Image Credit: Instagram.com/nidheeshzrb
പൊതു ഇടങ്ങളിൽ പാട്ടുപാടി റീൽസ് ചിത്രീകരിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറും പാട്ടുകാരനുമായ നിധീഷ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മെട്രോയിലും റെയിൽവേ സ്റ്റേഷനിലുമടക്കം പാട്ടു പാടുന്നതിനെതിരെ ഈയിടെയായി വലിയ വിമർശനങ്ങളും ട്രോളുകളും നിധീഷിന് നേരെയുണ്ടായി. വിമർശനങ്ങൾക്ക് പിന്നാലെ പൊതുഇടത്ത് പാടുന്നത് അവസാനിപ്പിക്കുന്നതായി നിധീഷ് പറഞ്ഞു.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലാണ് നിധീഷിന്‍റെ പ്രതികരണം. ഇതുവരെ പാടിയ ഇടത്തൊന്നും ആരും വന്ന് പരാതി പറഞ്ഞിട്ടില്ലെന്നും സോഷ്യൽ മീഡിയയിൽ ആൾക്കാർ പറയുമ്പോൾ പൊതു ഇടത്ത് പാടുന്നത് നിർത്തുകയാണെന്നും നിധീഷ് പറഞ്ഞു.
''നിങ്ങൾക്കെന്നെ അറിയാമായിരിക്കാം. ട്രോളുകളും വിഡിയോസും സോഷ്യൽ മീഡിയിൽ വരുന്നുണ്ട്. പൊതുശല്യം എന്ന പേരും നൽകിയിട്ടുണ്ട്. എന്താണ് പ്രശ്നമെന്ന് എല്ലാവരും ചോദിക്കുന്നു. പബ്ലിക്ക് പ്ലാറ്റ്ഫോമിൽ പാടുമ്പോൾ ആൾക്കാർക്ക് പ്രശ്നമുണ്ടാകുന്നു എന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ പറയുന്നത്. എനിക്ക് ഇതുവരെ മോശമായ അനുഭവമുണ്ടായിട്ടില്ല. ആരും വന്ന് പറഞ്ഞിട്ടില്ല. നിങ്ങൾ കാണുന്ന പല വീഡിയോകളും ക്രിയേറ്റ് ചെയ്യിപ്പിച്ചതല്ല. അവിടെ നടക്കുന്നതാണ് ഷൂട്ട് ചെയ്യുന്നത്.''
''ആദ്യം നല്ല കമന്‍റ്സായിരുന്നു വിഡിയോയ്ക്ക് ലഭിച്ചിരുന്നത്. ഇപ്പോ എന്താണെന്ന് അറിയില്ല. ഒരു പാട്ട് ഇത്രതോളം പ്രശ്നമായോ എന്നാണ് ആലോചിക്കുന്നത്. എനിക്ക് സോറി പറയണമെന്നുണ്ട്. ട്രോളിയവരോടല്ല. 100 പേർ സന്തോഷിക്കുമ്പോൾ ആരെങ്കിലും വിഷമിച്ചെങ്കിൽ അവരോട് സോറി പറയുന്നു. ഇനി പബ്ലിക്കിൽ വന്ന് അങ്ങനെ പെർഫോം ചെയ്യാൻ നിൽക്കില്ല. തെറ്റ് മനസിലാക്കി തന്നു. നിങ്ങളാണ് ഇത്രയും നാൾ പിന്തുണച്ചത്. ഇനിയത് ചെയ്യാൻ പാടില്ല''
''ട്രോള് ചെയ്യുന്ന ചേട്ടന്മാരോടാണ്. പാട്ട് പാടുമ്പോൾ ഇത്രത്തോളം തെറികളുടെ ആവശ്യമുണ്ടോ?. വെറുപ്പിക്കുന്ന രീതിയിലേക്ക് എത്തിക്കാറില്ല. കുറച്ച് സമയം മാത്രമെ എടുക്കാറുള്ളൂ. ഇതുവരെ ബുദ്ധിമിട്ടാക്കിയിട്ടില്ല. ആരും പറഞ്ഞിട്ടില്ല. സപ്പോർട്ട് ചെയ്തവർക്ക് നന്ദി''
ബസ്, മെട്രോ, ട്രെയിൻ, മാൾ, ട്രാഫിക് സിഗ്നൽ അടക്കം പൊതു ഇടങ്ങളിൽ നിധീഷ് പാടുന്ന റീലുകൾ വൈറലായിരുന്നു. ഇതോടെ പലരും ട്രോളുകളും വിമർശനങ്ങളുമായെത്തി. ആളുകളുടെ മാനസികാവസ്ഥ നോക്കാതെ പൊതുയിടങ്ങളിൽ പാട്ടുപാടുന്നത് ചൂണ്ടിയായിരുന്നു വിമർശനം. ഇതിന് പിന്നാലെയാണ് നിധീഷിന്റെ പ്രതികരണം.