Photo courtesy: instagram.com/prarthanaindrajith
‘ഒരു പച്ചത്തുണിയിൽ പൊതിഞ്ഞ് നിന്നെ ആദ്യം എന്‍റെ കൈയിൽ തരുമ്പോൾ ഏതാണ്ട് രണ്ടര കിലോ ഭാരമേ നിനക്കുണ്ടായിരുന്നുള്ളൂ. ഇപ്പോൾ നീ എഴുതി കംപോസ് ചെയ്ത് പാടുന്ന ഒറിജിനൽ ചിത്രീകരിക്കുന്നു..!’ നടന്‍ ഇന്ദ്രജിത്തിന്‍റെ മകൾ പ്രാർത്ഥന പാടുന്ന ഒരു വീഡിയോ പങ്കുവച്ച് പൃഥ്വിരാജ് മുൻപ് സോഷ്യൽ മീഡിയയിൽ കുറിച്ച വരികൾ. ഇന്ന് പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ‘എമ്പുരാനി’ലൂടെ പൃഥ്വി ആദ്യമായി ഗാനരചയിതായപ്പോള്‍ പാട്ടുപാടാൻ ആദ്യം വിളിച്ചതും പ്രാർത്ഥനയെ. ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ആഘോഷിച്ച ആ പാട്ടുകഥയുടെ വിശേഷങ്ങളുമായി പ്രാർത്ഥന ഇന്ദ്രജിത്ത് മനോരമന്യൂസ് ഡോട്ട് കോമിനോട്.
എമ്പുരാനിലെ ഗായികയും പാട്ടെഴുത്തുകാരനും: തികച്ചും അപ്രതീക്ഷിതമായി ലഭിച്ച ഒരു ഗോള്‍ഡന്‍ ഓപ്പര്‍ച്യൂണിറ്റി. അതാണ് എനിക്ക് എമ്പുരാനിലെ തീം സോങ്. ലൂസിഫര്‍ ഞാന്‍ തീയേറ്ററില്‍ത്തന്നെ നാലു തവണ കണ്ടിട്ടുണ്ട്. എമ്പുരാന്‍ കാണാന്‍ എല്ലാ പ്രേക്ഷകരെയും പോലെ ഞാനും ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു, അപ്പോഴാണ് തികച്ചും യാദൃശ്ചികമായി ഇങ്ങനെ ഒരു അവസരം വന്നത് . കുറച്ചുനാളുകള്‍ക്ക് ശേഷം വീണ്ടും പിന്നണിഗായികയായതിന്റെ ഒരു ത്രില്ലുമുണ്ട്.
വിളിച്ചത് കൊച്ചച്ചന്‍...: തീം സോങ് പാടാനായി എന്നെ വിളിക്കുന്നത് കൊച്ചച്ചനാണ് (പൃഥ്വിരാജ്). 'പാത്തു എമ്പുരാനില്‍ ഒരു തീം സോങ്ങുണ്ട്, ഒരു ഡെമോ പാടി തരാമോ എന്നാണ് ചോദിച്ചത്. അതിന് ശേഷം ദീപക ് അങ്കിള്‍ ( ദീപക് ദേവ് ) വിളിച്ചു. അങ്ങനെ പോയി പാടി . അപ്പോഴൊന്നും എനിക്ക് ഈ പാട്ടെഴുതിയത് കൊച്ചച്ചന്‍ ആണെന്ന് അറിയില്ലായിരുന്നു. ഡെമോ പാടാന്‍ വിളിച്ചപ്പോള്‍ത്തന്നെ ആദ്യം അച്ഛനെ വിളിച്ചു. അച്ഛന്‍ അപ്പോഴേ സൂപ്പര്‍ ഹാപ്പിയായിരുന്നു. കുറച്ചുദിവസം കഴിഞ്ഞ്, ടീസറിന്റെ റിലീസ് ദിവസമാണ് ഞാന്‍ അച്ഛനോട് ചോദിക്കുന്നത് തീം സോങ് എന്തായി എന്ന്. അച്ഛന്‍, കൊച്ചച്ചന്‍ അയച്ച ഒരു വോയിസ് മെസേജ് കേള്‍പ്പിച്ചു തന്നു. അപ്പോഴാണ് സത്യത്തില്‍ ഞാന്‍ പാടിയ പാട്ടാണ് ഉപയോഗിക്കുന്നതെന്നും കൊച്ചച്ചനാണ് എഴുതിയതെന്നും മനസിലായത്. അപ്പോഴുണ്ടായ സന്തോഷത്തിലാണ് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റിട്ടത്. അതുപിന്നെ കൊച്ചച്ചനും വീട്ടില്‍ എല്ലാവരും ഷെയര്‍ ചെയ്തു. കൊച്ചച്ചന്റെ ബിഗ് സിനിമകളിലൊന്ന്, അച്ഛന്‍ അഭിനയിക്കുന്നു ഞാനും അതിന്റെ ഭാഗമാകുന്നു, അതും ‘എമ്പുരാന്‍’ പോലെ ഒരു സിനിമ. എന്നെ സംബന്ധിച്ചിടത്തോളം ശരിക്കും ഒരു സ്വപ്നസാക്ഷാത്കാരം.
Photo courtesy: instagram.com/prarthanaindrajith
ആദ്യം വരികള്‍ എഴുതി, പിന്നെ ഗായികയായി...: പാട്ടുപാടാന്‍ വിളിക്കുന്നതിന് മുന്‍പ് എന്നോട് ദീപക് അങ്കിള്‍ തീം സോങ് എഴുതാമോയെന്ന് ചോദിച്ചിരുന്നു. ഒരെണ്ണം എഴുതിക്കൊടുക്കുകയും ചെയ്തു. പക്ഷേ അത് അവര്‍ക്ക് വര്‍ക്കായില്ല. കുറച്ച് കൂടി ആഴമുള്ള വരികളായിരുന്നു വേണ്ടിയിരുന്നതെന്ന് കൊച്ചച്ചന്‍ എഴുതിയ പാട്ട് പാടിയപ്പോള്‍ മനസിലായി.
ആദ്യ പാട്ട് സഹോദരിക്കൊപ്പം...: ഗ്രേറ്റ് ഫാദറിലെ ‘കൊ കൊ കോഴി’ പാടാന്‍ ഗോപി അങ്കിള്‍ (ഗോപി സുന്ദര്‍) എന്നെയാണ് വിളിച്ചത്. ഞാന്‍ പാടാന്‍ പോയപ്പോള്‍ നക്ഷത്രയും കൂടെയുണ്ടായിരുന്നു. കുട്ടികളുടെ പാട്ടായത് കൊണ്ട് അങ്കിളാണ് ഒരുമിച്ച് പാടിച്ചുനോക്കിയത്. അങ്ങനെ ഞങ്ങള്‍ ഒരുമിച്ച് പിന്നണിഗാനരംഗത്ത് തുടക്കം കുറിച്ചു. അന്ന് കുട്ടിയായിരുന്നത് കൊണ്ട് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. പക്ഷേ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഇതൊന്നും എല്ലാവര്‍ക്കും ലഭിക്കുന്ന അവസരമല്ലല്ലോ എന്ന് തിരിച്ചറിയുന്നുണ്ട്.
Photo courtesy: instagram.com/prarthanaindrajith
സപ്പോര്‍ട്ട് സിസ്റ്റം: അച്ഛനും അമ്മയും നച്ചുവുമാണ് സപ്പോര്‍ട്ട് സിസ്റ്റം. അമ്മയും ഞാനും സുഹൃത്തുകളാണ്. എന്റെ ഓരോ നേട്ടത്തിലും എന്നെക്കാള്‍ സന്തോഷിക്കുന്നത് അമ്മയാണ്. ഞാന്‍ സ്റ്റേജില്‍ പാടുമ്പോള്‍ താഴെ ചില്‍ ചെയ്യുന്ന അമ്മയെ കാണുന്നതാണ് ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന്. പിന്നെ അമ്മമ്മ (മല്ലിക സുകുമാരന്‍). അമ്മമ്മ വളരെ ഫ്രീയായിട്ട്, അത്രയും സ്നേഹത്തോടെ ഇടപെടുന്ന ആളാണ്. അമ്മമ്മയുടെ തിരക്ക് കാരണം അധികം കാണാന്‍ കിട്ടാറില്ല എന്നത് മാത്രമാണ് വിഷമം. അമ്മമ്മയുമായിട്ടുള്ള ബോണ്ട് ഞാന്‍ നന്നായി ആസ്വദിക്കാറുണ്ട്.
Photo courtesy: instagram.com/prarthanaindrajith
പിന്നണിഗാനരംഗവും ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക്കും: എനിക്ക് എപ്പോഴും എന്നെ എക്സ്പ്രസ് ചെയ്യാനിഷ്ടം ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക്കിലാണ്. സിനിമയിൽ അഞ്ചു ഭാഷകളിൽ പിന്നണി പാടിയിട്ടുണ്ട്. ഹിന്ദിയിലും തെലുങ്കിലും ഗോവിന്ദ് വസന്തയ്ക്കൊപ്പം തമിഴിൽ യുവൻ ശങ്കർ രാജാ, അങ്ങനെ പിന്നണി ഗാന രംഗത്ത് ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് ഇതുവരെ മൂന്ന് സിംഗിള്‍ മാത്രമേ പുറത്തിറക്കാനായുള്ളൂ. അതുകൊണ്ട് ഇനി കൂടുതല്‍ ഫോക്കസ്ഡ് ആയി ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് ചെയ്യണമെന്നാണ് ആഗ്രഹം. പക്ഷേ പിന്നണി പാടാന്‍ കിട്ടുന്ന അവസരങ്ങള്‍ നഷ്ടപ്പെടുത്തില്ല.
Photo courtesy: instagram.com/prarthanaindrajith
വഴിത്തിരിവായ കോവിഡ് കാലം: കോവിഡ് കാലത്താണ് ശരിക്കും സംഗീത പഠനം ഗൗരവമായെടുത്തത്. യൂറോപ്പിലെ വിൻഡ്മിൽ ലെയ്ൻ സ്റ്റുഡിയോസ് ആൻഡ് യൂണിവേഴ്സിറ്റിയിലെ ടീച്ചറായ ഏലു തോമസ് ഓൺ ലൈനിലാണ് ക്ലാസെടുത്തിരുന്നത്. ആ ക്ലാസുകളാണ് സംഗീതജീവിതത്തിൽ വഴിത്തിരിവായത്. ഗുരു–ശിഷ്യ ബന്ധത്തിനപ്പുറം ഒരു ബോണ്ട് ഞങ്ങൾക്കിടയിലുണ്ട്. സംഗീതത്തിൽ എന്‍റെ വഴികാട്ടിയാണ് ഏലു. പ്ലസ് ടുവിന് ശേഷം ലണ്ടനിലെ ഗോൾഡ്സ്മിത്ത് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫൗണ്ടേഷൻ കോഴ്സ് പൂർത്തിയാക്കി. അതിന് ശേഷം ബാംഗ്ലൂരിൽ സൈക്കോളജി വിത്ത് തീയേറ്റർ പെർഫോമൻസ് കോഴ്സിന് ചേർന്നെങ്കിലും എന്‍റെ ബാൻഡിനൊപ്പം പ്രോഗ്രാംസ് ചെയ്യാനും സംഗീതത്തിൽ ഫോക്കസ് ചെയ്യാനും ബുദ്ധിമുട്ടായതുകൊണ്ട് ആ കോഴ്സ് ഉപേക്ഷിച്ചു. ഇപ്പോൾ എറണാകുളം സെന്‍റ് തെരേരാസിൽ ഫിനാൻസ് ആൻഡ് അക്കൗണ്ടിങ് ബിരുദ വിദ്യാർത്ഥിയാണ്. സംഗീതത്തിൽ കൂടുതൽ ശ്രദ്ധിക്കാന്‍ വേണ്ടിയായിരുന്നു ഈ തീരുമാനം.
Photo courtesy: instagram.com/prarthanaindrajith
നക്ഷത്രയ്ക്ക് താൽപര്യം അഭിനയം: നക്ഷത്ര നന്നായി പാടും. പക്ഷേ പാട്ടും അഭിനയവുമൊക്കെ ഒരുമിച്ച് കൊണ്ടു പോകാനാകും നച്ചു കുറച്ചു കൂടി ശ്രമിക്കുക. സുദർശൻ നാരായണൻ സംവിധാനം ചെയ്ത പോപ്പി, പാർവതിക്കും റിമയ്ക്കും ഒപ്പം ലലാന എന്നീ രണ്ട് ഷോർട്ട് ഫിലിമുകള്‍ ചെയ്തു. രണ്ടും രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. നച്ചു ഇപ്പോൾ പത്താംക്ലാസിൽ ആണ്. അതുകൊണ്ടാണ് എവിടേയും കാണാത്തത്. പഠനം കഴിഞ്ഞാല്‍ നച്ചുവും പാട്ടും അഭിനയവുമൊക്കെയായി കലാരംഗത്ത് തന്നെ ഉണ്ടാവും
Photo courtesy: instagram.com/prarthanaindrajith
മ്യൂസിക് കഴിഞ്ഞാൽ പെറ്റ്സ്: ഞാന്‍ ജനിച്ച സമയത്ത് വീട്ടില്‍ ഒരു ലാബ്രഡോർ ഉണ്ടായിരുന്നു. അവനൊപ്പമാണ് ഞാന്‍ കളിച്ചുവളര്‍ന്നത്. പിന്നീട് ഓരോ കാലത്തും വീട്ടില്‍ എപ്പോഴും വളര്‍ത്തുനായ്ക്കള്‍ ഉണ്ടാകും. ഇടയ്ക്ക് തെരുവില്‍ കണ്ട രണ്ട് നായ്ക്കളെ ദത്തെടുത്തിരുന്നു. എല്ലാക്കാലത്തും വീടിന്റെ ഭാഗമാണ് അവര്‍. അവരില്ലാത്ത ലോകം വീട്ടില്‍ ആര്‍ക്കും ചിന്തിക്കാന്‍ പോലുമാകില്ല. പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ കണ്ട ഒരു പരസ്യം വഴി ഒരു പൂച്ചയെയും വാങ്ങി. അമ്മയ്ക്ക് ആദ്യം അത് പ്രശ്നമായിരുന്നു. പിന്നെ അവന്‍ അമ്മയുടെ ഫേവറിറ്റായി. ഇപ്പോള്‍ വീട്ടില്‍ മൂന്ന് പൂച്ചകളും ഒരു വളര്‍ത്തുനായയും ഉണ്ട്.