മറവിയിൽ മറയാത്ത ഈണങ്ങൾ നൽകിയ സംഗീത സംവിധായകൻ സലിൽ ചൗധരിക്ക് ഇന്ന് നൂറാം ജന്മവാർഷികം. മാനസ മൈനയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ സലിൽ ദാ വിവിധ ഭാഷകളിൽ സംഗീതം ഒരുക്കി. രവീന്ദ്രനാഥ ടാഗോറിനുശേഷം ബംഗാളി സംഗീതത്തിന്‍റെ തുടർച്ച ഏറ്റെടുക്കുകയും ഒരു പതിറ്റാണ്ടിലേറെക്കാലം മലയാള ചലച്ചിത്ര ഗാനരംഗം കീഴടക്കുകയും ചെയ്ത ഇന്ത്യൻ സംഗീത വിസ്മയം.
ചെമ്മീനിലെ ഈ പാട്ടിലൂടെ നാളിതുവരെ മലയാളി കേൾക്കാത്ത ഓർക്കസ്ട്രേഷനും ഈണവും പരിചയപ്പെടുത്തി. പിന്നീട് 27 ചിത്രങ്ങളായി 106 ഗാനങ്ങൾക്ക് സംഗീതം നൽകി. 1949ൽ പരിബർത്തൻ എന്ന ചിത്രത്തിനു സംഗീതം നൽകിയായിരുന്നു സലീൽ ദായുടെ തുടക്കം. ബംഗാളിൽ അദ്ദേഹം സംഗീതജ്ഞൻ മാത്രമായിരുന്നില്ല കവിയും നാടകകൃത്തും, കഥാകൃത്തുമൊക്കെയായിരുന്നു. പിന്നീട് ഹിന്ദിയിലേക്ക്.
മലയാളത്തിൽ വയലാർ, ഒ.എന്‍.വി, ശ്രീകുമാരൻ തമ്പി എന്നിവർക്കൊപ്പം ഒരേ ഈണം ഉപയോഗിച്ച് വിവിധ കഥാസന്ദർഭങ്ങൾക്കു വിവിധ ഭാവങ്ങൾ നൽകി സലീൽ ദാ. സങ്കടങ്ങൾ പോലും അതിമധുരമായ മാറി. യേശുദാസിനെ ഹിന്ദിയിൽ അവതരിപ്പിച്ചതും, മന്നാഡേ,ലത, സബിതാ ചൗധരി തുടങ്ങിയവരെ മലയാളത്തിൽ അവതരിപ്പിച്ചതും സലീൽ ദാ ആയിരുന്നു.
പാശ്ചാത്യ സംഗീത സാധ്യതകളും ഉത്തരേന്ത്യൻ ഫോക് സംഗീത പാരമ്പര്യവും നമ്മുടെ ചലച്ചിത്ര സംഗീതത്തിന്റെ പൊതുഭൂമികയെ അടയാളിപ്പെടുത്തി തുടങ്ങിയത് സലിൽ ചൗധരിയിലൂടെയാണ്. സിനിമാ ഗാനങ്ങൾക്ക് പുറമേ ഓണപ്പാട്ടുകൾ വേറെയും. കാലമേറെ കഴിഞ്ഞിട്ടും ആ ഗാനങ്ങൾ ഒരു ജനത ഒന്നടങ്കം മൂളുന്നുണ്ടെങ്കിൽ അത് സലീൽ ചൗധരി എന്ന സംഗീതമാന്ത്രികന്റെ പ്രതിഭ ഒന്നുകൊണ്ട് മാത്രമാണ്.