ബ്രിട്ടീഷ് നടൻ റോബർട്ട് പാറ്റിൻസൺ പുതിയ ജെയിംസ് ബോണ്ടായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ഡാനിയൽ ക്രെയ്ഗിന് പിന്‍ഗാമിയായാണ് പാറ്റിൻസൺ 007ന്റെ വേഷത്തിലെത്തുന്നത്. 40കാരനായ പാറ്റിൻസൺ കാലം ടേണര്‍, ജാക്ക് ലോഡൻ, ജോഷ് ഒ'കോണർ, നിക്കോളാസ് ഹോൾട്ട് തുടങ്ങിയ പ്രമുഖ ബ്രിട്ടീഷ് താരങ്ങളെ പിന്നിലാക്കിയാണ് ബോണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. പാറ്റിൻസണും നിക്കോളാസ് ഹോൾട്ടും ഒക്ടോബർ അവസാനത്തോടെയാണ് സ്ക്രീൻ ടെസ്റ്റിൽ പങ്കെടുത്തത്. സംവിധായകൻ ഡെനിസ് വില്ലെന്യൂവിന്റെ നേതൃത്വത്തിലായിരുന്നു പുതിയ ബോണ്ടിനെ കണ്ടെത്താനുള്ള ഓഡിഷന്‍.
ഇഒഎൻ പ്രൊഡക്ഷൻസ് നിർമിച്ച ഔദ്യോഗിക ബോണ്ട് സിനിമകളിൽ 007 ആയി എത്തുന്ന ഏഴാമത്തെ നടനാകും പാറ്റിൻസൺ. ഷോൺ കോണറി, ജോർജ് ലേസൻബി, റോജർ മൂർ, തിമോത്തി ഡാൽട്ടൺ, പിയേഴ്സ് ബ്രോസ്നൻ, ഡാനിയൽ ക്രെയ്ഗ് എന്നിവരാണ് അദ്ദേഹത്തിന് മുമ്പ് ബോണ്ട് കഥാപാത്രത്തെ അവതരിപ്പിച്ചവർ.
40-ാം വയസ്സിലാണ് പാറ്റിൻസൺ ബോണ്ടായി എത്തുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും പ്രായം കുറഞ്ഞ ബോണ്ട് നടനെന്ന റെക്കോർഡ് അദ്ദേഹത്തിന് സ്വന്തമാകില്ല. 1969ൽ പുറത്തിറങ്ങിയ ഓൺ ഹെർ മജസ്റ്റീസ് സീക്രട്ട് സർവീസ് ചിത്രീകരിക്കുമ്പോൾ 29 വയസ്സുണ്ടായിരുന്ന ജോർജ് ലേസൻബിക്കാണ് ആ റെക്കോർഡ്.
ഹാരി പോട്ടറിൽ നിന്ന് ട്വൈലൈറ്റിലേക്കും ബാറ്റ്മാനിലേക്കും
1986 മേയ് 13ന് ലണ്ടനിലാണ് റോബർട്ട് ഡഗ്ലസ് തോമസ് പാറ്റിൻസന്റെ ജനനം. കുട്ടിക്കാലത്ത് സംഗീതത്തിലായിരുന്നു പാറ്റിൻസണ് കൂടുതൽ താൽപ്പര്യം. പിയാനോയും ഗിറ്റാറും അഭ്യസിച്ച അദ്ദേഹം കൗമാരപ്രായത്തിൽ ഒരു പ്രാദേശിക നാടകസംഘത്തിൽ ചേർന്നതോടെയാണ് അഭിനയത്തോട് ഇഷ്ടം തുടങ്ങിയത്.
2005ൽ പുറത്തിറങ്ങിയ ഹാരി പോട്ടർ ആൻഡ് ദ ഗോബ്ലറ്റ് ഓഫ് ഫയർ എന്ന ചിത്രത്തിലെ സെഡ്രിക് ഡിഗറിയുടെ വേഷമാണ് പാറ്റിൻസന്റെ കരിയറിൽ വഴിത്തിരിവായത്. പിന്നീട് ട്വൈലൈറ്റ് സിനിമാ പരമ്പരയാണ് പാറ്റിൻസനെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയതാരമാക്കിയത്. 2008 മുതൽ 2012 വരെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ എഡ്വേർഡ് എന്ന വാംപയർ കഥാപാത്രത്തെയാണ് പാറ്റിന്‍സന്‍ അവതരിപ്പിച്ചത്. ആഗോളതലത്തിൽ വൻ വിജയമായ പരമ്പര പാറ്റിൻസനെ ഗ്ലോബല്‍ ഐക്കണാക്കി മാറ്റി.
എന്നാൽ കൗമാരക്കാരുടെ പ്രിയതാരം എന്ന പ്രതിച്ഛായയിൽ ഒതുങ്ങാൻ പാറ്റിൻസൺ ആഗ്രഹിച്ചിരുന്നില്ല. സ്വതന്ത്ര സിനിമകളിലേക്കും വ്യത്യസ്തമായ കഥാപാത്രങ്ങളിലേക്കും അദ്ദേഹം ചുവടുമാറ്റി. ഗുഡ് ടൈം (2017), ദ ലൈറ്റ്ഹൗസ് (2019) തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ അഭിനയത്തിലെ വൈവിധ്യം തെളിയിച്ചു. ക്രിസ്റ്റഫർ നോളന്റെ സയൻസ് ഫിക്ഷൻ ത്രില്ലറായ ടെനെറ്റ് (2020) എന്ന ചിത്രത്തിലും അദ്ദേഹം ശ്രദ്ധേയമായ വേഷത്തിലെത്തി.
2022ൽ ബാറ്റ്മാനും പാറ്റിന്‍സനെ തേടിയെത്തി. മാറ്റ് റീവ്സ് സംവിധാനം ചെയ്ത ദ ബാറ്റ്മാൻ എന്ന ചിത്രത്തിലെ ബ്രൂസ് വെയ്ൻ അവതരണം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഇപ്പോഴിതാ സിനിമാ ലോകത്തെ മറ്റൊരു ഐക്കോണിക് കഥാപാത്രമായ ജെയിംസ് ബോണ്ടിനെയും അവതരിപ്പിക്കാനുള്ള അവസരമാണ് പാറ്റിൻസനെ തേടിയെത്തിയിരിക്കുന്നത്.
007ന്റെ പുതിയ മുഖം
ബോണ്ട് ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലും പാറ്റിൻസന്റെ വരവ് നിർണായകമാണ്. എംജിഎമ്മിനെ ഏറ്റെടുത്തതിന് പിന്നാലെ ഫ്രാഞ്ചൈസിയുടെ സൃഷ്ടിപരമായ നിയന്ത്രണം ആമസോൺ എംജിഎം സ്റ്റുഡിയോസിലേക്ക് മാറിയ ശേഷമുള്ള ആദ്യ ബോണ്ട് ചിത്രമായിരിക്കും ഇത്. ദീർഘകാലമായി ബോണ്ട് സിനിമകളുടെ പിന്നിൽ പ്രവർത്തിച്ചിരുന്ന ബാർബറയും മൈക്കൽ ജി. വിൽസണും 2025ൽ ഫ്രാഞ്ചൈസിയുടെ ക്രിയേറ്റീവ് നിയന്ത്രണം കൈമാറിയിരുന്നു. ഏമി പാസ്കലും ഡേവിഡ് ഹെയ്‌മാനുമാണ് ഇപ്പോൾ നിർമാണച്ചുമതല വഹിക്കുന്നത്.
ഡ്യൂൺ, അറൈവൽ, ബ്ലേഡ് റണ്ണർ 2049 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡെനിസ് വില്ലെന്യൂവാണ് പുതിയ ബോണ്ട് ചിത്രം സംവിധാനം ചെയ്യുന്നത്. പീക്കി ബ്ലൈൻഡേഴ്‌സ് സൃഷ്ടിച്ച സ്റ്റീവൻ നൈറ്റാണ് തിരക്കഥ ഒരുക്കുന്നത്. ഡാനിയൽ ക്രെയ്ഗിന്റെ അവസാന ബോണ്ട് ചിത്രമായ നോ ടൈം ടു ഡൈ (2021)ക്ക് ശേഷമാണ് പുതിയ ചിത്രം എത്തുന്നത്. 2006ൽ പുറത്തിറങ്ങിയ കാസിനോ റോയൽ മുതൽ അഞ്ച് ചിത്രങ്ങളിൽ ക്രെയ്ഗ് 007 ആയി വേഷമിട്ടു.
007 ആയുള്ള പാറ്റിൻസന്റെ ആദ്യ വരവിനായി കാത്തിരിക്കുകയാണ് സിനിമാലോകം. ലോകസിനിമയിലെ ഏറ്റവും പ്രശസ്തനായ ചാരകഥാപാത്രത്തിന് പുതിയൊരു മുഖവും ഭാവവും നൽകാനാണ് ഫ്രാഞ്ചൈസിയുടെ ശ്രമം.