ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ ചിത്രമായിരുന്നു പൃഥ്വിരാജ് –മോഹൻലാൽ ചിത്രം എമ്പുരാൻ. ആരാധകരുടെ ഭാഗത്ത് നിന്ന് ഏറ്റവും അധികം വിമർശനം നേരിട്ടത് ചിത്രത്തിന്‍റെ സംഗീത സംവിധായകനായ ദീപക് ദേവ് ആയിരുന്നു. അദ്ദേഹത്തിന്‍റെ മ്യൂസിക് ചിത്രത്തിന്‍റെ നിലവാരത്തിന് ഒട്ടും യോജിച്ചത് അല്ലെന്നും അതാണ് ആസ്വാദന നിലവാരം താഴ്ത്തിയത് എന്നും ആരോപണം ഉയർന്നിരുന്നു.
പിന്നാലെ ദീപക് ദേവിനെതിരെ സൈബർ ആക്രമണവും നടന്നിരുന്നു. ഇതിനിടെ ദീപക് ദേവിന് പിന്തുണ എന്ന പേരിൽ ഗോപി സുന്ദർ പങ്കുവച്ച പോസ്റ്റും വിവാദമായിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തിൽ പ്രതികരിക്കുകയാണ് ദീപക് ദേവ്. ഗോപി സുന്ദർ ഒരിക്കലും തന്നെ പിന്തുണയ്ക്കാൻ വേണ്ടി ചെയ്ത കാര്യമാണ് അതെന്ന് വിശ്വസിക്കുന്നില്ലെന്നാണ് ദീപക് ദേവ് പറയുന്നത്.
ദീപക് ദേവിന്റെ വാക്കുകൾ
ഗോപി സുന്ദർ എന്ന് പറയുമ്പോൾ തന്നെ നിങ്ങൾക്കെല്ലാം ഒരു ചിരി മനസ്സിൽ വരില്ലേ, അതാണ് കാര്യം. എന്‍റെ കാര്യത്തിൽ ഞാൻ സപ്പോർട്ട് രീതി കണ്ടിരുന്നു. പക്ഷേ ഞാൻ വിശ്വസിക്കുന്നത് എന്നെ പിന്തുണയ്ക്കുന്ന ഒരാൾ ആണെങ്കിൽ എന്നെ നേരിട്ട് വിളിച്ചാണ് പറയേണ്ടിയിരുന്നത്. എന്നെ ഇന്നേവരെ അക്കാര്യത്തിനായി ഗോപി വിളിച്ചിട്ടില്ല. ആ ഒരു കാര്യത്തെ ഞാനൊരിക്കലും സപ്പോർട്ട് ആയി കാണുന്നേയില്ല.
ഞാൻ ആ പോസ്റ്റ് പോയി നോക്കിയിരുന്നു. പുള്ളി ഇട്ടത് സാഗർ ഏലിയാസ് ജാക്കിയുടെ തീം മ്യൂസിക് ആയിരുന്നു. ഈ പടത്തിന്‍റെ തീം മ്യൂസിക് ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നുള്ള ഒരു വിവാദം നടക്കുമ്പോൾ പുള്ളി ചെയ്തൊരു തീം മ്യൂസിക് അവിടെ കൊണ്ടുപോയി ഇട്ടു. എന്നിട്ട് അതിന്‍റെ അടിയിൽ ഞാൻ ചെയ്ത ലാലേട്ടന്‍റെ തീം മ്യൂസിക്കിനെ പറ്റി ഓർക്കാൻ ഇടയായി എന്നു പറഞ്ഞു. അപ്പോൾ ആൾക്കാർ അതിന്‍റെ ഇടയിൽ പറഞ്ഞു നിങ്ങളായിരുന്നു എമ്പുരാൻ ചെയ്യേണ്ടായിരുന്നത് എന്ന്. അപ്പോൾ പുള്ളി പറഞ്ഞു, അങ്ങനെ പറയരുത് ഹി ഈസ് മൈ ബ്രദർ എന്ന്. അപ്പോൾ പുള്ളിയുടെ ഉദ്ദേശം വേറെ എന്തൊക്കെയോ ആയിരുന്നു. നാട്ടുകാരും ചോറ് തന്നെ കഴിക്കുന്നത്. അതിൽ എഴുതിയിരിക്കുന്നത് ഒക്കെ അപക്വമായ കാര്യങ്ങളായിരുന്നു. ഞാൻ ആയിരുന്നെങ്കിൽ ഡയറക്ടർ പറയുന്നത് കേൾക്കില്ലായിരുന്നു എന്നൊക്കെയാണ്. എനിക്ക് തോന്നിയ മ്യൂസിക് ആണ് ആ പടത്തിന് വേണ്ടി ചെയ്യുക എന്നാണ് പറഞ്ഞത്.അവിടെ ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നു. ഇത് ശരിക്കും എനിക്ക് കൂടുതൽ ഡാമേജിംഗ് ആയിരുന്നു. പക്ഷേ, ഈ ഹി ഈസ് മൈ ബ്രദർ എന്ന് പറയുന്നൊരു വാക്കാണ് ആളുകൾ മീഡിയക്കാർ എടുത്തത്. ആ പോസ്റ്റ് കണ്ടുകഴിഞ്ഞാൽ എന്നെ സപ്പോർട്ട് ചെയ്യാനുള്ളതാണ് എന്ന് ഒരാൾക്കും തോന്നില്ല. ആ സമയത്ത് അതൊരു അസ്ഥാന പോസ്റ്റ് ആയിരുന്നു. ഞാനത് റിയാക്റ്റ് ചെയ്യേണ്ട എന്നാണ് പറഞ്ഞത്.
ഒരു കൂട്ടയിടി നടക്കുമ്പോൾ പുള്ളി കേറി രണ്ട് ഇടി ഇടിച്ചു. അത്രയേയുള്ളൂ കാര്യം. ആ സമയത്ത് ഗോപി അതിലും വലിയ പ്രശ്‌നങ്ങളിലൂടെ ആയിരുന്നു കടന്നുപോയത്. പുള്ളിക്ക് മ്യൂസിക് മാത്രമല്ല അല്ലാത്ത വേറെ കൊറേ കലാപരിപാടികൾ കൈയിലുണ്ട്, അതിൽ പ്രശ്‌നങ്ങളുമുണ്ട്. ആ സമയത്ത് ശവത്തിൽ കുത്താനായി ഞാനും ഇറങ്ങുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി ’