sai-pallavi-merin-joseph

മമ്മൂട്ടി–ധനുഷ് ചിത്രം 'ഒ.എം ഓപ്പറേഷന്‍ മോള്‍' റിലീസിന് ഒരുങ്ങുകയാണ്. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന സിനിമയെ ആവേശത്തോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. സായ് പല്ലവിയും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കരിയറിലെ ആദ്യ പൊലീസ് കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിനായി താരം മുടിയും വെട്ടിയിരുന്നു. ചിത്രത്തിൽ 'നിത്യ റെഡ്ഡി ഐ.പി.എസ്' എന്ന കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. 

മലയാളി ഐപിഎസ് ഉദ്യോഗസ്ഥ മെറിന്‍ ജോസഫാണ് തന്‍റെ കഥാപാത്രത്തിനായുള്ള പ്രചോദനം എന്ന് പറയുകയാണ സായ് പല്ലവി. കഥാപാത്രത്തിന്‍റെ ലുക്ക് മാത്രമേ സ്വീകരിച്ചിട്ടുള്ളുവെന്നും മെറിന്‍ ജോസഫിന്‍റെ യഥാര്‍ഥ ജീവിതവുമായ സിനിമക്ക് ബന്ധമില്ലെന്നും സായ് കൊച്ചിയിലെ പ്രമോഷന്‍ പരിപാടിക്കിടെ പറഞ്ഞു. സിനിമയില്‍ അഭിനയിക്കുന്നതിനായി മെറിന്‍ ജോസഫിനെ കണ്ടിരുന്നു. ഈ കഥാപാത്രത്തിനായി അവര്‍ തന്ന ഉപദേശങ്ങള്‍ സഹായകമായി എന്നും താരം കൂട്ടിച്ചേര്‍ത്തു. 

മെറിന്‍ ജോസഫിനെ കുറിച്ച് മുന്‍പ് രാജ്കുമാര്‍ പെരിയസാമിയും ഒരു അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. 'കേരളത്തിൽ മെറിൻ ജോസഫ് എന്ന് പറയുന്ന ഒരു ഐപിഎസ് ഓഫിസറുണ്ട്, ഫന്റാസ്റ്റിക് പൊലീസ് ഓഫിസറാണ്. അവരുടെ കഥ തന്നെ ഒരു വശത്ത് ഭയങ്കര സംഭവമാണ്. ലുക്കിനായി ഞാൻ അവരെയാണ് ഒരു റഫറൻസായി എടുത്തത്. 

ദുർബലമായതോ സാധാരണ കണ്ടുവരുന്ന സ്റ്റീരിയോടൈപ്പ് ആയതോ ആയ രൂപത്തിൽ അത് മാറാതിരിക്കാനാണ് ആ റെഫറൻസ് ഞാൻ സായി പല്ലവിക്ക് കാണിച്ചുകൊടുത്തത്. ആദ്യം അവർക്ക് അതിൽ വിശ്വാസം വരണമായിരുന്നു. അങ്ങനെ അവർ പോയി ഐ.പി.എസ് ഉദ്യോഗസ്ഥർ എങ്ങനെയാണ് ജോലി ചെയ്യുന്നതെന്ന് നേരിട്ട് കണ്ട് മനസ്സിലാക്കി, പൂർണ തയാറെടുപ്പുകളോടെയാണ് സെറ്റിലെത്തിയത്,’ രാജ്കുമാർ പെരിയസാമി പറഞ്ഞു.