deepika-parenting

ബോളിവുഡ് അരങ്ങേറ്റത്തിന് മുൻപ് അഭിനയ പരിശീലനത്തിനിടെ ദീപികയ്ക്കൊപ്പം ഉണ്ടായ അനുഭവം തുറന്നു പറഞ്ഞ് മുതിര്‍ന്ന ബോളിവുഡ് നടൻ അനുപം ഖേർ. അഭിനയം എന്നുള്ളത് നിരന്തരം പരിശീലനം വേണ്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്‍റെ പ്രാധാന്യം വ്യക്തമാക്കാനാണ് ദീപിക തന്‍റെ പരിശീലന കളരിയില്‍ ഉണ്ടായിരുന്ന സമയത്തെ അനുഭവം അദ്ദേഹം വിവരിച്ചത്. ഐഎഫ്എഫ്ഐ 2026 ലെ പാനൽ ചർച്ചയ്ക്കിടെയാണ് അദ്ദേഹം പഴയകാല ഓർമ്മകൾ പങ്കുവെച്ചത്.

ഫറാ ഖാന്റെ 'ഓം ശാന്തി ഓമി’ലൂടെയാണ് ദീപിക ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ഷാറൂഖ് ഖാനൊപ്പം അഭിനയിക്കുന്നതിന് മുന്‍പ് അനുപം ഖേറിന്റെ അഭിനയ സ്കൂളായ 'ആക്ടർ പ്രിപ്പയേഴ്സിൽ' ദീപിക മൂന്നുമാസത്തെ കോഴ്സ് ചെയ്തിരുന്നു. സിനിമയില്‍ എത്തും മുന്‍പു തന്നെ അറിയപ്പെടുന്ന മോഡലായിരുന്നു ദീപിക. അന്ന് ഒരു വീട്ടുജോലിക്കാരിയായി അഭിനയിക്കാൻ നൽകിയ ടാസ്കില്‍ ദീപികയ്ക്ക് വളരെയധികം ബുദ്ധിമുട്ടേണ്ടി വന്നുവെന്ന് അനുപം ഖേര്‍ ഓര്‍ത്തെടുക്കുന്നു.

‘രണ്ടാം ബാച്ചിലെ വിദ്യാർഥിയായിരുന്നു ദീപിക. അക്കാലത്ത് അറിയപ്പെടുന്ന മോഡലുമായിരുന്നു അവർ. ഷാറൂഖ് ഖാനൊപ്പമുള്ള സിനിമയിലേക്ക് ഫറ ഖാൻ ദീപികയെ തീരുമാനിച്ചിരുന്നു. മോഡലായിരുന്നതിനാലും മികച്ച വിദ്യാഭ്യാസ പശ്ചാത്തലത്തിൽ നിന്നുള്ള ആളായതിനാലും ദീപിക എപ്പോഴും വളരെ ചിട്ടയായും അച്ചടക്കത്തോടെയുമാണ് പെരുമാറിയിരുന്നത്. ഒരു കപ്പ് ചായ എടുക്കുന്നത് പോലും ആ രീതിയിലായിരുന്നു. ചിലപ്പോഴെല്ലാം അതിൽ അസ്വാഭാവികതയുള്ളതായി തോന്നുമായിരുന്നു’

‘ഒരു ദിവസം ക്ലാസ്സെടുക്കുന്നതിനിടെ, തറ അടിച്ചുവാരുന്ന ഒരു വീട്ടുജോലിക്കാരിയായി അഭിനയിക്കാൻ ഞാൻ ദീപികയോട് പറഞ്ഞു. അതും ഒരു പ്രത്യേക ഭംഗിയോടെ അവർ ചെയ്തു. തുടർന്ന് ഞാൻ എന്റെ വീട്ടിലെ ജോലിക്കാരിയെ വിളിച്ച് അടിച്ചുവാരാന്‍ ആവശ്യപ്പെട്ടു. അവര്‍ എന്നും ചെയ്യുന്നതുപോലെ യഥാര്‍ഥത്തില്‍ അത് ചെയ്തു. അന്ന്, നിങ്ങൾ അടിച്ചുവാരുകയാണെന്ന് എനിക്ക് ബോധ്യമാകുന്നതുവരെ ഈ പരിശീലനം തുടരുമെന്ന് ഞാൻ ദീപികയോട് പറഞ്ഞു’– അദ്ദേഹം പറഞ്ഞു.

ആദ്യഘട്ടത്തിൽ ദീപികയ്ക്ക് വലിയ നിരാശ തോന്നിയിരുന്നുവെന്നും കണ്ണുകൾ നിറഞ്ഞുവെന്നും അനുപം ഖേർ പറഞ്ഞു. ‘ആദ്യം അവർക്ക് അസ്വസ്ഥത തോന്നി, കണ്ണുകള്‍ നിറഞ്ഞു. പക്ഷേ പിന്നീട് അവർ അത് കൃത്യമായി ചെയ്തു, എന്നോട് നന്ദി പറയുകയും ചെയ്തു. അഭിനയം നിരന്തരം അഭ്യസിക്കേണ്ടതാണ്, ഒപ്പം അവസരങ്ങൾ നേടാൻ പ്രായോഗിക ബുദ്ധിയും വേണം’– അനുപം ഖേർ കൂട്ടിച്ചേർത്തു.

2006-ൽ പുറത്തിറങ്ങിയ കന്നഡ ചിത്രമായ 'ഐശ്വര്യ'യിലൂടെയാണ് ദീപിക അഭിനയരംഗത്തെത്തിയത്. തുടർന്ന് 'ഓം ശാന്തി ഓം' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ വലിയ വിജയം നേടി. യേ ജവാനി ഹേ ദീവാനി, ചെന്നൈ എക്സ്പ്രസ്, പദ്മാവത്, പികു, ചപാക്ക് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ബോളീവുഡിന്‍റെ താരനായികയായി. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത് ഷാറൂഖ് ഖാൻ നായകനാകുന്ന 'കിങ്' ആണ് ദീപികയുടെ വരാനിരിക്കുന്ന ചിത്രം. ഡിസംബർ 24-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ENGLISH SUMMARY:

Veteran Bollywood actor Anupam Kher shared an anecdote about training Deepika Padukone at his acting school, Actor Prepares, ahead of her Bollywood debut during a panel discussion at IFFI 2026. Emphasizing that acting requires continuous practice, Kher recalled how Padukone—then an established model cast opposite Shah Rukh Khan in Farah Khan's Om Shanti Om—initially carried a poised, overly polished demeanor in every movement. When tasked with acting as a domestic worker sweeping the floor, she performed it gracefully rather than realistically, prompting Kher to bring in his own household help to demonstrate authentic body language.