sara-rajveer

സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറ തെന്‍ഡുല്‍ക്കറെ വിവാഹം കഴിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ഉത്തരേന്ത്യന്‍ പാപ്പരാസികള്‍. എന്നാണ് കല്യാണം, ആരെയാണ് കല്യാണം കഴിക്കുന്നത് എന്ന് ചോദ്യങ്ങള്‍ നേരത്തേ പലപ്പോഴും ഉയര്‍ന്നുവന്നിരുന്നെങ്കിലും ഇല്ലാത്ത വരനെ കണ്ടെത്തി ഒരു ഓണ്‍ലൈന്‍ മാധ്യമം വാര്‍ത്ത കൊടുത്തതോടെ പ്രതികരണവുമായി സാറ തന്നെ രംഗത്തുവന്നു. 

ബോളിവുഡ് താരം സണ്ണി ഡിയോളിന്‍റെ മകന്‍ രാജ്‍വീര്‍ ഡിയോളാണ് സാറയുടെ പ്രതിശ്രുതവരനെന്നായിരുന്നു റിപ്പോര്‍ട്ട്. വാര്‍ത്ത കാട്ടുതീ പോലെ പടരുകയും ചെയ്തു. എന്നാല്‍ ചില മുംബൈ മാധ്യമങ്ങള്‍ നടത്തിയ ഫാക്ട് ചെക്കില്‍ വിവാഹവാര്‍ത്ത പൊളിഞ്ഞു. സാറ രാജ്‍വീറിനെ  ജീവിതത്തിലിതുവരെ കണ്ടിട്ടില്ലെന്ന് മാത്രമല്ല അവര്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്നാണ് ബോംബെ ടൈംസിന്‍റെ റിപ്പോര്‍ട്ട്. 

സാറ നിലവില്‍ സിംഗിളാണെന്നും ജോലിയിലാണ് പ്രധാന ശ്രദ്ധയെന്നും ഫാക്ട് ചെക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. മറിച്ചുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നാണ് വിശദീകരണം. വിഷയത്തില്‍ നേരിട്ട് പ്രതികരിക്കാന്‍ സാറ തയ്യാറല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

മുന്‍പ് ‘വോഗി’ന് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ സഹോദരന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറുടെ വിവാഹം തന്‍റെ വിവാഹത്തിന് ഒരു ട്രയല്‍ റൗണ്ടായിരുന്നെന്ന് സാറ പറഞ്ഞിരുന്നു. വലിയ ചടങ്ങുകളോടുകൂടിയ വിവാഹമായിരുന്നു പണ്ട് തന്‍റെ സ്വപ്നം. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. തീര്‍ത്തും ലളിതമായ വിവാഹച്ചടങ്ങാണ് ഇപ്പോള്‍ മനസിലുള്ളത്. മാതാപിതാക്കളായ സച്ചിൻ തെൻഡുൽക്കറുടെയും അഞ്ജലിയുടെയും ദാമ്പത്യമാണ് തനിക്ക് മാതൃകയെന്നും സാറ വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY:

Recent clarification by Sara Tendulkar regarding false rumors about her wedding with Bollywood actor Rajveer Deol. The reports were debunked by Mumbai media, confirming that she is currently single and focused on her career.