legend-death-hollywood

TOPICS COVERED

ബ്രിട്ടീഷ് നടന്‍ പാട്രിക് സ്റ്റുവര്‍ട്ട് അന്തരിച്ചു. സ്റ്റാര്‍ ട്രെക്കിലെ ക്യാപ്റ്റന്‍ പിക്കാഡ്, X മെന്‍ സിനിമയിലെ പ്രഫസര്‍ ചാള്‍സ് സേവ്യര്‍ എന്നീ കഥാപാത്രങ്ങളെ അനശ്വരനാക്കിയ നടനാണ്. 86ാം വയസില്‍ ലൊസാഞ്ചലസിലായിരുന്നു അന്ത്യം. മറവിരോഗം ബാധിച്ച് ചികില്‍സയിലായിരുന്നു. ഡിസംബറില്‍ റീലീസിനൊരുങ്ങുന്ന അവഞ്ചേഴ്സ് ഡൂംസ്ഡേയാണ് അവസാനമായി അഭിനയിച്ച ചിത്രം. 1940 ജൂലൈ 13ന് ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക്ക്ഷയറിലെ മിർഫീൽഡിലായിരുന്നു പാട്രിക് സ്റ്റുവർട്ടിന്റെ ജനനം. മൂന്ന് ആൺമക്കളിൽ ഏറ്റവും ഇളയവനായിരുന്നു പാട്രിക്. ബാല്യത്തിലെ ഏറ്റവും വലിയ ദുരിതം സാമ്പത്തിക പരാധീനതകളായിരുന്നില്ല. പിതാവിന്റെ മദ്യപാനവും ഗാർഹിക പീഡനവുമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ പിതാവിന്റെ മദ്യപാനവും അക്രമസ്വഭാവവും കുടുംബത്തിന്റെ സമാധാനം തകർത്തു. അമ്മയ്ക്കുനേരെയുള്ള പിതാവിന്റെ ശാരീരിക അതിക്രമങ്ങൾക്ക് പലപ്പോഴും പാട്രിക്കും സഹോദരന്മാരും സാക്ഷികളായി. ചിലപ്പോഴൊക്കെ അമ്മയെ സംരക്ഷിക്കാൻ ഇടപെടേണ്ടിവന്നിട്ടുണ്ട് പാട്രിക്കിന്. കുട്ടിക്കാലത്ത് ഇത് പാട്രിക്കില്‍ സൃഷ്ടിച്ച ഭയവും നിസ്സഹായതയും ജീവിതകാലം മുഴുവൻ പിന്തുടർന്നു.

ജീവിതം മാറ്റിമറിച്ച അധ്യാപകൻ

പാട്രിക് സ്റ്റുവർട്ടിന്റെ ജീവിതത്തിലെ നിർണായക വഴിത്തിരിവുണ്ടായത് അധ്യാപകനായ സെസിൽ ഡോർമണ്ട് അദ്ദേഹത്തിലെ അഭിനയശേഷി തിരിച്ചറിഞ്ഞതോടെയാണ്. വില്യം ഷേക്സ്പിയറിന്റെ നാടകങ്ങളിലേക്ക് അധ്യാപകന്‍ പാട്രിക്കിനെ പരിചയപ്പെടുത്തി. വീട്ടിലെ പേടിപ്പെടുത്തുന്ന സാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ഇടമായി പാട്രിക്കിന് നാടകവേദി. കുടുംബത്തിൽ സിനിമയുമായോ നാടകവുമായോ ബന്ധമുള്ള ആരുമുണ്ടായിരുന്നില്ല. അഭിനയപഠനത്തിന് ആവശ്യമായ സാമ്പത്തിക ശേഷിയും ഉണ്ടായിരുന്നില്ല. എന്നാൽ കഴിവും അധ്യാപകരുടെ പ്രോത്സാഹനവും കരുത്താക്കി. പതിനഞ്ചാം വയസ്സിൽ സ്കൂൾ പഠനം ഉപേക്ഷിച്ച പാട്രിക് രണ്ടുവര്‍ഷത്തിനകം ബ്രിസ്റ്റൾ ഓൾഡ് വിക് തിയേറ്റർ സ്കൂളിൽ പഠിക്കാൻ സ്കോളർഷിപ്പ് നേടിയെടുത്തു. ഹോളിവുഡിന്റെ താരപ്രഭയിലേക്ക് എത്തുന്നതിനുമുമ്പ് ബ്രിട്ടനിലെ ഏറ്റവും മികച്ച നാടക നടന്മാരിലൊരാളായി പാട്രിക് സ്റ്റുവർട്ട് വളർന്നിരുന്നു. 14 വർഷത്തോളം റോയൽ ഷേക്സ്പിയർ കമ്പനിയുടെ ഭാഗമായി ഷേക്സ്പിയര്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. 

47ാം വയസില്‍ തേടിയെത്തിയ അവസരം

അങ്ങനെയിരിക്കെ 1987ൽ, 47ാം വയസിലാണ് ജീവിതം മാറ്റിമറിച്ച ഒരു അവസരം പാട്രിക്കിനെ തേടിയെത്തുന്നത്. സ്റ്റാർ ട്രെക്ക്: ദ നെക്സ്റ്റ് ജനറേഷൻ' എന്ന ടെലിവിഷൻ പരമ്പരയിൽ ക്യാപ്റ്റൻ ജീൻ ലൂക് പിക്കാഡായി വേഷമിടാന്‍ അവസരം. ക്ലാസിക്കൽ നാടകവേദിയിൽ പരിശീലനം നേടിയ ഒരു ബ്രിട്ടീഷ് നടൻ അമേരിക്കൻ സയൻസ് ഫിക്ഷൻ പരമ്പരയില്‍ നായകനാകുന്നത് എത്രത്തോളം വിജയിക്കുമെന്ന കാര്യത്തിലും ആശങ്കകളുണ്ടായിരുന്നു. 1987 മുതൽ 1994 വരെ ഏഴ് സീസണുകളിലായി സംപ്രേഷണം ചെയ്ത പരമ്പരയിൽ 176 എപ്പിസോഡുകളില്‍ ക്യാപ്റ്റൻ  പിക്കാഡായി വേഷമിട്ടു. യുദ്ധത്തേക്കാൾ നയതന്ത്രത്തിനും വികാരത്തേക്കാൾ യുക്തിക്കും മുൻഗണന നൽകുന്ന, പ്രതിസന്ധികളിൽ ശാന്തത കൈവിടാത്ത നേതാവിനെ പാട്രിക് അനശ്വരനാക്കി. ക്യാപ്റ്റൻ പിക്കാർഡ് പാട്രിക് സ്റ്റുവർട്ടിനെ ലോകമെമ്പാടും പ്രശസ്തനാക്കി. പിന്നീട് നാല് സ്റ്റാർ ട്രെക്ക് സിനിമകളിലും 'സ്റ്റാർ ട്രെക്ക്: പിക്കാർഡ്' എന്ന പരമ്പരയിലും അദ്ദേഹം ഈ കഥാപാത്രമായി തിരിച്ചെത്തി. 

ക്യാപ്റ്റൻ പിക്കാഡിൽനിന്ന് പ്രൊഫസർ എക്സിലേക്ക്

സ്റ്റാർ ട്രെക്കിലൂടെ ആരാധകരുടെ മനസ്സിൽ ഇടം നേടിയ പാട്രിക്കിനെ തേടി അടുത്ത വലിയ അവസരമെത്തിയത് 2000ലാണ്. ബ്രയാൻ സിംഗർ സംവിധാനം ചെയ്ത 'എക്സ്-മെൻ' സിനിമയിൽ പ്രൊഫസർ ചാൾസ് സേവ്യറായി. മനുഷ്യരും മ്യൂട്ടന്റും തമ്മില്‍ സമാധാനപരമായ സഹവർത്തിത്വം സ്വപ്നം കാണുന്ന കഥാപാത്രമായിരുന്നു പ്രൊഫസർ എക്സ്. ഇതോടെ രണ്ട് വ്യത്യസ്ത ഫ്രാഞ്ചൈസികളിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളുടെ മുഖമായി പാട്രിക് മാറി. ഡിസംബര്‍ 17ന് ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന അവഞ്ചേഴ്സ് ഡൂംസ്ഡേയില്‍ അവസാനമായി പ്രഫസര്‍ എക്സ് ആയി പാട്രിക്കിനെ കാണാം. 

ജൂലൈയില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ അഭിനയത്തോടുള്ള ഇഷ്ടത്തെക്കുറിച്ച് പാട്രിക് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ; ‘ഔദ്യോഗികമായി അഭിനയത്തില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും എനിക്കാവില്ല. എന്നും എക്കാലവും ഞാനൊരു നടനായിരിക്കും’

ENGLISH SUMMARY:

Patrick Stewart passed away at the age of 86, leaving behind a legendary legacy in Hollywood science fiction and classic theater. The iconic Star Trek and X-Men actor will be deeply remembered for his unforgettable roles as Captain Picard and Professor Charles Xavier.