ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാന് കുട്ടികളോടുള്ള സ്നേഹം പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ കനത്ത സുരക്ഷയ്ക്കിടയിലും തന്റെ കുഞ്ഞാരധകന് ചുംബനം നല്കുന്ന സല്മാന് ഖാന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
കഴിഞ്ഞ ദിവസം സഹതാരം ചിത്രാംഗദ സിംഗിനൊപ്പം വിമാനത്താവളത്തിൽ എത്തിയതായിരുന്നു സൽമാൻ. മാതൃഭൂമി എന്ന ചിത്രത്തിന്റെ പ്രമോഷന് കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇരുവരും. ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റെ ഭീഷണിയുള്ളതുകൊണ്ട് തന്നെ കർശന സുരക്ഷാ വലയങ്ങൾക്കിടയിലാണ് താരത്തിന്റെ യാത്രകളെല്ലാം. പതിവുപോലെ സുരക്ഷാ ഉദ്യോഗസ്ഥർ സൽമാന് ചുറ്റുമുണ്ടായിരുന്നു; പാപ്പരാസികൾ അകലെ നിന്നാണ് ഫോട്ടോകൾ പകർത്തിയിരുന്നത്.
ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിലാണ് ഒരു കൊച്ചു പയ്യൻ സൽമാനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചത്. ഒട്ടും മടിക്കാതെ സൽമാൻ ആ കുഞ്ഞിനെ അരികിലേക്ക് വിളിച്ചു. ഓടി അടുത്തെത്തിയ കുരുന്നിനെ കണ്ടപ്പോൾ സൽമാന്റെ മുഖത്തും മനോഹരമായ പുഞ്ചിരി വിരിഞ്ഞു. അരികില്‍ കുട്ടിയെത്തിയപ്പോള്‍ അദ്ദേഹം കുനിഞ്ഞ് കുഞ്ഞിന്റെ നെറ്റിത്തടത്തിൽ സ്നേഹചുംബനം നൽകുകയായിരുന്നു. താരത്തിന്റെ സ്നേഹസമ്മാനം ലഭിച്ച സന്തോഷത്തിൽ കുട്ടി മടങ്ങി. പിന്നാലെ സൽമാൻ ഖാന് തന്റെ കാറില്‍ കയറിപ്പോകുകയും ചെയ്തു.
വിഡിയോ പുറത്ത് വന്നതിന് പിന്നാലെ താരത്തെ പ്രകീര്‍ത്തിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 'അദ്ദേഹത്തിന്റെ മനസുനിറച്ചും സ്നേഹമാണ്' എന്നൊരാള്‍ കമന്റ് ചെയ്തപ്പോള്‍ 'സല്മാന് സ്വന്തമായി കുട്ടികൾ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു' എന്ന് മറ്റൊരാളും കമന്റുമായെത്തി.
കോഫി വിത്ത് കരൺ സീസൺ 9ൽ അതിഥിയായെത്തിയപ്പോഴും തനിക്ക് അച്ഛനാകാൻ ആഗ്രഹമുണ്ടെന്ന് സൽമാൻ മനസുതുറന്നിരുന്നു. കുട്ടികൾ ജീവിതത്തിൽ നൽകുന്ന സന്തോഷത്തെക്കുറിച്ചും ഒറ്റപ്പെടലില്ലായ്മയെക്കുറിച്ചും അദ്ദേഹം അന്ന് വാചാലനായിരുന്നു.