ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ അനുഭവം പങ്കുവച്ച് സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം. സാക്ഷാല്‍ എ.ആർ. റഹ്മാൻ തന്നെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യാന്‍ തുടങ്ങിയതിന്‍റെ സന്തോഷമാണ് സുഷിന്‍ സ്ക്രീന്‍ ഷോട്ട് എടുത്ത് സ്റ്റോറിയാക്കിയത്. 'ഇതെന്‍റെ ആദ്യത്തെ ഫാൻ ബോയ് മൊമെന്‍റ് ആണ്. താങ്കള്‍ അയച്ച സന്ദേശത്തിന് നന്ദി' എന്ന കുറിപ്പിനൊപ്പമാണ് സുഷിന്‍ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചത്.
സുഷിന്‍റെ ‘റേ’ എന്ന മ്യൂസിക്കല്‍ ആല്‍ബം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. യൂട്യൂബില്‍ ഒന്നര മില്യണിലധികം വ്യൂസും വിഡിയോയ്‌ക്കുണ്ട്. സുഷിന്‍ ആദ്യമായി സ്വതന്ത്ര്യമായി നിര്‍മിച്ച് പുറത്തിറക്കിയ മ്യൂസിക്കല്‍ ആല്‍ബം കൂടിയായിരുന്നു ഇത്. വളരെ പുതുമയുള്ള ആശയവും ദൃശ്യാനുഭവവുമാണ് ‘റേ’ കാഴ്ചക്കാരില്‍ സമ്മാനിക്കുന്നത്. ‘റേ’യുടെ സംഗീതവും വരികളും സുഷിന്‍റേതാണ്. ഇതിനു പിന്നാലെയാണ് എ.ആര്‍ റഹ്മാന്‍ തന്നെ ഫോളോ ചെയ്ത് സന്തോഷം കൂടി സുഷിന്‍ പങ്കുവച്ചിരിക്കുന്നത്.
അമല്‍നീരദിന്‍റെ ‘ബൊഗെയ്ൻവില്ല’യാണ് സുഷിൻ ഇതിനുമുന്‍പ് സംഗീതസംവിധാനം നിർവഹിച്ച മലയാളചിത്രം. ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലൻ’ എന്ന ചിത്രത്തില്‍ സുഷിന്‍ സംഗീതം നിര്‍വഹിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഇതിനെല്ലാം പുറമേ ‘ഡൗൺട്രോഡൻസ്’ എന്ന പേരില്‍ സ്വന്തമായി ഒരു ബാന്‍ഡും സുഷിനുണ്ട്. ബാൻഡിനൊപ്പം സംഗീത പരിപാടികളിലും സുഷിൻ സജീവമാണ്.