മലയാള സിനിമയ്ക്ക് വ്യത്യസ്തമായ ഒട്ടേറെ ചിത്രങ്ങള്‍ ലഭിച്ച വര്‍ഷമാണ് 2024. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഇറങ്ങിയ മഞ്ഞുമ്മല്‍ ബോയ്സ് മുതല്‍ ത്രീഡിയുടെ അത്ഭുതലോകത്തേയ്ക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയ ബറോസ് വരെ നമുക്ക് മുന്നിലെത്തിയ വര്‍ഷം. പുതുതലമുറയ്ക്ക് ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമാ അനുഭവം സമ്മാനിച്ച ഭ്രമയുഗമെത്തിയതും ഇതേ വര്‍ഷം തന്നെ. മലയാള സിനിമ സ്വന്തം കരുത്ത് അന്യഭാഷാ പ്രേക്ഷകര്‍ക്ക് കാട്ടിക്കൊടുത്ത വര്‍ഷമെന്ന് കൂടി 2024നെ വിശേഷിപ്പിക്കാം. പറഞ്ഞുവരുന്നത് 2024ലെ റീലിസുകളെക്കുറിച്ചല്ല. മറിച്ച് ഈ ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ ഒരുപിടി നല്ല പാട്ടുകളെക്കുറിച്ചാണ്. റീലുകളില്‍ തരംഗം തീര്‍ത്ത, പോയ വര്‍ഷം മലയാളികളുടെ ചുണ്ടില്‍ നിറഞ്ഞുനിന്നതുമായ 10 ട്രെന്‍ഡിങ് ഗാനങ്ങള്‍.
ഇല്ലുമിനാറ്റി
2024 ന്റെ തുടക്കത്തിൽ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് നമ്പര്‍ വണ്‍ ആയി മാറിയ പാട്ട്. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ നൃത്തം ചെയ്യിപ്പിച്ച ഗാനം. ഫാഫ രംഗണ്ണനായി നിറഞ്ഞാടിയ പാട്ട്. ഇല്ലുമിനാറ്റി! 'ആവേശം' സിനിമയിലെ ഇല്യുമിനാറ്റി തീര്‍ത്ത ഓളം ചെറുതൊന്നുമല്ല. യൂട്യൂബില്‍ മാത്രം 246 മില്യണിലധികം വ്യൂസ്. റീലുകളില്‍ ഇല്ലുമിനാറ്റി മാത്രമായിരുന്ന ദിവസങ്ങളുണ്ടായിരുന്നു. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം പകര്‍ന്നപ്പോള്‍, ഡബ്സിയുടെ ശബ്ദത്തില്‍ മലയാളികള്‍ക്ക് ലഭിച്ചത് ഇതുവരെ കേള്‍ക്കാത്ത ഒരൊന്നൊന്നര ഹിറ്റ് ഗാനം!
അര്‍മാദം
ട്രെന്‍ഡിങ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ച പാട്ടുകളില്‍ രണ്ടാമത്തേതും ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശത്തിലേതു തന്നെ. 'അര്‍മാദം' എന്ന പാട്ട് ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. 'ഒരു സല്‍പുത്രന്‍ പിറന്നടാ പണ്ടേ' എന്നു തുടങ്ങുന്ന പാട്ട് പാടിയത് പ്രണവം ശശിയാണ്. യൂട്യൂബില്‍ 83 മില്യണിലധികം പേര്‍ പാട്ട് കണ്ടു, കേട്ടു. ആവേശത്തിലെ പാട്ടുകള്‍ മാത്രമല്ല ‘ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ’ എന്നതടക്കമുളള ഡയലോഗുകളും ട്രെന്‍ഡിങ് ആയി മാറി.
കുതന്ത്രം
മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിലെ 'കുതന്ത്രം' എന്ന റാപ്പ് സോങ്ങും കേരളക്കരയില്‍ അലയൊലികള്‍ തീര്‍ത്തു. സുഷിന്‍ ശ്യാമിന്‍റെ സംഗീതവും വേടന്‍റെ റാപ്പും ചേര്‍ന്നപ്പോള്‍ അത് യൂത്തിന്‍റെ വൈബിനൊത്ത പാട്ടായി മാറി. ഗുണ കേവും അതിന്‍റെ ഭീകരതയും പ്രേക്ഷകരിലെത്തിച്ച ചിത്രത്തിന് വന്‍സ്വീകാര്യതയാണ് കേരളത്തിനകത്തും പുറത്തും ലഭിച്ചത്. ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിലെ 'കുതന്ത്രം' എന്ന ഗാനം യൂട്യൂബില്‍ മാത്രം 20 മില്യണിലധികം കാഴ്ച്ചക്കാരെ സ്വന്തമാക്കി.
മിനി മഹാറാണി
പ്രേമലു എന്ന ചിത്രത്തില്‍ കപില്‍ കപിലനും വിഷ്‌ണു വിജയും വാഗു മസാനും ചേര്‍ന്ന് ആലപിച്ച 'മിനി മഹാറാണി'യും 2024ലെ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിച്ച ഗാനമാണ്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വിഷ്ണു വിജയ്‍യാണ്. നസ്‍ലനും മമിത ബൈജുവും തകര്‍ത്തഭിനയിച്ച ഈ പാട്ട് യൂത്തിന്‍റെ ഓള്‍ടൈം ഫേവറിറ്റെന്ന് പറയുന്നു സോഷ്യല്‍ലോകം. 20 മില്യണിലധികമാണ് യൂട്യൂബ് വ്യൂസ്.
വട്ടേപ്പം
വിനോദ് ലീല സംവിധാനം ചെയ്ത് മന്ദാഗിനി എന്ന ചിത്രത്തിലെ 'വട്ടേപ്പം' എന്ന ഗാനം ഒന്നും രണ്ടുമല്ല ഒരായിരം വട്ടമാണ് മലയാളികള്‍ ഏറ്റുപാടിയത്. പൊതുപരിപാടികളിലും കല്യാണവീടുകളിലും പോയ വര്‍ഷം ഏറ്റവുമധികം ഉയര്‍ന്നുകേട്ട പാട്ടും ഇതുതന്നെ. വ്യത്യസ്തമായ വരികളും അതിലേറെ രസകരമായ സംഗീതവും ഒത്തുചേര്‍ന്നപ്പോള്‍ പിറന്നത് 2024ലെ മികച്ച പാട്ടുകളില്‍ ഒന്ന്. വൈശാഖ് സുഗുണന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയത് ബിബിന്‍ അശോകാണ്. പാടിയത് 2024ലെ ഹിറ്റ്മേക്കര്‍ ഡബ്സിയും. യൂട്യൂബില്‍ 31 മില്യണിലധികം കാഴ്ച്ചക്കാരെയാണ് വട്ടേപ്പം എന്ന ഗാനം സ്വന്തമാക്കിയത്.
ഏയ് ബനാനേ
ഒരേസമയം പ്രേക്ഷകനെ ചുവടുവയ്പ്പിക്കുകയും മറ്റൊരു ഹൃദയസ്പര്‍ശിയായ ഗാനത്തിലൂടെ കരയിക്കുകയും ചെയ്ത ചിത്രമാണ് വാഴ. ഒരുസംഘം കൂട്ടുകാരുടെ കഥ പറഞ്ഞ ചിത്രത്തിലെ ഏയ് ബനാനേ എന്ന ഗാനം പോയ വര്‍ഷത്തെ ഹിറ്റുകളില്‍ ഒന്നാണ്. സോഷ്യല്‍ വാളുകള്‍ കീഴടക്കിയ ഏയ് ബനാനെയ്ക്ക് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത് എലക്ട്രോണിക് കിളി എന്ന പേരില്‍ അറിയപ്പെടുന്ന സ്റ്റെഫിനാണ്. വരികളെഴുതിയിരിക്കുന്നത് വിനായക് ശശികുമാറും. യൂട്യൂബ് വ്യൂസ് 39 മില്യണിലധികം വരും.
പെരിയോനെ
ബ്ലെസിയുടെ സംവിധാനമികവില്‍ പുറത്തിറങ്ങിയ ആടുജീവിതത്തിലെ 'പെരിയോനെ' എന്ന ഗാനവും 2024ലെ മികച്ച പാട്ടുകളില്‍ ഒന്നായി. റഫീക്ക് അഹമ്മദിന്‍റെ വരികള്‍ക്ക് സാക്ഷാല്‍ എ.ആര്‍.റഹ്മാന്‍റെ സംഗീതം. ആലാപനം ജിതിന്‍ രാജ്. 2024ലെ ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ അവാര്‍ഡ്സില്‍ മികച്ച ഗാനത്തിനുളള പുരസ്കാരവും പെരിയോനേ സ്വന്തമാക്കി. 19 മില്യണിലധികം ആളുകളാണ് ഈ ഗാനം യൂട്യൂബില്‍ കണ്ടതും കേട്ടതും.
അങ്ങ് വാന കോണില്
ടൊവിനോ തോമസ് മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച എആര്‍എമ്മിലെ 'അങ്ങ് വാന കോണില്' എന്ന ഗാനവും പ്രേക്ഷകഹൃദയം കീഴടക്കി. വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തില്‍ ഒരു താരാട്ടുപാട്ടു കണക്കെ ആ ഗാനം ആസ്വാദക മനം കവര്‍ന്നു. മനു മഞ്ജിത്തിന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയത് ദിബു നൈനാന്‍ തോമസാണ്. യൂട്യൂബില്‍ ഇതിന് 37 മില്യണിലധികം വ്യൂസ് ലഭിച്ചു.
സ്തുതി
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന അമല്‍ നീരദ് ചിത്രം ബോഗേന്‍വില്ലയിലെ സ്തുതി എന്ന ഗാനവും മണിക്കൂറുകള്‍ക്കകം ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിച്ചു. സംഗീതം കൊണ്ടും കോറിയോഗ്രാഫികൊണ്ടും ഞെട്ടിച്ച ഈ പാട്ട് ഓണ്‍ലൈനിലും തരംഗമാണ്. കുഞ്ചാക്കോ ബോബന്‍റെയും ജ്യോതിര്‍മയിയുടെയും നൃത്തച്ചുവടുകളും വൈറലായി. സുഷിന്‍ ശ്യാമാണ് സ്തുതിയുടെയും സംഗീതം. ആന്‍ മേരി അലക്സാണ്ടറും സുഷിനും ചേര്‍ന്ന് പാടിയ വരികള്‍ എഴുതിയത് വിനായക് ശശികുമാറാണ്. യൂട്യൂബ് വ്യൂസ് ഇതിനകം 9 മില്യന്‍ പിന്നിട്ടു.
ബ്ലഡ്
ഒരേ ചിത്രത്തിലെ ഒരേ ഗാനം രണ്ടു ഗായകരുടെ ശബ്ഗദത്തില്‍ പുറത്തിറങ്ങി. അത് രണ്ടും ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കീഴടക്കി. ഉണ്ണിമുകുന്ദന്‍റെ ഏറ്റവും പുതിയ ചിത്രം മാര്‍ക്കോയിലെ ബ്ലഡ് എന്ന ഗാനമാണ് ഈ നേട്ടം കൈവരിച്ചത്. സന്തോഷ് വെങ്കി പാടിയ വേര്‍ഷന്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ഡബ്സി പാടിയ വേര്‍ഷന്‍ ഹിറ്റ് ചാര്‍ട്ടില്‍ രണ്ടാമത് വന്നു.
ആസ്വാദകരുടെ ഇഷ്ടഗാനങ്ങളില്‍ എക്കാലവും ഇടംപിടിച്ച രണ്ടുപാട്ടുകള്‍ 2024ല്‍ ഓസ്ലറിലൂടെയും മഞ്ഞുമ്മല്‍ ബോയിസിലൂടെയും നമ്മള്‍ വീണ്ടും കേട്ടു. എആര്‍എമ്മിലെ ഭൈരവന്‍ പാട്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ഭ്രമയുഗത്തിലെ ചെന്തീപ്പൊരി എന്ന ഗാനവും വേറിട്ട അനുഭവമായി.
മലയാളത്തില്‍ കണ്ടുപഴകിയ ശൈലികളെ മാറ്റിമറിച്ചാണ് 2024 കടന്നുപോകുന്നത്. റാപ് മ്യൂസിക്ക് പോലുളള വ്യത്യസ്ത പരീക്ഷണഗാനങ്ങളെ മലയാളികള്‍ നെഞ്ചിലേറ്റിയതും ഈ മാറ്റത്തിന്‍റെ ഭാഗമെന്ന് പറയാം. മലയാള സിനിമ മാറുകയാണ് അതിര്‍വരമ്പുകളില്ലാത്ത ദൃശ്യാനുഭവങ്ങള്‍ക്കൊപ്പം കൂടുതല്‍ മികച്ച ശ്രവ്യാനുഭവങ്ങളും തീര്‍ത്തുകൊണ്ട്. 2025ല്‍ ഇത് വലിയ പ്രതീക്ഷയുമാണ്.