നടിയെ ആക്രമിച്ച കേസില്‍ പ്രതികരണം നടത്തിയ അതിജീവിതയ്ക്ക് പിന്തുണയേറുന്നു. വിധിയെ പറ്റിയുള്ള പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെതന്നെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. അതിജീവിതയുടെ പോസ്റ്റിനോട് വൈകാരികമായാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. നടി പാര്‍വതി തിരുവോത്ത്, പൃഥ്വിരാജ് സുകുമാരന്‍, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, അഹാന കൃഷ്ണ, ഷഫ്‌ന, ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി, പ്രൊഡ്യൂസര്‍ സുപ്രിയ മേനോന്‍, സയനോര ഫിലിപ്പ്, ലീലാ സന്തോഷ്, അന്ന ബെന്‍ തുടങ്ങി പ്രമുഖരുള്‍പ്പെടെ നിരവധി പേരാണ് അതിജീവിതയുടെ പോസ്റ്റ് പങ്കുവച്ചത്.
വിധി അദ്ഭുതപ്പെടുത്തുന്നില്ലെന്നായിരുന്നു അതിജീവിതയുടെ പ്രതികരണം. വിചാരണക്കോടതിയില്‍ നേരത്തെ വിശ്വാസം നഷ്ടപ്പെട്ടു. നിയമത്തിനുമുന്നില്‍ എല്ലാ പൗരന്‍മാരും തുല്യരല്ല എന്ന തിരിച്ചറിവ് നല്‍കിയതിന് നന്ദി. തന്‍റെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിച്ചില്ല. വിചാരണ ഓപ്പണ്‍ കോടതിയില്‍ വേണമെന്ന ആവശ്യം നിരാകരിച്ചുവെന്നും പോസ്റ്റില്‍ അതിജീവിത പറഞ്ഞു.
ഇതിനുപിന്നാലെ തന്നെ വിഷയത്തില്‍ പോസ്റ്റ് പങ്കുവച്ച് നടി മഞ്ജു വാര്യറും രംഗത്തെത്തി. ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ടെന്നും, പക്ഷെ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ലെന്നും മഞ്ജു തുറന്നടിച്ചു.'കുറ്റം ചെയ്തവർ മാത്രമേ ഇപ്പൊൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും, അവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണെന്ന് ദിലീപിന്‍റെ പേര് പറയാതെ മഞ്ജു കുറിച്ചു. അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണമാവുകയുള്ളൂവെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.
അതിജീവിതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐഎഫ്എഫ്കെ വേദിയിൽ ഇന്ന് ' അവൾക്കൊപ്പം' പരിപാടിയും നടന്നിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു. നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയവരെ പൂർണ്ണമായും വെളിച്ചത്തു കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല എന്നത് നമ്മൾ അഭിമുഖീകരിക്കുന്ന വലിയൊരു ദുരന്തമാണെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. ഗൂഢാലോചനക്കാരെ പുറത്തുകൊണ്ടുവരാൻ ഏതറ്റംവരെയും പോകേണ്ട ചുമതല നമുക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.