നാട്ടിലുള്ളവരേക്കാള്‍ നാടുവിട്ട് പ്രവാസജീവിതം നയിക്കുന്നവരുടെ ഹൃദയങ്ങളിലാണ് ഓര്‍മകളുടെ ഏറ്റവും സമ്പന്നമായ ഓണമുണ്ടാവുക. തിരുവോണത്തിന്റെ നിറക്കാഴ്ചകൾക്ക് പുതിയൊരു മാനം നൽകിക്കൊണ്ട് സൗദി അറേബ്യയിൽ നിന്നൊരുക്കിയ ഓണപ്പാട്ട് ആൽബം അത് ശരിയെന്ന് തെളിയിക്കും. പ്രവാസലോകത്തെ കലാകാരന്മാർ ഒരുക്കിയ 'തിരുവോണ തീവണ്ടി: ഒരു ഹൃദയസ്പർശിയായ ഓണയാത്ര' എന്ന സംഗീത ആൽബം അക്ഷരാര്‍ഥത്തില്‍ മലയാളമണ്ണിലെ ഓണത്തിനായി മരുഭൂമിയില്‍ വിരിഞ്ഞ പൂക്കളാണ്.
ചൂട്ടുപൊള്ളുന്ന മരുഭൂമിയിലെ മണ്ണിൽ ഓണത്തിന്റെ ഓർമകൾ പുനരാവിഷ്കരിച്ചിരിക്കുകയാണ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായ പാട്ടിലൂടെ. പ്രവാസികളുടെ ഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുന്ന സ്നേഹമാണ് പാട്ടിന്റെ ഇതിവൃത്തം. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികൾ സംഗീതമെന്ന ചരടിൽ കോർക്കപ്പെട്ട ബോഗികളായി 'തീവണ്ടി ബാൻഡ്' എന്ന പേരിൽ ഒന്നിച്ചാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്. ഓണം എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്ന മാവേലി, അത്തപ്പൂ, വടംവലി, തിരുവാതിര എന്നിവയെല്ലാം സൗദി അറേബ്യയിലെ മരുഭൂമിയിൽ മനോഹരമായി ദൃശ്യവൽക്കരിച്ചിട്ടുണ്ട്. പ്രവാസജീവിതം സമ്മാനിച്ച സൗഹൃദങ്ങൾ മായാത്ത ഓർമകളായി ചേര്‍ത്തുവയ്ക്കാനുള്ള ശ്രമമാണ് ഈ ഗാനമെന്ന് അണിയറപ്രവർത്തകർ പറയുന്നു.
വിജേഷ് ചന്ദ്രു ക്രിയേറ്റീവ് ഡയറക്ടറായി പ്രവർത്തിച്ച സംഗീത ആൽബത്തിന് നിധിൻ സെബാസ്റ്റ്യൻ സംഗീതവും ബിനോയ് ജോസഫ് വരികളും ഒരുക്കിയിരിക്കുന്നു. നിധിൻ സെബാസ്റ്റ്യൻ, അഭിലാഷ് സെബാസ്റ്റ്യൻ, ബൈജു ദാസ്, സുജു തേവർപറമ്പിൽ, വിജേഷ് ചന്ദ്രു, ഡോ. മുഹമ്മദ് ഹാരിസ് എന്നിവരാണ് ഗായകർ. സ്കറിയയാണ് പശ്ചാത്തല സംഗീതവും പ്രോഗ്രാമിങ്ങും നിർവഹിച്ചിരിക്കുന്നത്. സഫീർ ഛായാഗ്രഹണവും അജ്മൽ താഹ ഡ്രോൺ ഷൂട്ടും നിർവഹിച്ചു. ചിലങ്ക ഡാൻസ് സ്കൂളും പോൾസ്റ്റാർ ഡാൻസ് അക്കാദമിയുമാണ് 'തിരുവോണ തീവണ്ടി’ ട്രാക്കിലെത്തിച്ചത്. സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമായുള്ളതാണ് 'തീവണ്ടി മ്യൂസിക്കൽ ബാൻഡ്.