ആരാധകരെ ഞെട്ടിച്ച് ഗായകന്‍ അരിജീത് സിങ്. പിന്നണി ഗാനരംഗത്തുനിന്ന് പിൻവാങ്ങുന്നതായി അരിജീത് സിങ്. ഗായകനെന്ന നിലയിൽ പുതിയ അവസരങ്ങൾ സ്വീകരിക്കില്ലെന്ന് അരിജീത് സിങ് സമൂഹമാധ്യമത്തില്‍ കുറിച്ചു. ‘ശ്രോതാക്കളെന്ന നിലയിൽ ഇത്രയും വർഷം എനിക്ക് നൽകിയ സ്നേഹത്തിന് എല്ലാവർക്കും നന്ദി'.
‘ഇതൊരു മനോഹരമായ യാത്രയായിരുന്നു, ഞാൻ അവസാനിപ്പിക്കുന്നു, പിന്നണി ഗായകനെന്ന നിലയിൽ ഇനി പുതിയ അവസരങ്ങൾ സ്വീകരിക്കില്ല. ’ ഇതായിരുന്നു ഗായകൻ അരിജിത് സിങ് സിങ്ങിന്റെ കുറിപ്പ്.
ഹിന്ദി സിനിമയിലെ ഏറ്റവും ജനപ്രിയനും തിരക്കേറിയതുമായ ഗായകരിൽ ഒരാളായ അര്‍ജീത് സിങ് കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോഴാണ് ഈ പിന്‍മാറ്റം.
നിലവിൽ ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കുമെന്നും മുപ്പത്തിയെട്ടുകാരനായ ഗായകൻ വ്യക്തമാക്കി. ദൈവം എന്നോട് വളരെ ദയ കാണിച്ചിട്ടുണ്ടെന്നും ഒരു കലാകാരൻ എന്ന നിലയിൽ ഭാവിയിൽ കൂടുതൽ പഠിക്കാനും ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ സിങ് വ്യക്തമാക്കിയില്ലെങ്കിലും, ആരാധകർ ഞെട്ടലോടെയും അവിശ്വസനീയതയോടെയുമാണ് ഈ വാർത്ത സ്വീകരിച്ചത്.