ramayana-movie

രൺബീർ കപൂർ നായകനായ രാമായണ എന്ന സിനിമയ്‌ക്കെതിരായ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. സിനിമ ഇതിനകം തിയറ്ററുകളിൽ റിലീസ് ചെയ്തതാണെന്നും കാണാൻ ആഗ്രഹിച്ചവർ അത് കണ്ടുകഴിഞ്ഞെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിഹാസത്തിലെ വസ്തുതകൾ വളച്ചൊടിച്ചാണ് ചിത്രം നിർമിച്ചിരിക്കുന്നതെന്ന് ആരോപിച്ചുള്ള ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ച് രൂക്ഷവിമർശനം നടത്തിയത്.

നവംബർ 23ന് ഹർജി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതുവരെ വാദം കേൾക്കുന്നതിനായി ലിസ്റ്റ് ചെയ്തിട്ടില്ലെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അണിയറപ്രവർത്തകർ അവരുടെ കാഴ്ചപ്പാടിലാണ് സിനിമ നിർമിച്ചിരിക്കുന്നതെന്നും ഇതിഹാസത്തെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടെങ്കിൽ ഹർജിക്കാരൻ സ്വന്തമായി സിനിമ നിർമിക്കണമെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് താക്കീത് നൽകിയ ബെഞ്ച്, സിനിമയെ പ്രശംസിക്കുന്നവരും വിമർശിക്കുന്നവരും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും നിരീക്ഷിച്ചു.

'അവർ അവര്‍ക്ക് മനസിലാക്കുന്നതുപോലെ ഒരു സിനിമ ചെയ്തു, നിങ്ങൾ നിങ്ങള്‍ക്ക് മനസിലാക്കുന്നതുപോലെ ഒരു സിനിമ ചെയ്തോളൂ. കോടതിയുടെ സമയം പാഴാക്കരുത്. രാമായണത്തെ കുറിച്ച് നിങ്ങൾക്ക് എതിർ അഭിപ്രായമുണ്ടെങ്കിൽ, അതിനെ അടിസ്ഥാനമാക്കി ഒരു സിനിമ നിർമ്മിക്കുക.'- കോടതി പറഞ്ഞു. 

രാവണനെ മഹത്വവൽക്കരിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് സിനിമയുടെ അണിയറപ്രവർത്തകർ നടത്തുന്നതെന്ന് ആരോപിച്ച് നേരത്തെ വിശ്വ ഹിന്ദു പരീഷത്ത് രംഗത്തെത്തിയിരുന്നു. 

നിതേഷ് തിവാരി സംവിധാനം ചെയ്ത 'രാമായണ: റൈസ് ഓഫ് എ ലെജൻഡി'ൽ രൺബീർ കപൂറാണ് ശ്രീരാമനായി എത്തുന്നത്. സീതയായി സായ് പല്ലവിയും രാവണനായി യഷും വേഷമിടുന്നു. നമിത് മൽഹോത്രയും യഷും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമയുടെ ആദ്യഭാഗം നവംബർ അഞ്ചിനാണ് റിലീസ് ചെയ്തത്.

ENGLISH SUMMARY:

The Supreme Court declined an urgent hearing request on a petition challenging the film Ramayana starring Ranbir Kapoor, noting that the movie is already in theaters and those wanting to watch it have done so. A bench comprising Chief Justice Surya Kant and Justices Joymalya Bagchi and Vijay Bishnoi told the petitioner not to waste the court's time and suggested making their own film if they hold a different view of the epic. The plea alleged that the movie distorts facts from the Ramayana, while the Vishva Hindu Parishad had previously accused the makers of attempting to glorify Ravana. Directed by Nitesh Tiwari and starring Ranbir Kapoor, Sai Pallavi, and Yash, the first part of the two-part film was released on November 5