കഴിഞ്ഞ ദിവസമാണ് തഗ്ലൈഫ് ട്രെയിലര്‍ പുറത്തുവന്നത്. നായകന്‍ എന്ന ഐക്കോണിക് ചിത്രത്തിന് ശേഷം മണിരത്നവും കമല്‍ഹാസനും ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയാണ് സിനിമാ ലോകം ഒന്നാകെയുള്ളത്. കമലിന് പുറമേ, തൃഷ, അഭിരാമി, ചിമ്പു, ജോജു ജോര്‍ജ്, ഐശ്വര്യ ലക്ഷ്മി, സാന്യ മല്‍ഹോത്ര എന്നിങ്ങനെ വലിയ താരനിര ചിത്രത്തിലുണ്ട്. എ.ആര്‍.റഹ്മാനാണ് സംഗീതം നിര്‍വഹിക്കുന്നത് എന്നതും സിനിമാ പ്രേമികളെ ആവേശത്തിലാക്കുന്നു. ട്രെയിലറിന് വന്‍വരവേല്‍പ്പാണ് ലഭിച്ചത്.
ചിത്രത്തിലെ പുതിയ പാട്ടിന്‍റെ പ്രൊമോ വിഡിയോയും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. തൃഷയുടെ ഷുഗര്‍ ബേബി എന്ന പാട്ടിന്‍റെ പ്രൊമോയാണ് പുറത്തുവന്നിരിക്കുന്നത്. തൃഷ മാത്രമാണ് പ്രൊമോ വിഡിയോയില്‍ ഉള്ളതെങ്കിലും കമല്‍ ഹാസനൊപ്പമുള്ള റൊമാന്‍റിക് പാട്ടാണോ ഇതെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. മെയ് 21ന് അഞ്ച് മണിക്ക് പാട്ട് പുറത്തിറങ്ങും.
ചിമ്പുവിന്‍റെ ജോഡിയായിട്ടാവും തൃഷ എത്തുക എന്ന് പ്രതീക്ഷിച്ചിരുന്നവരെ ഞെട്ടിച്ചുകൊണ്ടായിരുന്നു കമലിനൊപ്പം തൃഷയുടെ റൊമാന്‍റിക് രംഗം കൂടി ഉള്‍പ്പെട്ട തഗ്ലൈഫ് ട്രെയിലര്‍ വന്നത്. മകളുടെ പ്രായമുള്ള നായികക്കൊപ്പം കമല്‍ റൊമാന്‍സ് ചെയ്യുന്നതിനെ വിമര്‍ശിച്ചും അധിക്ഷേപിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഉയര്‍ന്നിരുന്നു. അഭിരാമിക്കൊപ്പമുള്ള ചുംബനരംഗവും വിവാദമായിരുന്നു. അതേസമയം സിനിമയെ സിനിമയായി കാണണമെന്നും സിനിമ സംവിധായകന്‍റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ മാനിക്കണമെന്നും ആവശ്യപ്പെട്ട് കമലിനെ പിന്തുണച്ചും ആളുകള്‍ രംഗത്തെത്തി. ജൂണ്‍ അഞ്ചിനാണ് തഗ്ലൈഫ് റിലീസ് ചെയ്യുന്നത്.