amitabh-bachan

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചനോട്  വിശ്രമത്തില്‍ പോകാന്‍ നിർദ്ദേശിച്ച് ഡോക്ടര്‍മാര്‍. പഴയതുപോലെ ഇനി തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ സംവദിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ടുതന്നെ തന്നോട് ക്ഷമിക്കണമെന്നും അമിതാഭച്ചന്‍ ആരാധകരോട് ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങളിൽ നിന്ന് ഇടവേള എടുക്കുകയാണെന്നും താരം അറിയിച്ചു.

തനിക്ക് കുറച്ചു ദിവസത്തേക്ക് വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അതുകൊണ്ടാണ് ഇപ്പോൾ എഴുതാനും ആരാധകരുമായി സംസാരിക്കാനും സാധിക്കാത്തതെന്നും അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ പങ്കുവെച്ച പോസ്റ്റിലൂടെ വ്യക്തമാക്കി. വിജയദശമി ആശംസകൾ നേർന്നുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

എണ്‍പത്തിനാലാമത്തെ വയസിലും സിനിമാരംഗത്ത് സജീവമാണ് അമിതാഭ് ബച്ചൻ, രജനീകാന്തിനൊപ്പം വേട്ടൈയ്യൻ എന്ന ചിത്രത്തിലാണ് അവസാനമായി അദ്ദേഹം അഭിനയിച്ചത്. പ്രഭാസ് നായകനായ 'കൽക്കി 2898 എഡി' സിനിമയുടെ രണ്ടാം ഭാഗത്തിലും അദ്ദേഹം വേഷമിടുന്നുണ്ട്. കൂടാതെ 'കോന്‍ ബനേഗ ക്രോര്‍പതി'യുടെ പതിനെട്ടാം സീസണിന്റെ അവതാരകനായും താരം സജീവമായി തുടരുന്നുണ്ട്.

താരത്തിന്റെ പെട്ടെന്നുള്ള ആരോഗ്യപ്രശ്നങ്ങളും വിശ്രമവും ആരാധകരെ ആശങ്കയിലാക്കിയിട്ടുണ്ട്. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകവും ആരാധകരും.

ENGLISH SUMMARY:

Amitabh Bachchan health update reveals that the Bollywood megastar has been advised to take a break by doctors due to declining health. Fans and the film industry are wishing for his speedy recovery as he steps away from social media temporarily.