bachelor-party

അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബാച്ച്‌ലർ പാർട്ടി Deux’ന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ആക്ഷൻ രംഗങ്ങളാല്‍ സമ്പന്നമായ ട്രെയിലർ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ആദ്യ ഭാഗത്തിലേതുപോലെ ഗ്യാങ് വാറും അധോലോക ജീവിതവുമാണ് രണ്ടാം ഭാഗത്തിന്റെയും പ്രമേയമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

ടൊവിനോ തോമസ്, നസ്‌ലിൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു, ഷൈൻ ടോം ചാക്കോ, നദിയ മൊയ്തു, രജിഷ വിജയൻ, ജ്യോതിർമയി, ഹൻസിക, പാരിസ് ലക്ഷ്മി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

എന്നാൽ ട്രെയിലർ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് ആദ്യ ഭാഗമായ ‘ബാച്ച്‌ലർ പാർട്ടി’യാണ്. റിലീസ് സമയത്ത് തിയറ്ററുകളിൽ വലിയ വിജയം നേടാൻ കഴിയാതിരുന്ന ചിത്രം പിന്നീട് ടെലിവിഷനിലൂടെ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയിരുന്നു. ചിത്രത്തിലെ ബ്ലാക്ക് ഹ്യൂമറും ഗ്യാങ്സ്റ്റർ പശ്ചാത്തലവും കഥാപാത്രങ്ങളും സംഭാഷണങ്ങളുമെല്ലാം യുവാക്കൾക്കിടയിൽ തരംഗമായി. കാലത്തിന് മുൻപേ എത്തിയ സിനിമയെന്ന വിശേഷണവും ചിത്രത്തിന് ലഭിച്ചു. പിന്നീട് ഒരു കൾട്ട് പദവിയിലേക്കും ‘ബാച്ച്‌ലർ പാർട്ടി’ വളർന്നു.

ആദ്യ ഭാഗത്തിലെ ഇന്ദ്രജിത്ത്, ആസിഫ് അലി, കലാഭവൻ മണി, റഹ്മാൻ, വിനായകൻ തുടങ്ങിയവരുടെ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്. ഈ ഒറിജിനൽ ഗ്യാങിനൊപ്പം നിൽക്കാൻ രണ്ടാം ഭാഗത്തിലെ താരനിരയ്ക്ക് കഴിയുമോ എന്നാണ് സമൂഹമാധ്യമങ്ങളിലെ ഒരു വിഭാഗത്തിന്റെ ചോദ്യം. ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളുടെ പ്രകടനവും സിനിമയുടെ മൊത്തത്തിലുള്ള മൂഡും രണ്ടാം ഭാഗത്തിൽ ആവർത്തിക്കാനാകുമോ എന്ന സംശയവും ഇവർ പങ്കുവയ്ക്കുന്നു. ആദ്യ ഭാഗത്തിന്റെ അതേ നിലവാരം രണ്ടാം ഭാഗത്തിന് ഉണ്ടാകില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.

അതേസമയം, ട്രെയിലർ മാത്രം കണ്ട് സിനിമയെയും അഭിനേതാക്കളെയും വിലയിരുത്തുന്നത് ശരിയല്ലെന്നാണ് മറുവിഭാഗത്തിന്റെ നിലപാട്. 'ഞങ്ങളുടെ കാലത്ത് ഇറങ്ങിയത് മികച്ചത്, പുതുതായി വരുന്നത് മോശം' എന്ന മുൻവിധി അമ്മാവൻ സിന്‍ഡ്രോമാണെന്നും ഇവർ പരിഹസിക്കുന്നു. സിനിമ റിലീസ് ചെയ്തശേഷം വിലയിരുത്തിയാൽ പോരേയെന്നും ഇവർ ചോദിക്കുന്നു.

നവംബർ 19നാണ് ‘ബാച്ച്‌ലർ പാർട്ടി Deux’ന്റെ ആഗോള റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തിന്റെ കൾട്ട് പദവിക്കൊപ്പം നിൽക്കാൻ രണ്ടാം ഭാഗത്തിന് കഴിയുമോ എന്നറിയാൻ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.

ENGLISH SUMMARY:

The trailer for Amal Neerad's upcoming action thriller 'Bachelor Party Deux' was released recently, featuring an ensemble cast including Tovino Thomas, Naslen, Soubin Shahir, and Jyothirmayi. Following the trailer drop, social media has erupted into intense debates comparing the new cast with the original 2012 cult classic 'Bachelor Party'. While a section of film enthusiasts doubts whether the new squad can match the iconic impact of the original gang comprising Asif Ali, Indrajith, Kalabhavan Mani, Rahman, and Vinayakan, defenders call out pre-release criticism as nostalgic prejudice. The film is scheduled for a grand worldwide release on November 19, 2026.