ഹിന്ദി സിനിമ രംഗത്തെ ബഹുമുഖപ്രതിഭയായിരുന്ന കിഷോര്‍കുമാറിന് ഇന്ന് തൊണ്ണൂറ്റിയാറാം പിറന്നാള്‍. മരണമില്ലാത്ത നിരവധി ഗാനങ്ങള്‍ സമ്മാനിച്ചാണ് അദ്ദേഹം സംഗീത ലോകത്ത് നിന്ന് വിടപറഞ്ഞത്.
എവിടെത്തിരിഞ്ഞ് നോക്കിയാലും റഫിയും ആ പാട്ടുകളുടെ സൗന്ദര്യവും വാഴ്ത്തപ്പെട്ടിരുന്ന കാലത്താണ് കിഷോര്‍കുമാര്‍ അഥവാ അബ്ബാസ് കുമാര്‍ ഗാംഗുലി ഹിന്ദി സിനിമയില്‍ പാടിക്കേറുന്നത്. കലാകാരനില്‍ പ്രതിഭ മഴവില്‍ അഴക് പോലെയാണെന്നാണ് പറയുക. അതില്‍ ഏതിനാണ് മാറ്റ് കൂടുതല്‍ എന്ന് പറയുക അസാധ്യവുമാണ്. കിഷോര്‍കുമാറും അങ്ങനെത്തന്നെ. പിന്നണി ഗായകന്‍, അഭിനേതാവ്, ഗാനരചയിതാവ്, സംഗീതസംവിധായകന്‍, നിര്‍മാതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, അങ്ങനെ അദ്ദേഹത്തിന് വഴങ്ങാത്തതായി ഒന്നുമില്ലായിരുന്നു.
പക്ഷേ കിഷോര്‍ കുമാറില്‍ തിളങ്ങിയത് ഗായകന്‍ എന്ന അഴകായിരുന്നു. എസ് ഡി ബര്‍മന്‍ മശാല്‍ എന്ന ചിത്രത്തിനിടെ കിഷോര്‍ജിയുടെ സഹോദരനും അഭിനേതാവുമായ അശോക് കുമാറിനെ കാണാന്‍ വീട്ടിലെത്തിയപ്പോഴാണ് കിഷോര്‍കുമാര്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുന്നത്. ശാസ്ത്രീയമായി അഭ്യസിക്കാത്ത ഒരാള്‍ അതിമനോഹരമായി സംഗതികള്‍ പ്രയോഗിക്കുന്നത് കണ്ടപ്പോള്‍ സ്വന്തമായി ഒരു ശൈലിയുണ്ടാക്കാന്‍ ബര്‍മന്‍ കിഷോര്‍ജിയെ ഉപദേശിച്ചു. കാലങ്ങളോളം നമ്മളാസ്വദിച്ച കിഷോര്‍കുമാര്‍ മാസ്റ്റര്‍പീസ് യോഡ്ലിങ്ങ് ശൈലി അങ്ങനെയുണ്ടായതാണ്.
ചേട്ടന്‍ അശോക് കുമാറിന്‍റെ ചിത്രം ശിക്കാരിയിലായിരുന്നു തുടക്കം. എസ് ഡി ബര്‍മനൊപ്പം ചേര്‍ന്ന സിനിമ പിന്നണിഗാനയാത്രയില്‍ പിന്നെ അവരോഹണകാലമുണ്ടായില്ല. ദേവാനന്ദിന്റെ അനേകം ഹിറ്റ് പാട്ടുകളില്‍ ആസ്വാദകര്‍ കേട്ട അതിതരസുന്ദരശബ്ദം. അറുപതുകളും എഴുപതുകളും പാടിനടന്നു കിഷോര്‍കുമാറിനെ. സ്വരഭംഗികൊണ്ട് മാത്രമല്ല, ആലാപനത്തില്‍ ഭാവങ്ങള്‍ സമന്വയിപ്പിക്കുന്നതിലെ മിടുക്ക് കൊണ്ട് കൂടിയാണ് കിഷോര്‍കുമാര്‍ ഹിറ്റായത്. വിഷാദഗാനങ്ങളില്‍ പ്രണയ ഈണങ്ങളില്‍ ആ ശബ്ദം ഗന്ധര്‍വ സമാനമായിരുന്നു. രാജേഷ് ഖന്ന ചിത്രങ്ങളില്‍ ഏറെയും കേട്ടത് കിഷോര്‍കുമാറിന്റെ സ്വരഗരിമ.
വിഷാദത്തിനും ശൃംഗാരത്തിനും ഒരേതലത്തില്‍ ശബ്ദചേര്‍ച്ച എന്നത് സ്വീകരിക്കപ്പെടാന്‍ അല്‍പം ബുദ്ധിമുട്ട് തന്നെയാണ്. പക്ഷേ പാടുന്നത് കിഷോര്‍കുമാറാണെങ്കില്‍ ഈ നിരീക്ഷണം എടുത്ത് കടലിലെറിയാം. സപ്നോം കീ റാണി എന്ന പ്രണയഈണത്തില്‍ നിന്ന് വിരഹത്തിന്‍റെ നെറുകില്‍ പാടുന്ന മേരെ നെയ്ന, കിഷോര്‍ ലഹരിയായി പടര്‍ന്ന രൂപ് തേരാ മസ്താന, ഗാതാ രഹേ മേരാ ദില്‍, സിന്ദഗി എക്സഫര്‍ ഹേ ദിവാന, മേരാ ജീവന്‍ കോരാ കാഗസ് അങ്ങനെ പറഞ്ഞാല്‍ ഗൃഹാതുരത വന്നുപൊതിയുന്ന എത്രയോ പാട്ടുകള്‍.
റേഡിയോയില്‍ അഗ്‌ലാ ഗാനാ ആതേ ഹേ കിഷോര്‍കുമാര്‍ കി ആവ്സ് മേ... എന്ന് കേട്ടാല്‍ പിന്നെയാ പാട്ട് തീരുവോളം നിശ്ചലമായിപ്പോവുന്ന കാലനേരം. മലയാളത്തിലും ഒരു പാട്ട് പാടി കിഷോര്‍. അയോധ്യ എന്ന ചിത്രത്തില്‍ പി ഭാസ്കരന്‍, ദേവരാജന്‍ കൂട്ടുകെട്ടില്‍ ഒരു പാട്ട്. കാലമെത്ര കടന്നു. പാട്ടും ഈണങ്ങളും ചിട്ടപ്പെടുത്തുന്നവരും പാട്ടുകാരും എത്ര വന്നുപോയി. പക്ഷേ കിഷോര്‍കുമാര്‍ ഇന്നും മായാതെ മനതാരില്‍ പാടുന്നു. കാരണം അത് വെറും പാട്ടല്ലായിരുന്നു. നാദശൃംഗത്തില്‍ നിന്ന് ഉറവയെടുത്ത് തെളിഞ്ഞും ആര്‍ത്തലച്ചും ചൂടേറ്റിയും ശീതീകരിച്ചും ആസ്വാദകരില്‍ അനര്‍ഗളമൊഴുകുന്ന രാഗഗംഗാപ്രവാഹമാണ്.