real-kerala-story

ലോക ചലച്ചിത്രഭൂപടത്തിൽ ഇന്ത്യയെ അടയാളപ്പെടുത്തുന്ന ബിന്ദുവാണ്, ബോളിവുഡ്. ഷോലെയും ​ല​ഗാനും ദം​ഗലും പികെയും അങ്ങനെ അഭിമാനിക്കാവുന്ന നേട്ടങ്ങൾ നൽകിയ  ചലച്ചിത്ര പ്രവർത്തകരടങ്ങിയ ഇൻഡസ്ട്രി. അവരിപ്പോൾ ഭരണകൂടത്തിന് മുന്നിൽ മുട്ടിലിഴയുകയാണോ? ആണെന്ന് പറയേണ്ടിവരും. 'ദി കേരള സ്റ്റോറി 2' അതിന് ഒടുവിലത്തെ ഉദാഹരണമാണ്.

the-kerala-story-two

'ദി കേരള സ്റ്റോറി 2 ഗോസ് ബിയോണ്ടി'ൻറെ ട്രെയിലർ പുറത്തുവന്നതോടെ മലയാളികളൊന്നടങ്കം പ്രതിഷേധത്തിലാണ്. ട്രെയിലറിനൊടുവിൽ എഴുതിക്കാണിക്കുന്നത് മാതാപിതാക്കൾക്കുള്ള മുന്നറിയിപ്പാണ്, അടുത്ത ഇര നിങ്ങളുടെ മകൾ ആയിരിക്കാം, അതായത്, പെൺകുട്ടികൾക്ക് സ്വന്തമായി ചിന്തിക്കാനുള്ള ബുദ്ധിയും ബോധവും ഇല്ല, അതുകൊണ്ട് മാതാപിതാക്കൾ സൂക്ഷിക്കുക എന്ന് കൂടിയാണ് അവർ പറഞ്ഞുവക്കുന്നത്. നിരവധി സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ സിനിമ എന്ന അവകാശവാദത്തോടെയാണ് അമ്മയും അച്ഛനും ഉൾപ്പെടെ മുസ്ലിങ്ങൾ കുടുംബത്തോടെ ഹിന്ദു പെൺകുട്ടികളോട് കൊടും ക്രൂരതകൾ ചെയ്യുന്ന രം​ഗങ്ങളുമായി ട്രെയിലർ ഇറങ്ങിയിരിക്കുന്നത്. ആദ്യം പുറത്തുവന്ന 'കേരള സ്റ്റോറി'യുടെ അവകാശ വാ​ദവും ഇത് തന്നെയായിരുന്നു, 32000 പേർ മതം മാറി ഐഎസിൽ ചേർന്നുവെന്ന്. എന്നാൽ ഈ കണക്കിന് ഔദ്യോഗികമായ തെളിവുകളില്ലെന്ന് വിമർശനം ഉയർന്നതോടെ ടീസറിലെ വിവരണം തിരുത്തി. കണക്കുകൾക്ക് വ്യക്തമായ ആധികാരികതയില്ലെന്ന് സിനിമയുടെ അണിയറപ്രവർത്തകർക്ക് കോടതിയിൽ സമ്മതിക്കേണ്ടിവന്നു. 32,000 സ്ത്രീകൾ മൂന്ന് യുവതികളായി മാറി. 

2014ന് ശേഷം ബോളിവുഡിൽ വന്ന മാറ്റത്തെ കുറിച്ച് പലരും തുറന്നുപറഞ്ഞിട്ടുണ്ട്. 'ദി കശ്മീർ ഫയൽസോ' 'ഛാവ'യോ പോലെയുള്ള ചിത്രങ്ങളിൽ താൻ അഭിനയിക്കില്ലെന്ന് ബോളിവുഡ് താരം ജോൺ എബ്രഹാം തുറന്നു പറഞ്ഞിരുന്നു. കഴിഞ്ഞ എട്ടുവർഷത്തിനിടെ ബോളിവുഡ് വല്ലാതെ മാറിയെന്നും അതിന് പിന്നിൽ വർഗീയ വികാരങ്ങളുണ്ടാവാമെന്നും സംഗീത സംവിധായകൻ എ.ആർ.റഹ്മാൻ. രാഹുൽ ഗാന്ധിയോ മോദിയോ ഇഷ്ടപ്പെട്ട നേതാവ് എന്ന ചോദ്യത്തിന് മോദിയെ ചൂണ്ടിക്കാണിച്ച് തനിക്ക് കുറച്ച് നാൾ കൂടി ഈ രാജ്യത്ത് ജീവിക്കണമെന്നാണ് തപ്സി പന്നു പറ‍ഞ്ഞത്. 

kerala-story-director

സം​ഘപരിവാർ ആശയങ്ങളോട് ചേർന്നുനിൽക്കുന്ന, ബിജെപി സർക്കാരിനെ പിന്തുണക്കുന്ന ഉള്ളടക്കമുള്ള നിരവധി സിനിമകളാണ് 2014ന് ശേഷം പുറത്തുവന്നത്. സിനിമയിൽ മാത്രമല്ല, വ്യക്തിജീവിതത്തിലും സംഘപരിവാറിനോടുള്ള പിന്തുണ തുറന്നുകാണിക്കുന്നു താരങ്ങൾ. മോദിയെ പുകഴ്ത്തിയുള്ള പാട്ടിൽ എത്തിയത് വരുൺ ധവാൻ, അർഷദ് വാർസി, രാജ്കുമാർ റാവോ, വിക്രാന്ത് മാസി മുതലായ താരങ്ങളാണ്. ആർഎസ്എസിൻറെ 100–ാം വാർഷികാഘോഷത്തിലേക്ക് സൽമാന് ഖാൻ, രൺബീർ കപൂർ, അക്ഷയ് കുമാർ, വിക്കി കൗശൽ, കരൺ ജോഹർ എന്നിങ്ങനെ വലിയൊരു താരനിര തന്നെ എത്തി. 

ദേശീയതയും സർക്കാർ പദ്ധതികളും പുകഴ്ത്തുന്ന, മുസ്ലിം ഭരണാധികാരികളെ ശത്രുക്കളായും ഹിന്ദു രാജാക്കന്മാരെ നായകന്മാരായും ചിത്രീകരിക്കുന്നതും സൈനിക നീക്കങ്ങളെ ആസ്പദമാക്കിയുള്ളതുമായ ചിത്രങ്ങൾ. നരേന്ദ്ര മോദിയുടെ ജീവിതത്തെ പറ്റിയുള്ള എണ്ണിയാലൊടുങ്ങാത്ത ബയോ പിക്കുകൾ, മുൻ പ്രധാനമന്ത്രിമാരെ കഴിവുകെട്ടവരാക്കിയ ചിത്രങ്ങൾ, എല്ലാമിറങ്ങിയത് ബോളിവുഡിൽ. അതിനിടയ്ക്ക് കാവി രാഷി രാഷ്ട്രീയത്തോട് എതിരിട്ട് നിൽക്കുന്ന സംസ്ഥാനങ്ങളെ ഇകഴ്ത്തി ദി കേരള സ്റ്റോറിയും കശ്മീർ ഫയൽസും വന്നു. 

chhaava-vicky

ഇനി ബോളിവുഡ് സംവിധായകരൊന്നും കാണാത്ത കണ്ടാലും സിനിമയാക്കാനിടയില്ലാത്ത ചില റിയൽ സ്റ്റോറി പറയാം. ബീഫിൻറെ പേരിൽ, ജയ് ശ്രീറാം വിളിക്കാൻ വിസമ്മതിച്ചതിൻ്റെ പേരിൽ, ക്രിസ്ത്യൻ പള്ളിയിൽ സമാധാനമായി ആരാധന നടത്തുന്നതിൻ്റെ പേരിൽ, മനുഷ്യരെ മർദിക്കുകയും തല്ലിക്കൊല്ലുകയും ചെയ്യുന്നത് കേരളത്തിലല്ല. ഈ വർഷം ജനുവരി ഒന്ന് മുതൽ 15വരെ ഡൽഹിയിൽ കാണാതായത് 807 മനുഷ്യരെയാണ്, അതിൽ 509 പേരും സ്ത്രീകളാണ്. കഴിഞ്ഞ വർഷം കാണാതായത് 24, 508 പേരെ. ഇത് സുദീപ്തോ സെൻ വായുവിൽ എഴുതിക്കൂട്ടിയ 32,000 എന്ന മാജിക് നമ്പറല്ല, ഡൽഹി പൊലീസ് രേഖപ്പെടുത്തിയ യഥാർത്ഥ കണക്കാണ്. ഇതിനെ പറ്റി ഒരു ഡൽഹി ഫയൽസോ ദി ഡൽഹി സ്റ്റോറിയോ വരുമോ? വന്നാൽ അതിന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ടാക്സ് ഇളവ് നൽകുമോ? തിരഞ്ഞെടുപ്പ് റാലികളിൽ മോദി ആ ചിത്രങ്ങളെ പ്രശംസിക്കുമോ? ഇതൊന്നും ഉണ്ടാവില്ല. 

എന്നാൽ ഇത്രയും സഹവർത്തിത്തോടെ കഴിയുന്ന ജനതയെ പറ്റി വർഗീയ ചേരിതിരിവുണ്ടാക്കുന്ന സാങ്കൽപ്പിക സൃഷ്ടിയുണ്ടാക്കി അത് യഥാർഥ കഥയെന്ന പേരിൽ സിനിമയിറക്കാം, സെൻസർ ബോർഡിൻറെ പൂർണ അംഗീകാരത്തോടെ. സെൻസർ ബോർഡ് ബീഫ് ബിരിയാണി കഴിക്കുന്ന രംഗം കട്ട് ചെയ്യും, ബീഫ് എന്ന പേരുള്ള സിനിമ കട്ട് ചെയ്യും, കലാപത്തിനിടയിൽ ഗർഭിണിയെ ബലാൽസംഗം ചെയ്യുന്ന രംഗം കട്ട് ചെയ്യും, ജാനകി എന്ന പേര് കട്ട് ചെയ്യും തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ പോകുന്ന നടനായ നേതാവിൻറെ സിനിമ മുഴുവനായും തന്നെ കട്ട് ചെയ്യും, എന്നാൽ ഒരു സംസ്ഥാനത്തിനെതിരായി ഒന്നാകെ വിദ്വേഷം പ്രചരിപ്പിക്കുന്ന ചിത്രത്തിനോ, പൂർണ പിന്തുണയും. 

ദി കേരള സ്റ്റോറി 2 സിനിമ ഉണ്ടാക്കാൻ പോകുന്ന വിഭജനത്തെ ഓർത്ത് ഭയമുണ്ട്, 'ദി കശ്മീർ ഫയൽസ്' കണ്ട് തിയേറ്ററുകളിൽ മുസ്​ലിങ്ങൾക്കെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കിയവർക്കിടയിൽ, 'ഛാവ്വ' സിനിമ കണ്ട് ചരിത്രപ്രസിദ്ധമായ അസീർഗഡ് കോട്ടയ്ക്ക് ചുറ്റും നിധി തേടി കുഴിക്കാൻ ഇറങ്ങിയവർക്കിടയിൽ, ഈ സിനിമ ഉണ്ടാക്കാൻ പോകുന്ന സ്വാധീനമോർത്ത് ഭയമുണ്ട്.

Untitled design - 1

എന്നാൽ 'ദി കേരള സ്റ്റോറി' കേരളത്തെ ബാധിക്കുമോ? അതോർത്ത് നിങ്ങൾ പേടിക്കണ്ട, കേരളത്തിലെ ഒരു കരിയില അനക്കാൻ പോലും ഈ സിനിമക്കാവില്ല, കാരണം നമ്മുടെ സ്റ്റോറി, അത് വേറെയാണ്. ബസ് കത്തുമ്പോൾ മൊബൈൽ ഫോൺ ഉയർത്തി വിഡിയോ എടുക്കാതെ തീ അണയ്ക്കാൻ എസ്റ്റിഗ്യൂഷറുമായി ഓടുന്ന ജനങ്ങളുടെ ഒരുമയുടെ നാടാണ് കേരളം. കണ്ട് കൊതി തീരാത്ത പൊന്നോമയുടെ വേർപാടിൻറെ ദുഖത്തിൽ നീറുമ്പോഴും മറ്റ് കുഞ്ഞുങ്ങൾക്കായി അവളുടെ അവയവദാനം നടത്തിയ മാതാപിതാക്കളുടെ, ആ ആംബുലൻസിന് ഒന്നാകെ വഴിയൊരുക്കുന്ന ഒരു നാടിൻറെ കഥയാണ് യഥാർഥ കേരള സ്റ്റോറി, ഒരു ജീവന്‍ ആപത്തിലായാല്‍ അതിപ്പോള്‍ ഒരു പൂച്ചയുടേത് ആയാല്‍ പോലും രക്ഷിക്കാനിറങ്ങുന്ന, ആംബുലന്‍സും ഫയര്‍ ഫോഴ്സും ഉള്‍പ്പെടെയുള്ള സന്നാഹങ്ങളെത്തുന്ന നാടാണ് കേരളം. ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട നിരാശയിൽ നിന്നും നാം ഒന്നിച്ച് കെട്ടിപ്പൊക്കിയ വീടിൻറെ താക്കോൽ ദാനത്തിൽ കണ്ണ് നിറഞ്ഞുള്ള ആ അമ്മയുടെ പുഞ്ചിരിയാണ് യഥാർഥ കേരള സ്റ്റോറി.

ENGLISH SUMMARY:

Bollywood is increasingly prioritizing political messaging over artistic integrity. The Kerala Story 2 as examples of controversial narratives being used to promote specific ideologies. Prominent figures such as A.R. Rahman and John Abraham are mentioned as expressing concern about rising communal and political influence in the industry. The participation of top celebrities in government-aligned events reflects growing political pressure within Bollywood.