തമിഴ്‌നാട്ടിലെ കൊങ്കുനാടിന്റെ ചരിത്രം ഉൾക്കൊണ്ട് കലൈജ്ഞർ കരുണാനിധി എഴുതിയ  ഇതിഹാസ നോവൽ പൊന്നാർ ശങ്കർ സിനിമയാക്കാൻ ത്യാഗരാജൻ തീരുമാനിച്ചപ്പോൾ, ക്യാമറയ്ക്ക് പിന്നിൽ ദൃശ്യവിസ്മയം തീർക്കാനുള്ള നിയോഗം ഷാജി കുമാറിനായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ കരുണാനിധി എഴുതിയ തിരക്കഥയ്ക്ക് ആദ്യമായും അവസാനമായും ഛായാഗ്രഹണം നിർവഹിച്ച മലയാളിയെന്ന അപൂർവ നേട്ടം ഷാജി കുമാറിലേക്കെത്തിയതും ആ ദൃശ്യങ്ങള്‍ കണ്ട് കരുണാനിധി അത്ഭുതപ്പെട്ടതും ചരിത്രം. 

2009 ല്‍ സിനിമാപുരസ്കാര ചടങ്ങിലായിരുന്നു ത്യാഗരാജന്റേയും ഷാജി കുമാറിന്റെയും ആദ്യ കൂടിക്കാഴ്ച.  സംസാരിച്ചത് മുഴുവന്‍ ‘ന്യൂഡല്‍ഹി’ എന്ന സിനിമയെകുറിച്ചും വിഷ്ണു എന്ന ത്യാഗരാജന്റെ കഥാപാത്രത്തെ കുറിച്ചും മാത്രം. പക്ഷേ ചടങ്ങ് അവസാനിച്ചപ്പോഴേക്കും ഇരുവരും തമ്മില്‍ ഒരു സൗഹൃദം രൂപപ്പെട്ടിരുന്നു. ആ സൗഹൃദമാണ് തമിഴ് സിനിമയിലേക്ക് ഷാജി കുമാറിന് വഴി തുറന്നത്. 

ത്യാഗരാജന്‍ സംവിധാനം ചെയ്ത  മമ്പട്ടിയാന്‍ എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കാനാണ് ആദ്യ ക്ഷണമെത്തിയത്. തുടര്‍ന്ന് ‘പൊന്നാര്‍ ശങ്കറിലേക്കും’ വിളി എത്തി. തമിഴ് സാംസ്കാരവും പൈതൃകവും ഒത്തുചേരുന്ന കോട്ടകളും ക്ഷേത്രങ്ങളും പുരാതന ടൗൺഷിപ്പുകൾ അടക്കം വൻ ക്യാൻവാസ് ഭാവനയില്‍ കണ്ട് കലൈജ്ഞർ എഴുതിയ തിരക്കഥയ്ക്ക് ദൃശ്യഭാഷ ഒരുക്കുകയെന്നത്  ചെറിയ വെല്ലുവിളിയായിരുന്നില്ല. പക്ഷേ ഷൂട്ടിങ് സെറ്റ് ഇടയ്ക്കിടയ്ക്ക് സന്ദര്‍ശിച്ച കരുണാനിധി ഫൂട്ടേജ് (ചിത്രീകരിച്ച ദൃശ്യങ്ങള്‍) കണ്ട് അമ്പരന്നു, ഷാജി കുമാറിനെ പലകുറി അഭിനന്ദിച്ചു. ചിത്രത്തിന്റെ പ്രിവ്യൂ കണ്ട ഇളയരാജ  മഹാപ്രതിഭയെന്ന് വാഴ്ത്തി. ചിത്രം ബോക്സ് ഓഫിസിൽ പരാജയമായിരുന്നെങ്കിലും ഷാജി കുമാറിന്റെ ദൃശ്യഭാഷ ശ്രദ്ധിക്കപ്പെട്ടു.

വിഎഫ്എക്സ് ഒന്നും ഇല്ലാതെ ആയിരത്തിലേറെ കലാകാരന്‍മാരെ അനായാസം ഷൂട്ട് ചെയ്ത  ചിത്രമായിരുന്നു ‘പൊന്നാര്‍ ശങ്കര്‍’ എന്ന് സംവിധായകനും എഡിറ്ററുമായ  ഡോണ്‍ മാക്സും ഓര്‍ത്തെടുക്കുന്നു. ‘‘പുലിമുരുകനിലോ നരനിലോ ഒന്നും നമ്മള്‍ കണ്ട വര്‍ക്ക് ആയിരുന്നില്ല ആ ചിത്രത്തിലേത്. ഓരോ സീനും 500 ലേറെ പേരെ ചിത്രീകരിക്കുക അത്ര എളുപ്പമായിരുന്നില്ല. ഗംഭീരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല’’.   

സ്ലോമോഷന്‍ ചെയ്യുന്ന വൈസ് ക്യാം ആദ്യമായി ഉപയോഗിച്ച ചിത്രം കൂടിയായിരുന്നു ‘പൊന്നാര്‍ ശങ്കര്‍’ . കാലവും സാങ്കേതികവിദ്യയും മാറുന്നതിന് അനുസരിച്ച് സ്വയം അപ്ഡേറ്റ് ചെയ്ത് പ്രതിഭയുടെ മാറ്റ് കൂട്ടാന്‍ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. സെറ്റിലെ അച്ചടക്കമാണ് മറ്റൊരു പ്രത്യേകതയെന്ന് ത്യാഗരാജന്‍ തന്നെ പലപ്പോഴും പറഞ്ഞതായും ഡോണ്‍ മാക്സ് മനോരമ ന്യൂസിനോട് പറഞ്ഞു. ‘‘വരാനിരിക്കുന്ന മൂന്ന് ചിത്രങ്ങളിലും നമ്മള്‍ ഇതുവരെ കാണാത്ത ഷാജി കുമാര്‍ ഫ്രെയിംസ് ഉണ്ടാകുമെന്ന് ഉറപ്പാണ്" .   

ത്യാഗരാജനും മകന്‍ പ്രശാന്തുമായി  മികച്ച ആത്മബന്ധം സൂക്ഷിച്ച ഷാജി കുമാറിനെ തേടി  തമിഴില്‍ നിന്ന് പിന്നീട് നിരവധി അവസരങ്ങള്‍ തേടിയെത്തിയെങ്കിലും മലയാളത്തിലെ വമ്പന്‍ ചിത്രങ്ങള്‍ ഒരുക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ തിരക്കഥയ്ക്ക് ഛായഗ്രഹണം നിര്‍വഹിച്ച മലയാളിയെന്ന ചരിത്രത്തിനൊപ്പം തന്നെ അധികാരത്തിലിരിക്കുന്ന കേന്ദ്രമന്ത്രിയുടെ ആദ്യ സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച ഛായഗ്രാഹകന്‍ എന്ന നേട്ടവും സ്വന്തമാക്കിയാണ് ഷാജി കുമാറിന്റെ മടക്കം.  കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിച്ച ഒറ്റക്കൊമ്പനാണ് ഷാജി കുമാര്‍ അവസാനമായി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രം.

ENGLISH SUMMARY:

Renowned cinematographer Shaji Kumar achieved a rare distinction by filming 'Ponnar Shankar', an epic feature written by former Tamil Nadu Chief Minister M. Karunanidhi. Director Thiagarajan brought Shaji Kumar on board after their initial meeting at an award show, leading him to visual design for both 'Mambattiyan' and 'Ponnar Shankar'.