rimi-tomy

TOPICS COVERED

വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് ഗായിക റിമി ടോമി. തൂവെള്ള ഗൗണും മന്ത്രകോടി സാരിയും ധരിച്ച് പങ്കാളി ലിബിൻ മാത്യുവിനോടൊപ്പമുള്ള ഫോട്ടോകളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തയ്. ചിത്രങ്ങള്‍ക്ക് താഴെ നിരവധിപേരാണ് ആശംസയുമായി എത്തുന്നത്. 

ഫോട്ടോയ്ക്ക് ഒപ്പം ഹൃദ്യമായ കുറിപ്പ് ലിബിന്‍ പങ്കുവച്ചിട്ടുണ്ട്. ഒമ്പത് മാസം മുമ്പാണ് ഇരുവരും കണ്ടുമുട്ടിയതെന്നും അന്ന് ജീവിതത്തിലെ മനോഹരമായ അധ്യായങ്ങളിലൊന്നായി അത് മാറുമെന്ന് അറിഞ്ഞില്ലെന്നും ലിബിന്‍ പറയുന്നു. സ്നേഹവും വിശ്വാസവും ഉള്ള സൗഹൃദത്തോടെ തുടങ്ങിയ യാത്ര ഇന്നലെ വലിയൊരു വാഗ്ദാനത്തിൽ എത്തിച്ചേർന്നെന്നും ഇരുവരും ജീവിതപങ്കാളികളായി മാറിയെന്നും ലിബിന്‍ കുറിച്ചു. 

താന്‍ സ്നേഹം കണ്ടെത്തിയതിനെ മാത്രമല്ല മറിച്ച് തന്‍റെ എന്നെന്നേക്കുമുള്ള ആളെ കണ്ടെത്തിയതുകൊണ്ടുമാണ് വിവാഹദിവസം ആഘോഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരുമിച്ച് വളരാനും, പ്രതിസന്ധികളിൽ പരസ്പരം താങ്ങായി നിൽക്കാനും ഓര്‍മകള്‍ സൃഷ്ടിക്കാനും ഒരു ജീവിതകാലം മുഴുവന്‍ തങ്ങള്‍ക്ക് മുന്നിലുണ്ടെന്നും സന്തോഷത്തിൽ പങ്കുചേർന്ന എല്ലാവര്‍ക്കും നന്ദിയെന്നും ലിബിന്‍ മാത്യു പറഞ്ഞു. 

ഇന്നലെ മുംബൈയിലെ ഡോംബിവല്ലിയിലുള്ള പള്ളിയിൽവച്ചായിരുന്നു റിമിയുടേയും ലിബിന്‍റേയും വിവാഹച്ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു വിവാഹം. തൂവെള്ള നിറത്തിലുള്ള ഗൗണിലായിരുന്നു റിമി എത്തിയത്. നീല സ്യൂട്ടായിരുന്നു വരൻ ലിബിന്റെ വേഷം. അടുത്തിടെയാണ് വിവാഹിതയാകാൻ പോകുന്ന വിവരം റിമി ആരാധകരുമായി പങ്കുവച്ചത്. റിമിയുടെ യൂട്യൂബ് ചാനലിലൂടെയായിരുന്നു വിവരം പങ്കുവച്ചതും ഒപ്പം അനാവശ്യവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും തന്‍റെ യൂട്യൂബ് ചാനലിലൂടെ പറയുന്ന കാര്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കണമെന്നും താരം ഓര്‍മിപ്പിച്ചിരുന്നു. വിവാഹ വാര്‍ത്ത പങ്കുവെച്ചതിന് പിന്നാലെ നിരവധി ആരാധകരാണ് റിമിക്ക് ആശംസകളുമായി എത്തിയത്. കൂടാതെ പുതിയൊരു ജീവിതത്തിലേയ്ക്കുള്ള യാത്രയില്‍ താനും വളരെ ആകാംക്ഷയിലാണെന്ന് റിമി പറഞ്ഞിരുന്നു.

ENGLISH SUMMARY:

Popular playback singer Rimi Tomy has shared official photographs from her intimate wedding with Libin Mathew on Instagram. The private ceremony took place at a church in Dombivli, Mumbai, attended solely by close family members and friends, where Rimi stunned in a pure white gown and traditional Mantrakodi saree alongside Libin in a blue suit. Accompanying the photos, Libin penned a heartfelt note reflecting on their journey from meeting nine months ago to becoming lifelong partners built on love and trust. Fans and well-wishers have flooded social media with congratulatory messages following the singer's earlier announcement of the wedding on her YouTube channel.