'ഭൗമ'യിലെ ഈശോ എന്ന പോലീസുകാരൻ, 'ചെവിട്ടോർമ്മ'യിലെ കിടപ്പുരോഗിയായ വർക്കിച്ചൻ എന്ന വയോധികൻ... ഒരു കാലത്ത് വില്ലൻ വേഷങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ദിലീഷ് പോത്തൻ അടുത്തിടെയായി ശ്രദ്ധേയ വേഷങ്ങളിലാണ് ഓരോ സിനിമയിലും എത്തുന്നത്. ഇപ്പോഴിതാ താരത്തിന്‍റെ കരിയറിൽ തന്നെ ഏറെ വ്യത്യസ്തമായ കഥാപാത്രമായി കിടപ്പു രോഗിയായ ഒരു വൃദ്ധന്‍റെ വേഷത്തിൽ ദിലീഷ് പോത്തൻ എത്തുന്ന 'ചെവിട്ടോർമ്മ' ഐഎഫ്എഫ്കെയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്. അതോടൊപ്പം ദിലീഷ് പോത്തൻ കേന്ദ്ര കഥാപാത്രമായെത്തിയ ഭൗമ എന്ന സിനിമയിലെ ഈശോ എന്ന കഥാപാത്രത്തിന്‍റെ പ്രകടനവും തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. റെജിൻ എസ്. ബാബുവാണ് ഭൗമ സംവിധാനം ചെയ്തിരിക്കുന്നത്.
ഭൗമയിലെ ക്ലൈമാക്സ് രംഗങ്ങളിലുള്‍പ്പെടെ ഈശോ എന്ന കഥാപാത്രമായി ദിലീഷ് പോത്തൻ ജീവിക്കുകയായിരുന്നു. ഗോഥിക് ഹൊറർ ത്രില്ലറായി എത്തിയിരിക്കുന്ന ചിത്രത്തിൽ ദിലീഷ് പോത്തന്‍റെ അഭിനയമികവ് എടുത്തുപറയേണ്ടതാണ്. മിസ്റ്ററി ത്രില്ലറായെത്തിയ ചിത്രത്തിൽ ചില പ്രധാന രഹസ്യങ്ങളുടെ ചുരുളഴിയുന്നത് ദിലീഷ് പോത്തന്‍റെ കഥാപാത്രത്തിലൂടെയാണ്.
മികച്ച സംവിധായകൻ മാത്രമല്ല മികവുള്ള നടൻ കൂടിയാണെന്ന് തെളിയിക്കുകയാണ് സമീപകാല ചിത്രങ്ങളിലൂടെ ദിലീഷ് പോത്തൻ. സംവിധായകൻ, നിർമ്മാതാവ്, നടൻ എന്നീ വിവിധ തലങ്ങളിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരം 'ചെവിട്ടോർമ്മ'യിലും ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലാണ് എത്തുന്നത്. ബുസാൻ ഫിലിം ഫെസ്റ്റിവലിൽ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം നേരത്തെ തന്നെ വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു. എഴുത്തുകാരനും സംവിധായകനുമായ ലിയോ തദ്ദേവൂസ് ഒരുക്കിയിരിക്കുന്ന 'ചെവിട്ടോർമ്മ' ബുസാനിൽ വിൻഡോ റ്റു ഏഷ്യൻ സിനിമ എന്ന വിഭാഗത്തിലാണ് പ്രദർശിപ്പിച്ചത്.
ജീവിതത്തിന്‍റെ അവസാന നിമിഷങ്ങളിൽ മരണകിടക്കയിൽ കിടക്കുന്നവർക്ക് ഈശോ മറിയം യൗസേപ്പേ എന്ന അന്ത്യപ്രാർഥനകൾ ചൊല്ലി അവരെ എല്ലാ കെട്ടുപാടുകളിൽനിന്നും വിടുവിച്ച് ഒരു സമാധാന മരണത്തിന് സഹായിക്കുന്ന ത്രേസ്യയും പ്രമാണിയായ പായമ്മൽ വർക്കിച്ചനും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ചെവിട്ടോർമ്മയുടെ ഇതിവൃത്തം. പൗളി വത്സനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഓസ്ട്രേലിയൻ കമ്പനിയായ സ്റ്റോപ്പ് വിഞ്ചിങ് ഫിലിംസ്, ലവ്ലി ഫ്രെയിംസ്, അൺകോംബ്ഡ് ബുദ്ധ, എസ് ഫോർ സിനിമാസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസറും സ്ക്രിപ്റ്റ് എഡിറ്ററുമായ സ്റ്റീഫൻ സക്കറിയാസിന്‍റെ നേതൃത്വത്തിൽ ലോകൻ രവി, ജേക്കബ് സക്കറിയാസ്, ആദിത്യ ഗ്രോവർ, ഹർഷ് അഗർവാൾ, സാജൻ ബാലൻ എന്നിവരാണ് ചിത്രത്തിന്‍റെ നിർമാണം. ആറ്റസ് ഫിലിംസിന്‍റെ ബാനറിൽ ബസം കാദിയാർ ആണ് ദിലീഷ് പോത്തൻ കേന്ദ്ര കഥാപാത്രമായെത്തിയ 'ഭൗമ' നിർമ്മിച്ചിരിക്കുന്നത്.