sai-pallavi

TOPICS COVERED

അയ്യേ.. സീതയായി സായ് പല്ലവിയോ? രാമായണയുടെ അനൗണ്‍സ്മെന്‍റിന് പിന്നാലെ സോഷ്യല്‍ മീഡിയയാകെ ചര്‍ച്ചയായത് സായ് പല്ലവിയുടെ കാസ്റ്റിങ്ങായിരുന്നു. സീതാദേവിയുടെ കഥാപാത്രത്തിന് സായ് പല്ലവിയുടെ രൂപം ചേരുന്നില്ലെന്നും,  സ്വാഭാവിക ലുക്കും ചുരുണ്ട മുടിയുമൊക്കെ പരമ്പരാഗത സീതാസങ്കൽപ്പങ്ങൾക്ക് എതിരാണെന്നും, ഹിന്ദി അറിയാത്ത ഒരാൾ എങ്ങനെ സീതയെ അവതരിപ്പിക്കുമെന്നുമെല്ലാമായിരുന്നു വിമര്‍ശനം. . എന്നിട്ടെന്തായി? സിനിമ ഇറങ്ങുകയും ചെയ്തു, സായ് പല്ലവി അതിൽ കിടിലനായി അഭിനയിക്കുകയും ചെയ്തു. സീത സുന്ദരിയാകുന്നത് മധുരമായ ശബ്ദം കൊണ്ടോ , ശരീരം കൊണ്ടോ ഭൂമിയോളം ക്ഷമ കൊണ്ടോ സഹനശേഷി കൊണ്ടോ ഒന്നുമല്ലെന്നും സ്വന്തം തീരുമാനങ്ങളെയും പ്രണയത്തെയും തെരഞ്ഞെടുപ്പുകളെയും മുറുകെപ്പിടിച്ച ഡിറ്റര്‍മിനേഷന്‍ കൊണ്ടാണെന്നും സായ് തെളിയിച്ചു. 

ഇനി രാജ് കുമാര്‍ പെരിയസാമിയുടെ OM കണ്ടോ? സിനിമയെ കുറിച്ച് പല അഭിപ്രായങ്ങളുണ്ടെങ്കിലും ചിത്രങ്ങളിലെ സായ് പല്ലവിയുടെ പ്രകടനത്തില്‍ കൈയ്യടിക്കാത്ത സിനിമാ പ്രേമികള്‍ ഉണ്ടാകില്ലെന്നതാണ് സത്യം. നിത്യ റെഡ്ഢിയായി സായ് ഓരോ തവണയും സ്ക്രീനിലെത്തുമ്പോള്‍ രോമാഞ്ചമായിരുന്നു. ആറ് നാഷ്ണൽ അവാർഡിന് മുൻപിലാണ് സായ് പല്ലവി ഒറ്റക്ക് നിന്ന് ചങ്കൂറ്റത്തോടെ തന്‍റെ കഥാപാത്രത്തെ  വിജയിപ്പിച്ചത്. തന്‍റെ രൂപത്തേയോ ഭാഷയേയോ മറ്റോ അടിസ്ഥാനമാക്കി ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ അവര്‍ക്ക് മുമ്പില്‍ തന്‍റെ കഴിവുകൊണ്ട് മറുപടിപറയുന്നതാണ് സായ് പല്ലവിക്ക് ശീലം. 

സായ് പല്ലവിക്ക് അല്ലെങ്കിലും തോറ്റുകൊടുത്ത് ശീലമില്ലല്ലോ. ഡാന്‍സറായി തുടങ്ങി 2015ല്‍ ജോര്‍ജിയയിലെ മെഡിസിന്‍ പഠനത്തിനിടെ കേരളത്തില്‍ വന്ന് സെന്‍സേഷനലായി മലയാളികളുടെയാകെ മനസുകവര്‍ന്ന ആ 23കാരി തമിഴ് പൊണ്ണ് ഇന്ത്യയിലെ തന്നെ ഒന്നാംനിര അഭിനേതാവായി മാറിയ കഥ അവിശ്വസനീയമെന്നല്ലാതെ മറ്റൊന്നും പറയാന്‍ കഴിയില്ല. 

ചെറുപ്പം മുതലേ നൃത്തത്തോട് വലിയ താല്‍പര്യമുണ്ടായിരുന്ന സായ് പല്ലവി, 2008ൽ വിജയ് ടിവിയിലെ 'ഉങ്ങളിൽ യാർ അടുത്ത പ്രഭുദേവ' എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് 2009ൽ തെലുങ്കിലെ 'ധീ അൾട്ടിമേറ്റ് ഡാൻസ് ഷോ'യിലും പങ്കെടുത്തു. ജോർജിയയിൽ മെഡിസിൻ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംവിധായകൻ അൽഫോണ്‍സ് പുത്രൻ പ്രേമത്തിലേക്ക് മലർ മിസ് എന്ന കഥാപാത്രത്തിനായി സായ് പല്ലവിയെ സമീപിക്കുന്നത്. ആദ്യം ഒരു തട്ടിപ്പാണോ എന്ന് സംശയിച്ചെങ്കിലും, പിന്നീട് അവധിക്കാലത്ത് നാട്ടിലെത്തി സിനിമയിൽ അഭിനയിച്ചു. സാരിയുടുത്ത് ഭംഗിയായി ചിരിക്കുന്ന മലര്‍ മിസ് ഉണ്ടാക്കിയ ഓളെമൊന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ? 

പിന്നീട് അസൂയാവഹമായിരുന്നു സായിയുടെ വളര്‍ച്ച. മുഖത്തെ കുരുക്കളും മറ്റുമൊന്നും മറയ്ക്കാതെ മേക്കപ്പില്ലാതെ, വളരെ സ്വാഭാവികമായ അഭിനയത്തിലൂടെ സായ് പല്ലവി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു. പ്രേമത്തിന് ശേഷം കലി, ഫിദ, മാരി 2, ശ്യാം സിംഗ റോയ്, ഗാർഗി, അമരൻ തുടങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി അവർ വളർന്നു. ഇന്ന് ഒന്നിന് പുറകെ ഒന്നായി സൂപ്പര്‍ ഹിറ്റുകളിലാണ് താരം ഭാഗമാകുന്നത്. നായകന്‍റെ നിഴലില്‍ നാണം കുണുങ്ങിനില്‍ക്കാതെ തന്‍റെ കൂടി ചിത്രമാണിതെന്ന് തെളിയിക്കുന്നരീതിയിലാണ് സായ് പല്ലവിയുടെ ഓരോ തിരഞ്ഞെടുപ്പുകളും. ഇനിയും വൈവിധ്യമാര്‍ന്ന  കഥാപാത്രങ്ങളിലൂടെ സായ് പ്രേക്ഷകര്‍ക്കായി ഒരുക്കിവയ്ക്കുന്ന സര്‍പ്രൈസുകള്‍ക്ക് വേണ്ടി കാത്തിരിക്കാം. 

ENGLISH SUMMARY:

The feature profiles actress Sai Pallavi's rise from dance reality shows and her breakout role as Malar Miss in Premam to becoming one of Indian cinema's leading stars. It highlights how she has repeatedly answered doubts over casting, language, and appearance through strong performances in films such as Ramayana and Amaran. Portraying characters like Sita and Nithya Reddy, she has carved out a distinct identity beyond playing a passive shadow to the lead hero. Her natural screen presence and bold role choices continue to draw acclaim from audiences across industrie