കിലി പോള്‍, ഈ പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസിലേക്ക് ഒഴുകിയെത്തും മനോഹരമായ റീല്‍സുകള്‍. ആരും കേട്ടിരുന്നു പോകുന്ന കിളിനാദം. സോഷ്യൽ മീഡിയാ റീല്‍സുകളിലൂടെ മലയാളികൾക്ക് സുപരിചിതനായ ടാന്‍സാനിയന്‍ യൂട്യൂബര്‍. മലയാളം പാട്ടുകള്‍ പാടുമ്പോഴുള്ള അപാരമായ ആ ലിപ് സിങ്കിങ് കണ്ട് ആരാധകര്‍ അന്തംവിട്ടു.
മൊബൈല്‍ ഫോണുകളില്‍ സ്ക്രോള്‍ ചെയ്ത് പോകുമ്പോള്‍ കിലി പോളെന്ന യൂ ട്യൂബറുടെ വിഡിയോ കണ്ടാല്‍ ആരും ഒന്നു നില്‍ക്കും. പിന്നെ ആ പാട്ട് മുഴുവന്‍ കേട്ട് ആസ്വദിച്ചിട്ടേ മലയാളികള്‍ അടുത്ത റീലിലേക്ക് പോകൂ. ടാൻസനിയയിലെ കുഗ്രാമമായ മഞ്ചാരോയിൽ നിന്നുള്ള 28 വയസ്സുകാരൻ കിലി പോളിന്റെ പാട്ടിനും ഡാൻസിനും ആരാധകര്‍ ഏറെ. 10.4 മില്യൻ ആളുകൾ കിലിയെ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നു. ഇതിൽ സെലിബ്രിറ്റികളും ഉള്‍പ്പെടുന്നു. ബോളിവുഡിലെ ജനപ്രിയ ഗാനങ്ങളിൽ ലിപ് സിങ്ക് ചെയ്തുകൊണ്ടാണ് കിലി പ്രശസ്തി നേടിയത്. പിന്നീട് മലയാളം ഗാനങ്ങളിലും കൈ വച്ചു. മിക്ക വിഡിയോകളുടേയും ലൈക്കുകളും ഷെയറുകളും ലക്ഷങ്ങളും കോടികളും കടന്നു. പരമ്പരാഗത വസ്ത്രം ധരിച്ച് സഹോദരി നീമയും ഇടയ്ക്ക് വരും. ആർഡിഎക്സിലെ നീലനിലവേ..., ജോസഫിലെ ‘പൂമുത്തോളെ...’ ഈ പാട്ടുകള്‍ക്കൊക്കെ കിലി ചുണ്ടനക്കിയപ്പോള്‍ മലയാളികള്‍ കക്ഷിയെ കണ്ണും പൂട്ടിയങ്ങ് ചേര്‍ത്തു പിടിച്ചു.
‘മാണിക്ക്യക്കല്ലാൽ മേഞ്ഞു മെനഞ്ഞേ മാമണിക്കൊട്ടാരം’, ‘ഇലുമിനാറ്റി’, ‘കരിമിഴിക്കുരുവിയെ കണ്ടീലാ’, ‘കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ’ തുടങ്ങി നിരവധി മലയാള ഗാനങ്ങളുടെ ലിപ്സിങ്ക് വിഡിയോകൾ കിലി പോൾ ഇതിനകം ചെയ്തു കഴിഞ്ഞു. ഏറ്റവും ഒടുവില്‍ തുടരും സിനിമയിലെ ‘എന്തൊരു ചേലാണ്’എന്ന ഗാനവും. ഒന്നും അത്ര എളുപ്പമാണെന്ന് ആരും കരുതേണ്ട. ദിവസങ്ങള്‍ നീളുന്ന പരീശീലനത്തിനൊടുവിലാണ് കിലി വരികളും ഉച്ചാരണവും പഠിക്കുന്നത്. ഓരോ വാക്കിന്റേയും അർഥം ഇന്റർനെറ്റിന്റെ സഹായത്തോടെ മനസ്സിലാക്കും.
ഉണ്ണിയേട്ടന്‍ എന്നാണ് കിലിയ്ക്ക് മലയാളികള്‍ നല്‍കിയ പേര്. മലയാളം സിനിമയില്‍ കിലി അഭിനയിക്കുന്നെന്ന് ഉറപ്പായതോടെ ശരിയ്ക്കും കിലി നമ്മുടെ സ്വന്തം ആളായി. സതീഷ് തന്‍വി സംവിധാനം ചെയ്യുന്ന ഇന്നസെന്റ് എന്ന ചിത്രത്തിലാണ് കിലി പോള്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഭാഗമായി കിലി പോൾ കൊച്ചിയില്‍ എത്തുകയും ചെയ്തു. മലയാളികള്‍ക്കു ഇരട്ടി ആവേശമായി കിലി തന്റെ ആഗ്രഹം വെളിപ്പെടുത്തി. ഒരു മലയാളി പെൺകുട്ടിയെ വിവാഹം കഴിച്ച് കേരളത്തിൽ സ്ഥിരതാമസമാക്കണം. പറഞ്ഞു തീരുംമുന്‍പ് കയ്യടി ഉയര്‍ന്നു. ഐ ലൗ കേരള എന്നു കിലി പറയുമ്പോള്‍ വി ലൗ യു എന്ന് മലയാളികള്‍ ഒന്നടങ്കം തിരിച്ചും പറയുന്നു. കിലി ഇന്ത്യയില്‍ മുന്‍പും സന്ദര്‍ശനം നടത്തിയിട്ടുണ്ട്.
പ്രതിസന്ധികളെ പാട്ടുംപാടി തോല്‍പ്പിച്ചാണ് കിലിയുടെ വരവ്. കാലിമേയ്ച്ചു ജീവിക്കുന്ന മസായി വർഗക്കാരന്‍. വന്യമൃഗങ്ങൾ കാലികളെ പിടിക്കാൻ വന്നാൽ നേരിടാൻ തടിയിൽ കൊത്തിയെടുത്ത ആയുധം കൂടെ കൊണ്ടുനടക്കുന്ന മസായി പോരാളി. ഗ്രാമങ്ങളിൽ വൈദ്യുതിയില്ല, ഇന്റർനെറ്റുമില്ല. ആദ്യകാലത്ത് വിഡിയോ എടുക്കാൻ ഫോൺ ചാർജ് ചെയ്യുന്നതിനു 10 കിലോമീറ്റർ നടന്ന് അടുത്ത ഗ്രാമത്തിലെത്തും. തിരിച്ചു രാത്രി നടക്കുമ്പോൾ ചാർജ് അൽപം പോലും നഷ്ടമാകാതിരിക്കാൻ ഫോണിൽ ഫ്ളാഷ് ലൈറ്റ് പോലും തെളിക്കില്ല. വിഡിയോ എടുത്ത് ഇന്റർനെറ്റ് കിട്ടാൻ വീണ്ടും കിലോമീറ്ററുകള്‍ നടന്നെത്തി വേണം അപ്‌ലോഡ് ചെയ്യാൻ.
കിലിപ്പാട്ടുകള്‍ ഹിറ്റായതോടെ ബിബിസി പോലുള്ള മാധ്യമങ്ങളും യൂട്യൂബർമാരും ഈ വൈറല്‍ താരത്തെത്തേടി പറന്നെത്തി. വിഡിയോകൾ വഴി പണം വന്നപ്പോൾ 10 കിലോമീറ്റർ ലൈൻ വലിച്ച് കിളി വീട്ടിൽ വൈദ്യുതിയെത്തിച്ചു. പ്രധാനമന്ത്രി മൻകീ ബാത്തിൽ കിലിയുടെ കഥ പറയുകയും ഇന്ത്യൻ എംബസി ആദരിക്കുകയും ചെയ്തു. ആഫ്രിക്കയിലെ ഏറ്റവും ഉയരമേറിയ കിളിമഞ്ചാരോ കൊടുമുടിയുടെ പേരിൽ നിന്നാണ് കിലി എന്ന പേരിട്ടത്.