയിലെ സംഗീത പരിപാടിക്ക് ഞാനായിരുന്നു ആങ്കർ. അന്ന് ആദ്യമായി എ.ആർ റഹ്മാനെ നേരിൽ കണ്ടു.
പരിപാടി കഴിഞ്ഞ് ഫ്ലൈറ്റിൽവച്ച് അദ്ദേഹം എന്നോട് ഹലോ പറഞ്ഞു. ഫ്ലൈറ്റിൽ ഒരുപാട് ആർട്ടിസ്റ്റുകൾ ഉണ്ടായിട്ടും എന്നോട് മാത്രമാണ് അദ്ദേഹം ഹലോ പറഞ്ഞത്. അതിനുശേഷം ഫ്ലൈറ്റിലുണ്ടായിരുന്ന ആരും എന്നോട് മിണ്ടിയില്ല. ഫ്ലൈറ്റിലുള്ള ബാക്കിയുള്ളവർക്ക് എന്നോട് അസൂയ തോന്നിയിരുന്നു,' മോഹിനി പറഞ്ഞു.