അട്ടപ്പാടിയിലെ ഗോത്രവൈദ്യം പ്രമേയമാക്കിയ ഡോക്യു ഫിക്ഷന്‍ ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍. ആദിവാസി വിഭാഗം കാത്തുസൂക്ഷിക്കുന്ന അപൂര്‍വ ഔഷധ സമ്പത്തിന്റെ ചരിത്രം പരിചയപ്പെടുത്തുന്ന ചിത്രം ഒരുക്കിയത് വിജീഷ് മണിയാണ്. 'അട്ടപ്പാടി ദ് വാലി ഓഫ് ഡിവൈന്‍ ഹീലിങ് ' എന്ന ചിത്രം വെള്ളിയാഴ്ച മേളയില്‍ പ്രദര്‍ശിപ്പിക്കും.
ഗോത്രവൈദ്യത്തിന്റെ വര്‍ഷങ്ങള്‍ നീണ്ട പാരമ്പര്യമാണ് അട്ടപ്പാടിക്കുള്ളത്. ഇതില്‍ അറിയുന്നതും അറിയപ്പെടാത്തതുമായ പരമ്പരാഗത ഔഷധക്കൂട്ടുകള്‍ ഉണ്ട്. അപൂര്‍വ ഔഷധ സമ്പത്തിന്റെ ചരിത്രവും ഗോത്ര പശ്ചാത്തലവും അനാവരണം ചെയ്യുകയാണ് 'അട്ടപ്പാടി ദ് വാലി ഓഫ് ഡിവൈന്‍ ഹീലിങ് ' എന്ന ഡോക്യു ഫിക്ഷന്‍. ആദിവാസി മേഖലയില്‍ നിരവധി സിനിമകള്‍ ചെയ്ത് ശ്രദ്ധേയനായ വിജീഷ് മണി ആണ് സംവിധായകന്. മാധ്യമപ്രവര്‍ത്തകനായ അജിത് ഷോളയൂരാണ് തിരക്കഥ ഒരുക്കിയത്.
ഒമാനി കവിയും നടനുമായ സുല്‍ത്താന്‍ അഹമ്മദ് അല്‍ മെഹ്മൂദി ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ഒപ്പം ഒട്ടേറെ ഗോത്ര കലാകാരന്മാരും അണിനിരക്കുന്നു. നഞ്ചിയമ്മ, കെ. ശിവാനി, കൃഷ്ണവേണി തുടങ്ങിയവര്‍ ഡോക്യുഫിക്ഷനിലുണ്ട്. ഗോവ ചലച്ചിത്രമേളയുടെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ചിത്രം എത്തുമ്പോള്‍ അത് ഒരു നാടിന് ലഭിക്കുന്ന അംഗീകാരം കൂടിയാണ്.